തിരയുക

ഗാസ നഗരത്തിൽ  ഇസ്രായേൽ നടത്തിയ വ്യോമാക്രമണം. ഗാസ നഗരത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം.  (ANSA)

ഗാസ നിരാശാജനകമായ അവസ്ഥയിൽ

യുണിസെഫ്, യുഎൻഡിപി, യുഎൻഎഫ്പിഎ, ഡബ്ല്യുഎഫ്പി, ലോകാരോഗ്യ സംഘടന മുതലായ സംഘടനകൾ ഒക്ടോബർ 22ആം തിയതി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഗാസയിലെ ഗുരുതരമായ മാനവിക സ്ഥിതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഐക്യരാഷ്ട്രസഭയിൽ നിന്നും ഈജിപ്ഷ്യൻ റെഡ് ക്രസന്റിൽ നിന്നുമുള്ള പരിമിതമായ സഹായങ്ങൾ മാത്രമാണ് റാഫ ക്രോസിംഗിലൂടെ ഗാസയിൽ പ്രവേശനം അനുവദിച്ചത്. വെള്ളം, ഭക്ഷണം, മരുന്ന്, അവശ്യവസ്തുക്കൾ എന്നിവയിൽ നിന്ന് വിച്ഛേദിക്കപ്പെട്ട ലക്ഷക്കണക്കിന് സാധാരണക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും ഈ സഹായം ആശ്വാസം കുറച്ച് നൽകിയേക്കും. എന്നിരുന്നാലും, ഇത് ഒരു ചെറിയ തുടക്കം മാത്രമാണ്, ആവശ്യത്തിന് തികയാൻ വേണ്ടുമില്ല എന്നും പ്രസ്താവന വ്യക്തമാക്കി.

ഗാസയിലെ 1.6 ദശലക്ഷത്തിലധികം ആളുകൾക്ക് മാനുഷിക സഹായം അടിയന്തിരമായി ആവശ്യമാണ്. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവരാണ് ഏറ്റവും ദുർബലർ. ജനസംഖ്യയുടെ പകുതിയോളം പ്രായപൂർത്തിയാകാത്തവരാണ്. രണ്ടാഴ്ചയോളം നീണ്ടുനിന്ന തുടർച്ചയായ ബോംബാക്രമണങ്ങൾക്ക് ശേഷം, ഗാസയിലെ അഭയകേന്ദ്രങ്ങൾ, ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ, വെള്ളം, ശുചിത്വം, ഇലക്ട്രിക്കൽ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ നിരവധി അടിസ്ഥാന പൗരസംവിധാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.

രോഗങ്ങളും ആരോഗ്യ പരിപാലന ശേഷിയുടെ അഭാവവും മൂലം മരണനിരക്ക് ഉയരുന്നതിന് സമയം അതിക്രമിക്കുകയാണ്. ആശുപത്രികൾ പരിക്കേറ്റ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു, സാധാരണക്കാർക്ക് അവശ്യ ഭക്ഷ്യവസ്തുക്കൾ ദൗർലഭ്യമാകുന്നു. ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾക്ക്  ആവശ്യത്തിന് ഇന്ധനമില്ലാതാകുന്നു. വരും ദിവസങ്ങളിൽ അവശേഷിക്കുന്നതും തീർന്നുപോകും. ജലോല്പാദന ശേഷി സാധാരണ നിലയുടെ 5% മാത്രമാണ്. മുൻകൂട്ടി കരുതിവച്ച മാനുഷികസഹായ വിതരണ സാമഗ്രികൾ ഇതിനകം തീർന്നു കഴിഞ്ഞു. ഇത് ഏറ്റം ദുർബലരായവരെ അങ്ങേയറ്റം അപകടത്തിലാക്കുന്നു, സുരക്ഷ, ഭക്ഷണം, വെള്ളം, ആരോഗ്യ സംരക്ഷണം എന്നിവയ്ക്കുള്ള അവകാശം നിഷേധിക്കപ്പെടുന്ന കുട്ടികളുടെ മരണനിരക്ക്  ഭയാനകമാണ്.

ഗാസയിലെ സംഘർഷത്തിന് മുമ്പുതന്നെ പലസ്തീനയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്കും  ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിട്ടിരുന്നു. ഇപ്പോൾ, സ്റ്റോറുകളിൽ വിതരണം കുറയുകയും ബേക്കറികൾ അടച്ചുപൂട്ടുകയും ചെയ്തതോടെ പതിനായിരക്കണക്കിന് ആളുകൾക്ക് സുരക്ഷിതമായി ഭക്ഷണം പാചകം ചെയ്യാനോ വാങ്ങാനോ കഴിയുന്നില്ല. മാനുഷിക പ്രവർത്തകർക്ക് ആവശ്യമുള്ളവരിലേക്ക് എത്തിച്ചേരാനും ജീവൻ രക്ഷിക്കാനും കൂടുതൽ മനുഷ്യ ദുരന്തങ്ങൾ തടയാനും അനുവദിക്കുന്നതിന് ഗാസയിലുടനീളം അടിയന്തരവും അനിയന്ത്രിതവുമായ വെടിനിർത്തലും  സഹായങ്ങൾ എത്തിക്കാനുള്ള വഴികളും ആവശ്യമാണെന്നും പ്രസ്താവന അടിവരയിട്ടു.

മാനുഷിക സഹായ പ്രവാഹം വിപുലവും സുസ്ഥിരവുമായിരിക്കണം, എല്ലാ ഗാസക്കാരുടെയും അന്തസ്സ് സംരക്ഷിക്കണം.  അവശ്യ സേവനങ്ങൾ നിലനിർത്തുന്നതിന് വെള്ളം, ഭക്ഷണം, ആരോഗ്യം (ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യം ഉൾപ്പെടെ), ഇന്ധനം എന്നിവ എത്തിക്കാൻ  സുരക്ഷിതവും ശാശ്വതവുമായ പ്രവേശന മാർഗ്ഗം അവർ ആവശ്യപ്പെട്ടു. കൂടാതെ, ഗാസയിലെ എല്ലാ സിവിലിയന്മാരുടെയും ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സിവിലിയ൯ അടിസ്ഥാന സൗകര്യങ്ങളുടെയും സംരക്ഷണത്തിന് ഊന്നൽ നൽകുന്നു.  മറ്റുള്ളവരെ സഹായിക്കാൻ ജീവൻ പണയപ്പെടുത്തുന്ന ഗാസയിലെ മാനുഷിക സഹായ സേവകരെ സംരക്ഷിക്കണമെന്നും ബന്ധപ്പെട്ട എല്ലാ കക്ഷികളും അന്താരാഷ്ട്ര മാനുഷിക നിയമത്തെ അങ്ങേയറ്റം ബഹുമാനിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 October 2023, 14:06