കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ റെക്കോർഡ് വർദ്ധനയുമായി ഡെമോക്രാറ്റിക് കോംഗോ
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
2023-ൽ തുടർച്ചയായി മൂന്നാം വർഷവും കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ റെക്കോർഡ് വർദ്ധനയുമായി ഡെമോക്രാറ്റിക് കോംഗോ അന്താരാഷ്ട്രവാർത്തകളിൽ നിറയുന്നു.കുട്ടികൾക്കെതിരെയുള്ള ഗുരുതരമായ ലംഘനങ്ങളുടെ എണ്ണത്തിൽ 41 ശതമാനം വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.
സായുധ സംഘങ്ങൾ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതും ഉപയോഗിക്കുന്നതും കഴിഞ്ഞ ആറു മാസങ്ങൾക്കുള്ളിൽ 45 ശതമാനം വർധിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വിവരം കുട്ടികളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്ന് യൂണിസെഫ് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആരോപിക്കുന്നു. 2022 ൽ മാത്രം 730 നു മുകളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും, ലൈംഗികമായി ദുരുപയോഗിക്കുകയും ചെയ്തു.
2022 ഒക്ടോബറിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതുമുതൽ, 1.5 ദശലക്ഷം ആളുകൾ കിഴക്കൻ ഡെമോക്രാറ്റിക് കോംഗോയിൽ നിന്നും ജീവനുവേണ്ടി പലായനം ചെയ്യാൻ നിർബന്ധിതരായി. ഇത്തരത്തിൽ നിലവിൽ വന്ന അരക്ഷിതാവസ്ഥയിൽ നിരവധി കുട്ടികൾക്കാണ് പലവിധമായ അക്രമങ്ങൾക്ക് ഇരകളാകേണ്ടി വന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: