തിരയുക

നാഗോർണോ-കാരബാക്ക് ഭാഗത്തുനിന്ന് അഭയാർത്ഥികളായെത്തിയ കുട്ടികൾ നാഗോർണോ-കാരബാക്ക് ഭാഗത്തുനിന്ന് അഭയാർത്ഥികളായെത്തിയ കുട്ടികൾ  (AFP or licensors)

കാരബാക്കിൽനിന്നുള്ള അഭയാർത്ഥികൾക്ക് വിദ്യാഭ്യാസസഹായവുമായി യൂനസ്‌കോ

കാരബാക്ക് പ്രദേശത്തുനിന്ന് രക്ഷതേടി അർമേനിയയിലെത്തിയ അഭയാർത്ഥികൾക്ക് വിദ്യാഭ്യാസ-മാനസികാരോഗ്യസഹായങ്ങൾ എത്തിക്കുമെന്ന് യുനെസ്‌കോ ഉറപ്പുനൽകി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഘർഷങ്ങളിൽനിന്ന് രക്ഷപെട്ട് അർമേനിയയിലേക്ക് അഭയാർത്ഥികളായി എത്തിയ കാരബാക്കിൽനിന്നുള്ള ആളുകൾക്ക് വിദ്യാഭ്യാസ, മാനസികാരോഗ്യസഹായങ്ങൾ എത്തിക്കുമെന്ന് വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയുടെ ഉന്നമനത്തിലൂടെ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന യൂനസ്‌കോ സംഘടന. തങ്ങളുടെ രാജ്യത്തേക്കെത്തിയ അഭയാർത്ഥികൾക്ക് സഹായമെത്തിക്കുവാൻ ഐക്യരാഷ്ട്രസഭയുടെ അർമേനിയ നടത്തിയ അഭ്യർത്ഥനയെത്തുടർന്നാണ് ഈ നീക്കം.

കഴിഞ്ഞ ദിവസങ്ങളിൽ ഏതാണ്ട് ഒരുലക്ഷത്തിലധികം ആളുകളാണ് കാരബാക്ക് പ്രദേശത്തുനിന്ന് അഭയം തേടി അർമേനിയയിലെത്തിയത്. ഇവരിൽ മൂന്നിലൊന്നും കുട്ടികളും ചെറുപ്പക്കാരുമാണ്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം തുടരുവാനും, മാനസികാരോഗ്യസഹായം ഉറപ്പാക്കുവാനും യുനെസ്‌കോ പിന്തുണ നൽകും. ഒക്ടോബർ രണ്ട് തിങ്കളാഴ്ചയാണ് അർമേനിയ യൂനസ്‌കോയുടെ സഹായം ഔദ്യോഗികമായി ആവശ്യപ്പെട്ടത്. ഇതിനോട് യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രെ അസ്സൂലായ് ഉടൻ അനുകൂലപരമായി പ്രതികരിക്കുകയായിരുന്നു.

വരും ദിനങ്ങളിൽ, ദേശീയ അധികാരികളുമായി ചേർന്ന്, വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ തുടർച്ച ഉറപ്പാക്കാൻ വേണ്ടിയുള്ള ഒരു കർമ്മ പദ്ധതി വികസിപ്പിക്കുന്നതിനായി യുനെസ്കോ വിദഗ്‌ധരുടെ ഒരു സംഘത്തെ അർമേനിയയിലേക്കയക്കും.

ഒക്ടോബർ അഞ്ച് വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ഒരു പത്രക്കുറിപ്പിലൂടെ യുനെസ്കോ നൽകിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 October 2023, 15:51