തിരയുക

വർഗ്ഗീയതയ്ക്കെതിരെ വർഗ്ഗീയതയ്ക്കെതിരെ  (ANSA)

വംശീയത ഇന്നും നിലനില്ക്കുന്ന തിന്മ, ആർച്ചുബിഷപ്പ് കാച്ച !

ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ ആർച്ച്ബിഷപ്പ് ഗബ്രിയേലെ കാച്ച വംശീയത, വർഗ്ഗവിവേചനം, പരദേശിയോടുള്ള വിദ്വേഷം അസഹിഷ്ണുത എന്നിവ നിർമ്മാർജ്ജനം ചെയ്യുന്നതിനെ അധികരിച്ച്, ന്യുയോർക്കിൽ ഐക്യരാഷ്ട്രസംഘടനയുടെ സമ്മേളനത്തെ സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വംശീയത ഒരുവൻ അപരനെക്കാൾ ശ്രേഷ്ഠനാണെന്ന തെറ്റായ ധാരണയിൽ അധിഷ്ഠിതമാണെന്ന് ആർച്ച്ബിഷപ്പ് ഗബ്രിയേലെ കാച്ച.

ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം വംശീയത, വർഗ്ഗവിവേചനം, പരദേശിയോടുള്ള വിദ്വേഷം അസഹിഷ്ണുത എന്നിവ നിർമ്മാർജ്ജനം ചെയ്യുന്നതിനെ അധികരിച്ച്, ന്യുയോർക്കിൽ ഐക്യരാഷ്ട്രസംഘടനയുടെ സമ്മേളനത്തിൽ തിങ്കളാഴ്ച (30/10/23) സംസാരിക്കുകയായിരുന്നു.

വർഗ്ഗീയതയുടെയും വിദേശീയവിദ്വേഷത്തിൻറെയും അപലപനീയ പ്രവർത്തികൾ, കുടിയേറ്റക്കാർ, അഭയാർത്ഥികൾ, എന്നിവരോടുകാട്ടുന്ന വിവേചനം എന്നിവ തെറ്റായ ഈ മാനസികാവസ്ഥയുടെ വ്യക്തമായ പ്രകടനമാണെന്ന് ആർച്ചുബിഷപ്പ് കാച്ച പ്രസ്താവിച്ചു.

നിയമപരമായ പുരോഗതിയും ഭേദഗതികളും ഉണ്ടായിട്ടുണ്ടെങ്കിൽത്തന്നെയും വംശീയത ഇപ്പോഴും നിലിനില്ക്കുന്ന ഒരു യാഥാർത്ഥ്യമാണെന്നും ഇത്  ഓരോ മനുഷ്യവ്യക്തിയുടെയും സഹജാന്തസ്സിനു നേരെയുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു.

മാനവകുടുംബത്തിലെ എല്ലാ അംഗങ്ങളും തുല്യ മൗലികാവകാശങ്ങളും കടമകളും ഉള്ളവരാണെന്നും കാരണം, അവർക്കെല്ലാവർക്കുമുള്ളത് ദൈവദത്തമായ ഒരേ അന്തസ്സാണെന്നും ആകയാൽ, സാമ്പത്തിക, സാംസ്കാരിക, നാഗരിക, സാമൂഹിക ജീവിതത്തിലേക്ക് എല്ലാവർക്കും തുല്യ പ്രവേശനം ഉണ്ടായിരിക്കണമെന്നും വ്യക്തമാക്കിയ ആർച്ചുബിഷപ്പ് കാച്ച, നാടിൻറെ സമ്പത്തിൻറെ ന്യായമായ വിതരണത്തിൽ നിന്നുള്ള പ്രയോജനവും എല്ലാവർക്കു നൈയമികമായി തുല്യമായിരിക്കണമെന്ന് ചൂണ്ടിക്കാട്ടി. മതപരമായ അസഹിഷ്ണുത, വിവേചനം, പീഡനം എന്നിവ നിരന്തരം വർദ്ധിച്ചുവരുന്നതിൽ പരിശുദ്ധസിംഹാസനത്തിനുള്ള അതീവ ആശങ്കയും അദ്ദേഹം വെളിപ്പെടുത്തി.

വിശ്വാസത്തിൻറെ പേരിൽ വ്യക്തികളും സമൂഹങ്ങളും സ്വകാര്യതലത്തിലും പൊതുരംഗത്തും നിയന്ത്രണങ്ങളും പീഡനങ്ങളും നേരിടുന്നുണ്ടെന്നും അന്തസ്സോടെ ജീവിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ആവശ്യകതകളിലൊന്നായതിനാൽ, പൗരന്മാരുടെ ഈ അവകാശം സംരക്ഷിക്കാൻ സർക്കാരുകൾക്ക് കടമയുണ്ടെന്നുമുള്ള പരിശുദ്ധസിംഹാസനത്തിൻറെ ബോധ്യവും ആർച്ചുബിഷപ്പ് കാച്ച എടുത്തുകാട്ടി. "അപരത്വ"ത്തോടുള്ള ഭയം, ഐക്യത്തിനായുള്ള ഉപരിപ്ലവമായ അന്വേഷണത്തിൻറെ മറവിൽ എല്ലാ വ്യത്യാസങ്ങളും പാരമ്പര്യങ്ങളും ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു ഏകമാനമായ സാരുപ്യത്തിനായുള്ള അന്വേഷണത്തിലേക്ക് നയിച്ചേക്കാവുന്ന അപകടത്തെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പേകുകയും ചെയ്തു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 October 2023, 12:37