തിരയുക

മലാവിയിൽനിന്നുള്ള ഒരു ചിത്രം മലാവിയിൽനിന്നുള്ള ഒരു ചിത്രം 

മലാവി: പതിനയ്യായിരത്തോളം കുട്ടികൾ തെരുവുകളിൽ ജീവിക്കുന്നു

ദാരിദ്ര്യവും, രോഗങ്ങളും, ശിഥിലകുടുംബങ്ങൾ ഉളവാക്കുന്ന പ്രതിസന്ധികളും മൂലം ആഫ്രിക്കയിലെ മലാവിയിൽ പതിനയ്യായിരത്തോളം കുട്ടികൾ തെരുവുകളിൽ ജീവിക്കാൻ നിർബന്ധിതരാകുന്നുവെന്ന് ഫീദെസ് വാർത്താ ഏജൻസി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

തെക്കുകിഴക്കൻ ആഫ്രിക്കയിലെ മലാവിയിൽ സാമ്പത്തിക, സാമൂഹിക പ്രതിസന്ധികൾ മൂലം പതിനയ്യായിരത്തോളം കുട്ടികൾ തെരുവിൽ ജീവിക്കാൻ നിർബന്ധിതരാകുന്നുവെന്ന് ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. ദാരിദ്ര്യം, കുടുംബത്തകർച്ചകൾ,  എച്ച്ഐവി/എയ്‌ഡ്‌സ്‌ പോലെയുള്ള രോഗാവസ്ഥകൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ മൂലം രാജ്യത്ത് പന്ത്രണ്ട് ലക്ഷത്തോളം കുട്ടികളാണ് അനാഥരായിട്ടുള്ളത്. ഭക്ഷ്യ അരക്ഷിതാവസ്ഥ കൂടുതൽ വഷളാകുന്നതിനാൽ ഈ കണക്കുകൾ വീണ്ടും വർദ്ധിച്ചേക്കുമെന്നാണ് കരുതുന്നത്. ദാരിദ്ര്യം മൂലം സ്കൂൾവിദ്യാഭ്യാസം അവസാനിപ്പിക്കാനും വീടുകളിൽനിന്ന് ഇറങ്ങാനും കുട്ടികൾ നിർബന്ധിതരാകുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കി.

തെരുവുകളിൽ കഴിയുന്ന കുട്ടികൾ, അതിജീവനത്തിനായി ക്രിമിനൽ സംഘങ്ങളിൽ ചേരുകയും ഭിക്ഷാടനം, മോഷണം തുടങ്ങിയ കാര്യങ്ങൾക്കായി നിർബന്ധിതരാകുകയും ചെയ്യുന്നു. ഇത്തരം കെണികളിൽ പെട്ടുപോകുന്ന കുട്ടികൾ വീണ്ടും വീടുകളിലേക്ക് മടങ്ങിയാലും, കുറ്റകൃത്യങ്ങളിലൂടെ ഉപജീവനമാർഗ്ഗങ്ങൾ തേടുന്നത് തുടരുന്നുവെന്ന്, കുട്ടികളുടെ ഉന്നമനത്തിനായി ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന സന്തെജീദിയോ സംഘടന വ്യക്തമാക്കി.

വഴികളിൽ ജീവിക്കേണ്ടിവരുന്ന ആൺ, പെൺ കുട്ടികൾ, ക്രിമിനൽ സംഘങ്ങളിലെ മുതിർന്നവരുടെ ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള വിവിധ ചൂഷണങ്ങൾക്ക് വിധേയരാകുന്നു. മലാവിയിലെ സാധാരണ ജനജീവിതത്തിന് ഭീഷണിയാണ് ഇത്തരത്തിലുള്ള ക്രിമിനൽ സംഘങ്ങൾ മൂലം ഉയരുന്നത്.

തെരുവുകളിൽ കഴിയേണ്ടിവരുന്ന കുട്ടികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും, ഈ ദുരിതത്തിന് അറുതിവരുത്താനുമായി സന്തെജീദിയോ സംഘടനയുടെ നേതൃത്വത്തിൽ മലാവി തലസ്ഥാനമായ ലിലോൻഗ്വേയിൽ "പ്രതീക്ഷയുടെ ഭവനം" എന്ന പേരിൽ ഒരു പുതിയ പദ്ധതി ആരംഭിച്ചതായി ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു. ഈ പുതിയ കേന്ദ്രത്തിന്റെ ഉദ്‌ഘാടനവേളയിൽ നടത്തിയ പ്രഭാഷണത്തിൽ, തെരുവുകളിൽ കഴിയേണ്ടിവരുന്ന കുട്ടികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവിൽ സന്തെജീദിയോ സംഘടനയുടെ മലാവി, മൊസാംബിക്കോ, സാംബിയ, ടാൻസാനിയ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളുടെ സംഘാടക ശ്രീമതി പൗള ജെർമാനോ ആശങ്ക പ്രകടിപ്പിച്ചു. ഇതിന് പരിഹാരമുണ്ടാക്കാൻ സർക്കാർ ശ്രമിക്കണമെന്നും, അതിനായി തങ്ങളുടെപരിശ്രമങ്ങൾ ഉറപ്പുനൽകുന്നുവെന്നും ശ്രീമതി ജെർമാനോ അറിയിച്ചു. തെരുവുകളിൽ കഴിയുന്ന കുറച്ചു കുട്ടികൾക്കെങ്കിലും അടുത്ത അഞ്ചു വർഷങ്ങളിൽ വിദ്യാഭ്യാസം നൽകുകയാണ് സംഘടനയുടെ ലക്‌ഷ്യം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 October 2023, 17:28