തിരയുക

കടൽ കടന്നെത്തിയ ഒരു കുട്ടിയെ തീരത്തേക്കെടുക്കുന്ന പ്രവർത്തകൻ - ഫയൽ ചിത്രം കടൽ കടന്നെത്തിയ ഒരു കുട്ടിയെ തീരത്തേക്കെടുക്കുന്ന പ്രവർത്തകൻ - ഫയൽ ചിത്രം  (ANSA)

ലാമ്പെദൂസ: ഇറ്റലിയിലേക്കുള്ള യാത്രയ്ക്കിടെ അഞ്ചുമാസമുള്ള കുട്ടിക്ക് ദാരുണാന്ത്യം

കുടിയേറ്റശ്രമങ്ങൾക്കിടെയുള്ള മരണത്തിന് അഞ്ചുമാസം പ്രായമുള്ള ഒരു ഇരകൂടി. ലാമ്പെദൂസ തീരത്തിനടുത്ത് അഞ്ചുമാസം മാത്രം പ്രായമുള്ള ഒരു കുട്ടി ബോട്ടിൽനിന്ന് കടലിൽ വീണ് മരിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കുടിയേറ്റശ്രമത്തിനിടെ അഞ്ചുമാസം പ്രായമുള്ള ഒരു കുട്ടി, തെക്കൻ ഇറ്റലിയിലെ ലാമ്പെദൂസ തീരത്തിനടുത്ത് കടലിൽ മുങ്ങി മരിച്ചതായി സേവ് ദി ചിൽഡ്രൻ റിപ്പോർട്ട് ചെയ്‌തു. ലാമ്പെദൂസ തീരത്തെത്തുന്നതിന് തൊട്ടുമുൻപാണ് കുട്ടി കടലിൽ വീണത്. ഈ ദുരന്തങ്ങൾ ഒരു അപകടമായി മാത്രം അവശേഷിക്കാതെ, കുടിയേറ്റക്കാർക്ക് രക്ഷാപ്രവർത്തനമെത്തിക്കുന്നതിന് യൂറോപ്യൻ യൂണിയനിലെ എല്ലാ രാജ്യങ്ങൾക്കുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ബോധവാന്മാരാക്കണമെന്ന്, കഴിഞ്ഞ നൂറ് വർഷങ്ങളായി കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന ഈ സംഘടന ആവശ്യപ്പെട്ടു. മെഡിറ്ററേനിയൻ കടലിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കുടിയേറ്റക്കാർക്ക് അന്താരാഷ്ട്രനിയമങ്ങൾ മാനിച്ചുകൊണ്ട് യൂറോപ്യൻ യൂണിയൻ അംഗങ്ങളായ എല്ലാ രാജ്യങ്ങളും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തണമെന്നും സംഘടന ആഹ്വാനം ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫിനൊപ്പം പ്രവർത്തിക്കുന്ന സേവ് ദി ചിൽഡ്രൻ, ലാമ്പെദൂസ പ്രദേശത്ത് ഏതാണ്ട് ഏഴായിരത്തോളം കുടിയേറ്റക്കാരുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്‌തു. ഈ വർഷം മാത്രം കുട്ടികളും ചെറുപ്പക്കാരുമായി മാത്രം 11,600-ലധികം പേരാണ് മാതാപിതാക്കളുടെ സാന്നിദ്ധ്യമില്ലാതെ തെക്കൻ ഇറ്റലിയിലൂടെ കുടിയേറ്റം നടത്തിയിരിക്കുന്നത്. ഇറ്റലിയിലേക്കുള്ള കുടിയേറ്റക്കാരിൽ ഏതാണ്ട് പത്തുശതമാനത്തോളം കുട്ടികളാണ്. ഈ കുട്ടികൾക്ക് സംരക്ഷണം നൽകുന്ന കാര്യത്തിലും യൂറോപ്യൻ യൂണിയന് പ്രതിബദ്ധത ഉണ്ടാകണമെന്ന് സംഘടന ഓർമ്മിപ്പിച്ചു. ഈ കുട്ടികൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സേവ് ദി ചിൽഡ്രന്റെ ഇറ്റാലിയൻ പദ്ധതികളുടെ ഡയറക്ടർ റഫായേല മിലാനോ ആവശ്യപ്പെട്ടു.

യുദ്ധങ്ങൾ, സംഘർഷങ്ങൾ, കടുത്ത ദാരിദ്ര്യം തുടങ്ങിയ കാരണങ്ങളാൽ സ്വരാജ്യങ്ങളിൽനിന്ന് പലായനം ചെയ്തെത്തുന്ന ആളുകളെ സംരക്ഷിക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടത് യൂറോപ്പിന്റെ കടമയാണെന്ന് സേവ് ദി ചിൽഡ്രൻ സെപ്റ്റംബർ 13-ന് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു. പ്രായപൂർത്തിയാകാത്തവരെ സ്വീകരിക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങൾ വിപുലീകരിക്കണമെന്നും റഫായേല മിലാനോ ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 September 2023, 15:47