തിരയുക

വിജ്ഞാന ദിനാചരണത്തോടനുബന്ധിച്ച് മറിയുപോളിൽ പുതിയ സ്കൂൾ തുറന്നു. വിജ്ഞാന ദിനാചരണത്തോടനുബന്ധിച്ച് മറിയുപോളിൽ പുതിയ സ്കൂൾ തുറന്നു.  (ANSA)

യുക്രെയ്ൻ: ആദ്യ പാഠം മാനസികാരോഗ്യത്തിനായി സമർപ്പിക്കാൻ അധ്യാപകരെ ക്ഷണിച്ചു

2023-2024 ലെ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ്, വിദ്യാഭ്യാസ ശാസ്ത്ര മന്ത്രാലയവും യൂണിസെഫും ചേർന്ന്, പ്രഥമവനിത ഒലീന സെലെൻസ്‌ക ആരംഭിച്ച ദേശീയ മാനസികാരോഗ്യ പരിപാടി "എങ്ങനെയുണ്ട്?"എന്നതിനോടൊപ്പം "എങ്ങനെയുണ്ട്? സ്കൂളിലേക്ക് മടങ്ങുക" എന്ന തലക്കെട്ടിൽ ഒരു പുതിയ സൈക്കോസോഷ്യൽ സപ്പോർട്ട് ക്ലാസ് വികസിപ്പിച്ചെടുത്തു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പാഠങ്ങൾ 1 മുതൽ 6 വരെയും, 7 മുതൽ 11 വരെയും വയസ്സു പ്രായമുള്ള രണ്ട് ഗ്രൂപ്പുകൾക്കായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ, കുട്ടികളുടെ പഠനഭാരം വർദ്ധിക്കുകയും, സമപ്രായക്കാരുമായും അധ്യാപകരുമായും ഇടപഴകേണ്ടതിന്റെയും, പുതിയ രൂപങ്ങളിലും സാഹചര്യങ്ങളിലും, പുതിയ ഗ്രൂപ്പുകളിലേക്കും നീങ്ങി പഠനവുമായി പൊരുത്തപ്പെടേണ്ടതിന്റെയും, മാതാപിതാക്കളുമായും രക്ഷിതാക്കളുമായും ഒരു പൊതു ഭാഷ കണ്ടെത്തേണ്ടതിന്റെയും ആവശ്യകത യുദ്ധം മൂലമുണ്ടാകുന്ന സമ്മർദ്ദം കൂടുതൽ സങ്കീർണ്ണമാക്കും.

ഭയം,സംശയം, ഉത്കണ്ഠ എന്നിവയോടൊപ്പം ഇതിനെല്ലാം വിദ്യാർത്ഥികൾക്ക് അധിക പരിശ്രമം ആവശ്യമാണ്. മാനസികാരോഗ്യ പാഠം കുട്ടികൾക്ക് ഭയവും ഉത്കണ്ഠയും നേരിടാനും ശാന്തമാകനും പിന്തുണ അനുഭവിക്കാനും സഹായം നൽകും. ഈ സ്വയം നിയന്ത്രണ വിദ്യകൾ സ്കൂളിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉപയോഗപ്രദമാകും.നമ്മുടെ വികാരങ്ങൾ എങ്ങനെ നമ്മെ ബാധിക്കുന്നുവെന്ന് കുട്ടികളെ പഠിപ്പിക്കുകയും വിഷമഘട്ടങ്ങളിൽ സ്വയം നിയന്ത്രിക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്ന ലളിതമായ രീതികൾ വിശദീകരിക്കുന്ന മനശാസ്ത്രജ്ഞരുടെ വീഡിയോ സന്ദേശങ്ങൾ പാഠഭാഗങ്ങളിൽ ഉൾപ്പെടുന്നു.

അധ്യാപകർക്കുള്ള പാഠത്തിൽ മുതിർന്നവർക്ക് കുട്ടികളെ എങ്ങനെ പിന്തുണയ്ക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ, മനഃശാസ്ത്രപരമായ സ്വയം സഹായ വ്യായാമങ്ങളും സാങ്കേതിക വിദ്യകളും ലഭ്യമാകുന്ന വിവിധ ഉറവിടങ്ങൾ, അതുപോലെ തന്നെ അധ്യാപകരെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളിലേക്കുള്ള ലിങ്കുകൾ, പ്രതിസന്ധി ഘട്ടങ്ങളിൽ പഠിപ്പിക്കുന്ന ഓൺലൈൻ കോഴ്സുകൾ എന്നിവ ഉൾപ്പെടുന്നു.

പ്രഥമ വനിത ഒലീന സെലെൻസ്‌ക ആരംഭിച്ച യുക്രെയ്‌നിലെ മാനസികാരോഗ്യ പരിപാടിയായ "എങ്ങനെയുണ്ട്?" എന്ന പ്രോഗ്രാമിന് കീഴിലാണ് വിദ്യാഭ്യാസ സാമഗ്രികൾ രൂപീകരിച്ചത്. അവയുടെ വികസനത്തിന് മാനസീകാരോഗ്യത്തിനായുള്ള ഏകോപന കേന്ദ്രം, വിദ്യാഭ്യാസ, ശാസ്ത്ര മന്ത്രാലയം, നൂതനവും, സാങ്കേതിക പഠനത്തിനായുമുള്ള സംഘടന, മെഗോഗോയുടെ വിദ്യാഭ്യാസ ശാഖ എന്നിവ പിന്തുണയ്‌ക്കുകയും യുക്രെയ്‌നിലെ യുണിസെഫിന്റെ പിന്തുണ ലഭിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 September 2023, 15:27