തിരയുക

സങ്കീർത്തനചിന്തകൾ - 40 സങ്കീർത്തനചിന്തകൾ - 40 

സഹായകനും വിമോചകനുമായ ദൈവത്തോടുള്ള പ്രാർത്ഥന

വചനവീഥി: നാൽപ്പതാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നാൽപ്പതാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കൃതജ്ഞതയുടെ കീർത്തനത്തിന്റെ ആമുഖത്തോടെ അവതരിപ്പിക്കപ്പെടുന്ന ഒരു വിലാപഗീതമാണ് ഗായകസംഘനേതാവിന് ദാവീദിന്റെ സങ്കീർത്തനം എന്ന തലക്കെട്ടോടെയുള്ള നാൽപ്പതാം സങ്കീർത്തനം. ഇതിലെ പതിമൂന്ന് മുതലുള്ള വൈയക്തികാവിലാപഗാനത്തിന്റെ വാക്യങ്ങൾ എഴുപതാം സങ്കീർത്തനത്തിലും ആവർത്തിക്കപ്പെടുന്നത് നമുക്ക് കാണാനാകും. ഭീകരമായ ഗർത്തത്തിൽനിന്നും, കുഴഞ്ഞ ചേറ്റിൽനിന്നും ഉയർത്തി ദൈവസ്തുതിക്ക് യോഗ്യമായ ഉറച്ച പാറമേൽ നിറുത്തുന്നു എന്ന പ്രയോഗത്തിലൂടെയാണ് രക്ഷയെ സങ്കീർത്തകൻ വിവരിക്കുക. ദൈവത്തിൽ ആശ്രയിക്കുന്നവർ അവന്റെ സംരക്ഷണം അനുഭവിക്കുമെന്ന് സങ്കീർത്തകൻ ഉറപ്പുനൽകുന്നു. ബലികൾ അർപ്പിക്കപ്പെടുന്നതിനേക്കാൾ ദൈവനാമം സ്തുതിക്കപ്പെടുന്നതും, താൻ അനുഭവിച്ചറിഞ്ഞ രക്ഷയുടെ അനുഭവം പ്രഘോഷിക്കുന്നതുമാണ് ദൈവത്തിന് സ്വീകാര്യമെന്ന ചിന്തയും സങ്കീർത്തകനായ ദാവീദ് മുന്നോട്ടുവയ്ക്കുന്നു. സങ്കീർത്തനത്തിന്റെ രണ്ടാം ഭാഗം ഒരു വിലാപഗാനമെന്നതിനേക്കാൾ, ദൈവത്തിന്റെ സംരക്ഷണത്തിനായുള്ള പ്രാർത്ഥനയായി കണക്കാക്കാവുന്നതാണ്. തന്റെ സഹനത്തിന്റെ നാളുകൾക്ക് ശേഷം മഹത്വത്തിന്റെ നാളുകൾ വന്നുചേർന്നതിന്റെ അനുഭവത്തിന് മുൻപിലാകാം ദാവീദ് ഈ വാക്കുകൾ എഴുതിയത്.

സംരക്ഷകനായ ദൈവത്തിനുള്ള സ്തോത്രഗീതം

സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ പത്ത് വരെയുള്ള വാക്യങ്ങളിൽ കർത്താവിന്റെ മഹത്വവും, ദൈവസ്നേഹത്താൽ പ്രേരിതനായി താൻ ചെയ്‌ത പ്രവർത്തനങ്ങളുമാണ് ദാവീദ് എഴുതുന്നത്. ക്ഷമാപൂർവ്വം കർത്താവിനെ കാത്തിരുന്ന തനിക്ക് ലഭിച്ച അനുഗ്രഹത്തെക്കുറിച്ചാണ് ദാവീദ് സങ്കീർത്തനത്തിന്റെ ആരംഭത്തിൽത്തന്നെ സാക്ഷ്യപ്പെടുത്തുന്നത്: "അവിടുന്ന് ചെവി ചായ്ച്ച് എന്റെ നിലവിളി കേട്ടു" (സങ്കീ. 40, 1). തന്റെ ഭക്തന്റെ ജീവിതത്തെ സുരക്ഷിതമാക്കുന്നത് ദൈവമാണ്. മാനുഷികമായി തരണം ചെയ്യാൻ ബുദ്ധിമുട്ടേറുന്ന ഭീകരമായ ഗർത്തത്തിൽനിന്നും, കുഴഞ്ഞ ചേറ്റിൽനിന്നും കരകയറ്റി, അവന്റെ പദങ്ങളെ പാറമേൽ ഉറപ്പിച്ച്, അവന്റെ കാൽവയ്പ്പുകൾ സുരക്ഷിതമാക്കുന്നത് കർത്താവാണെന്ന സാക്ഷ്യമാണ് ദാവീദ് നൽകുക (സങ്കീ. 40, 2-3). രക്ഷയുടെ ഓരോ അനുഭവങ്ങളും സ്തോത്രഗീതമാലപിക്കാനുള്ള ഓരോ പുതിയ അവസരങ്ങളാണ്. എന്നാൽ ദൈവം തന്നെയാണ് തന്റെ ഭക്തന്റെ അധരങ്ങളിൽ സ്തോത്രഗീതങ്ങൾ നിറയ്ക്കുന്നത് (സങ്കീ. 40, 3).

ആർക്കും ആശ്രയിക്കാവുന്ന ഒരു ദൈവമാണ് ഇസ്രയേലിന്റെ നാഥൻ. തന്നിൽ അഭയം തേടുന്നവരെ കൈവിടാത്ത, അവരുടെ മാർഗ്ഗത്തെ ശരിയായ പാതയിൽ നയിക്കുന്ന, വ്യാജദേവന്മാരുടെ പിന്നാലെ ചരിക്കുന്നവരിൽനിന്ന് മാറ്റി നിറുത്തുന്ന, തന്നെ പിന്തുടരുന്നവർക്കായി അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന, തന്റെ ജനത്തിന്റെ കാര്യത്തിൽ ശ്രദ്ധാലുവായ ഒരു ദൈവമാണ് അവൻ എന്നാണ് നാലും അഞ്ചും വാക്യങ്ങളിലൂടെ ദാവീദ് സാക്ഷ്യപ്പെടുത്തുന്നത് (സങ്കീ. 40, 4-5). ജ്ഞാനപ്രബോധനത്തിന്റെ ശൈലിയാണ് സങ്കീർത്തകൻ ഇവിടെ സ്വീകരിച്ചിരിക്കുന്നത്.

മൃഗബലിയുൾപ്പെടെ, ബലികളിൽ അധിഷ്ഠിതമായ ആരാധനാ വിധികൾക്കെതിരെ സംസാരിച്ചിരുന്ന പ്രവാചകന്മാരുടെ വാക്കുകളോട് സാമീപ്യമുള്ളവയാണ് ആറുമുതലുള്ള വാക്യങ്ങൾ. "നിങ്ങളുടെ നിരവധിയായ ബലികൾ എനിക്കെന്തിന്?" എന്ന് ചോദിക്കുന്ന കർത്താവിനെ ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിന്റെ ആരംഭത്തിൽ നാം കാണുന്നുണ്ട് (ഏശയ്യാ 1, 11). "നിങ്ങളുടെ ദഹനബലികൾ എനിക്ക് സ്വീകാര്യമല്ല; നിങ്ങളുടെ കാഴ്ചകൾ എനിക്ക് പ്രീതികരമല്ല" എന്ന് പറയുന്ന ദൈവത്തെ ജെറമിയ പ്രവാചകന്റെ പുസ്തകം ആറാം അധ്യായത്തിലും നാം കാണുന്നുണ്ട് (ജെറമിയ 6, 20). ഇതേ ശൈലിയിൽ, "നിങ്ങൾ ദഹനബലികളും ധാന്യബലികളും അർപ്പിച്ചാലും ഞാൻ സ്വീകരിക്കുകയില്ല" എന്ന് പറയുന്ന കർത്താവിനെക്കുറിച്ച് ആമോസ് പ്രവാചകനും തന്റെ അഞ്ചാം അദ്ധ്യായത്തിൽ എഴുതുന്നുണ്ട് (ആമോസ് 5, 22). തന്റെ ഹിതം അനുസരിക്കുകയും, തന്റെ മാർഗ്ഗത്തിൽ ചരിക്കുകയും, തന്നെക്കുറിച്ച് ധൈര്യപൂർവ്വം ലോകത്തോട് വിളിച്ചുപറയുകയും അഭിമാനപൂർവ്വം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നവരിലാണ് ദൈവം സംപ്രീതനാകുന്നതെന്ന് സങ്കീർത്തനത്തിന്റെ ആറുമുതൽ പത്ത് വരെയുള്ള വാക്യങ്ങളിലൂടെ ദാവീദ് എഴുതുന്നു. "ഞാൻ മഹാസഭയിൽ വിമോചനത്തിന്റെ സന്തോഷവാർത്ത അറിയിച്ചു; കർത്താവേ അങ്ങേക്കറിയാവുന്നതുപോലെ ഞാൻ എന്റെ അധരങ്ങളെ അടക്കിനിർത്തിയില്ല" (സങ്കീ. 40, 9) എന്ന് ദാവീദ് എഴുതുന്നതും ഇതേ ബോധ്യത്താലാണ്. ദൈവത്തിൽ വിശ്വസിക്കുകയും, അവന്റെ അനുഗ്രഹങ്ങൾ നേടുകയും ചെയ്യുന്നവർ "അവിടുത്തെ കാരുണ്യവും വിശ്വസ്തതയും"  (സങ്കീ. 40, 10)  വിളിച്ചുപറയാൻ കടപ്പെട്ടവരാണ്.

ദൈവാനുഗ്രത്തിനായുള്ള വിലാപപ്രാർത്ഥന

സങ്കീർത്തനത്തിന്റെ പതിനൊന്ന് മുതലുള്ള വാക്യങ്ങളിൽ ഒരു വിലപപ്രാർത്ഥനയാണ് നാം കാണുക.  ജീവിതത്തിൽ ഒരുവൻ നേരിടേണ്ടിവരുന്ന ദൗർഭാഗ്യഗങ്ങളും ക്ലേശങ്ങളും അവന്റെ പാപത്തിനുള്ള ശിക്ഷയാണെന്ന ചിന്തയാൽ നയിക്കപ്പെട്ടായിരിക്കണം ദാവീദ് തന്റെ വിലാപസ്വരമുയർത്തുന്നത്. ഈയൊരു ചിന്തയുടെ അടിസ്ഥാനത്തിൽ നിന്നുകൊണ്ടാകാം, ദാവീദ്, തന്റെ ജീവിതത്തിൽ ദൈവം നൽകിയ അനുഗ്രഹങ്ങളും സംരക്ഷണവും ഏറ്റുപറയുകയും, അതുവഴി കർത്താവിന് സാക്ഷ്യം നൽകുകയും ചെയ്യുന്നതും, അതേസമയം വരും ദിനങ്ങളിലും കർത്താവിന്റെ കരുണയും, വിശ്വസ്തതയും, സ്നേഹവും, സംരക്ഷണവും ഉണ്ടാകണമേയെന്ന് പ്രാർത്ഥിക്കുന്നതും (സങ്കീ. 40, 11). തന്റെ ദുരിതാവസ്ഥയെക്കുറിച്ച് ദാവീദ് എഴുതുന്നത് ഇങ്ങനെയാണ്: "എണ്ണമറ്റ അനർത്ഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; എന്റെ കാഴ്ച നഷ്ടപ്പെടത്തക്കവിധം എന്റെ ദുഷ്‌കൃത്യങ്ങൾ എന്നെ പൊതിഞ്ഞു; അവ എന്റെ തലമുടിയിഴകളെക്കാൾ അധികമാണ്; എനിക്ക് ധൈര്യം നഷ്ടപ്പെടുന്നു" (സങ്കീ. 40, 12). പാപം ദൈവത്തെപ്പോലും ദൃഷ്ടിയിൽനിന്നും മറച്ചുകളയുന്ന അന്ധകാരത്തിലേക്കും, അർത്ഥശൂന്യമായ ചിന്തകളിലേക്കുമാണ് മനുഷ്യനെ നയിക്കുന്നത്.

തന്റെ കുറ്റങ്ങളും കുറവുകളും തിരിച്ചറിയുകയും, ദൈവത്തിന്റെ കാരുണ്യവും സ്നേഹവുമില്ലെങ്കിൽ തന്റെ ജീവിതം ദുരിതപൂർണ്ണമായി അവസാനിക്കുമെന്നും ചിന്തിക്കുന്ന സങ്കീർത്തകൻ, തന്റെ ജീവിതം ലോകത്തിനും തന്റെ ശത്രുക്കൾക്കും മുൻപിൽ പരിഹാസ്യമാകുന്നുവെന്ന് തിരിച്ചറിയുന്നുണ്ട്. എന്നാൽ, കരുതലുള്ള കർത്താവിന്റെ കാരുണ്യമുണ്ടെങ്കിൽ, അവന്റെ സാന്നിധ്യം അരികിലുണ്ടെങ്കിൽ, തന്റെ ജീവിതം ഇനിയും അനുഗ്രഹീതമായി മാറുമെന്ന ബോധ്യത്തിൽ നിന്നുകൊണ്ടാണ് സങ്കീർത്തനത്തിന്റെ പതിമൂന്ന് മുതലുള്ള വാക്യങ്ങൾ ദാവീദ് എഴുതുക "കർത്താവേ, എന്നെ മോചിപ്പിക്കാൻ കനിവുണ്ടാകണമേ! കർത്താവേ, എന്നെ സഹായിക്കാൻ വേഗം വരണമേ! (സങ്കീ. 40, 13). കർത്താവിൽ ആശ്രയിക്കുന്നവർ സന്തോഷിച്ചുല്ലസിക്കുവാനും, അവനിലൂടെ രക്ഷ അനുഭവിച്ചറിഞ്ഞ്, അവനെ സ്നേഹിക്കുന്നവർ, നിരന്തരം കർത്താവ് വലിയവനെന്ന് നിരന്തരം ഉദ്‌ഘോഷിക്കുവാനും തക്കവിധം ദൈവത്തിന്റെ അനുഗ്രഹം അവന്റെ ഭക്തരുടെമേൽ ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയും ദാവീദ് ഉയർത്തുന്നുണ്ട് (സങ്കീ. 40, 16). തനിക്ക് അനുഗ്രഹവും വിടുതലും കാരുണ്യവും നൽകുന്നവൻ കർത്താവാണെന്ന ബോധ്യത്തിൽ, സഹായകനും വിമോചകനുമായ, ദൈവത്തോട് വൈകരുതേയെന്ന (സങ്കീ. 40, 17) പ്രാർത്ഥനനയോടെയാണ് സങ്കീർത്തനം അവസാനിക്കുന്നത്.

സങ്കീർത്തനം ജീവിതത്തിൽ

നാൽപ്പതാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, ജീവിതത്തിലെ ദുരിതങ്ങൾക്കും വേദനകൾക്കും മുന്നിൽ, സ്വന്തം വീഴ്ചകളെയും കുറവുകളേയും തിരിച്ചറിഞ്ഞ്, അവയെ ദൈവത്തിന് മുൻപിൽ ഏറ്റുപറയാനും, ഉറച്ച ശരണത്തോടെയും ബോധ്യങ്ങളോടെയും, അവന്റെ കാരുണ്യം അപേക്ഷിക്കാനും ദാവീദ് നമ്മെയും ക്ഷണിക്കുന്നുണ്ട്. ദൈവമേകിയ അനുഗ്രഹങ്ങൾക്ക് നന്ദിയോടെ ജീവിക്കാനും, കാരുണ്യവാനും സംരക്ഷകനുമായ ദൈവത്തിന്റെ മഹത്വം ലോകത്തിന് മുൻപിൽ സധൈര്യം വിളിച്ചുപറയാനും ഓരോ വിശ്വസിക്കും സാധിക്കണം. മറ്റാരിലും ഉന്നതനും അതുല്യനുമായ ദൈവത്തിന്റെ അനന്തമായ കരുണയും അനുഗ്രഹവും പ്രാർത്ഥിക്കാനും, അവന്റെ വിശ്വസ്ഥതയും സ്നേഹവും കരുണയും ജീവിതത്തിൽ നേടാനും ദാവീദിനെപ്പോലെയുള്ള വിശ്വാസജീവിതങ്ങളുടെ സാക്ഷ്യം നമ്മെയും കരുണാമയനായ കർത്താവിനരികിലേക്ക് നമ്മെയും ക്ഷണിക്കുന്നുണ്ട്. തിന്മ നിനയ്ക്കുന്നവരും അന്യായമായി കുറ്റം വിധിക്കുന്നവരും ചുമലിൽ വയ്ക്കുന്ന ഭാരങ്ങളിൽനിന്നും, പാപാന്ധകാരമായമായ തടവറകളിൽനിന്നും സ്വാതന്ത്രരാക്കപ്പെട്ട്, ദൈവസ്നേഹത്തിന്റെയും കരുണയുടെയും പ്രകാശത്തിലേക്ക് കടന്നുവരാനും, എന്നും ദൈവസ്‌തുതിയുടെ കീർത്തനങ്ങൾ ആലപിക്കാനും ദൈവം നമ്മെയും അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 September 2023, 16:41