മൊറോക്കോ ജനതയ്‌ക്കൊപ്പം കാരിത്താസ് സംഘടനയും
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
സെപ്റ്റംബർ എട്ടാം തീയതി മധ്യമൊറോക്കോയിൽ റിക്ടർ സ്കെയിൽ 7 തീവ്രത രേഖപ്പെടുത്തിയ അതിഭീകര ഭൂചലനത്തിൽ ഇതുവരെ 2800 ഓളം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിരവധി ജീവനുകൾ ഇനിയും മണ്ണിനടിയിൽ ഉണ്ടെന്നു കരുതപ്പെടുന്നു. ഭൂകമ്പത്തിനു ശേഷം അടിയന്തിരമായ ഒരു സാഹചര്യമാണ് രാജ്യമെമ്പാടും ഉടലെടുത്തിരിക്കുന്നത്.
ഭക്ഷണവും, വസ്ത്രങ്ങളും,വെള്ളവും,ശുചിത്വ സാമഗ്രികളും, പുതപ്പുകളുമെല്ലാം ഏറെ ആവശ്യമായി വരുന്ന അതിദയനീയ സാഹചര്യത്തിൽ കത്തോലിക്കാസഭയുടെ ഉപവി പ്രവർത്തന സംഘടനായ കാരിത്താസും, സന്നദ്ധപ്രവർത്തകർക്കൊപ്പം സഹായത്തിനായി മുൻനിരയിലുണ്ട്.
റബാത്ത് ആർച്ച് ബിഷപ്പും കാരിത്താസ് മൊറോക്കോയുടെ പ്രസിഡന്റുമായ കർദ്ദിനാൾ ക്രിസ്റ്റോബൽ ലോപ്പസ് റൊമേറോയുടെ നേതൃത്വത്തിലാണ് കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്.ദുരന്തത്തിന്റെ പിറ്റേ ദിവസം മുതൽ രക്ഷാപ്രവർത്തനങ്ങൾക്കും മറ്റുമായി കാരിത്താസ് സംഘടന സജ്ജമായെന്ന് കാരിത്താസ് റബ്ബാത്തിന്റെ ഡയറക്ടർ ഫാ.ഓസ്കാർ അർതുറോ പാഡില്ല എടുത്തു പറഞ്ഞു.
ഭൂകമ്പത്തിൽ ഒറ്റപ്പെട്ടുപോയ ഗ്രാമവാസികൾ തങ്ങളെ കണ്ടമാത്രയിൽ ഓടിവന്നു കെട്ടിപ്പിടിക്കുകയും, വിലപിക്കുകയും ചെയ്ത ഹൃദയ ഭേദകമായ രംഗങ്ങളും ഫാ.പാഡില്ല പങ്കുവച്ചു.
ജനറേറ്ററുകൾ, വസ്ത്രങ്ങൾ, പ്രഥമശുശ്രൂഷ കിറ്റുകൾ, ഭക്ഷണം, മരുന്നുകൾ, ടെന്റുകൾ തുടങ്ങിയവയാണ് പ്രാഥമികമായി കാരിത്താസ് സംഘടന ഒരുക്കുന്നത്. അന്താരാഷ്‌ട്ര കാരിത്താസ് നേതൃത്വം നിരന്തരമായി കാരിത്താസ് മൊറോക്കോയുടെ പ്രതിനിധികളുമായി ആശയവിനിമയം നടത്തുന്നതിനാൽ അന്താരാഷ്ട്രസഹായങ്ങൾ എത്തിക്കുവാനും സാധിക്കുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: