തിരയുക

കരിമ്പുകൃഷിയിലേർപ്പെട്ടിരിക്കുന്ന കർഷകർ - വടക്കുകിഴക്കൻ നൈജീരിയയിൽനിന്നുള്ള ദൃശ്യം കരിമ്പുകൃഷിയിലേർപ്പെട്ടിരിക്കുന്ന കർഷകർ - വടക്കുകിഴക്കൻ നൈജീരിയയിൽനിന്നുള്ള ദൃശ്യം 

സംഘർഷങ്ങൾ നൈജീരിയയെ സാമ്പത്തികത്തകർച്ചയിലേക്ക് നയിക്കുന്നു: യൂണിസെഫ്

നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയിൽ തുടരുന്ന സംഘർഷങ്ങളും അക്രമങ്ങളും സാമ്പത്തിക പ്രതിസന്ധി വളർത്തുന്നുവെന്നും, രാജ്യത്ത് കുട്ടികൾക്കെതിരെ ഗുരുതരമായ ആക്രമണങ്ങൾ അരങ്ങേറുന്നുവെന്നും യൂണിസെഫ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ഏറെ നാളുകളായി തുടരുന്ന സംഘർഷങ്ങളിൽ 26 ലക്ഷത്തോളം ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, ഏതാണ്ട് പത്തുലക്ഷത്തോളം കുട്ടികൾക്ക് വിദ്യാഭ്യാസസൗകര്യങ്ങൾ നിഷേധിക്കപ്പെട്ടുവെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്.

സെപ്റ്റംബർ 6-ന് പുറത്തുവിട്ട ഒരു പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, നൈജീരിയയിലെ സംഘർഷങ്ങളും, കുട്ടികൾക്കെതിരായ അതിക്രമങ്ങളും സംഘർഷമേഖലകളിൽ മാത്രമല്ല, രാജ്യത്തെ മുഴുവൻ സാമ്പത്തിക തകർച്ചയിലേക്ക് നയിച്ചുവെന്ന് യൂണിസെഫ് പ്രസ്താവിച്ചു. 2021-ലെ സമ്പദ്‌വ്യവസ്ഥ, സംഘർഷങ്ങൾ ഇല്ലാതിരുന്ന സമയത്തേക്കാൾ രണ്ടര ശതമാനം കുറഞ്ഞുവെന്ന് ഈ പഠനങ്ങൾ വെളിപ്പെടുത്തി. ഇതനുസരിച്ച് കഴിഞ്ഞ പത്തുവർഷങ്ങളിൽ 100 ബില്യൺ ഡോളറിന്റെ നഷ്ടമാണ് രാജ്യം നേരിട്ടത്.

യൂണിസെഫ് റിപ്പോർട്ടിനെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട്, നൈജീരിയയിലെ പ്രാദേശികസംഘർഷങ്ങൾ, സാമ്പത്തികവും സാമൂഹികവുമായ ഗുരുതര പ്രത്യാഘാതങ്ങൾ ദേശീയതലത്തിലും അതിനുമപ്പുറവും ഉളവാക്കിയിട്ടുണ്ടെന്നും, കുട്ടികളിൽ ഇതുണ്ടാക്കുന്ന വിപരീതഫലങ്ങൾ വലുതാണെന്നും, യൂണിസെഫിന്റെ നൈജീരിയയിലെ പ്രതിനിധി ക്രിസ്റ്റ്യൻ മുണ്ടുവേറ്റ് പറഞ്ഞു. വിദ്യാഭ്യാസമുൾപ്പെടെയുള്ള അടിസ്ഥാന അവകാശങ്ങൾ നൈജീരിയയിലെ ലക്ഷക്കണക്കിന് കുട്ടികൾക്ക് നിഷേധിക്കപ്പെട്ടുവെന്നും, അതുണ്ടാക്കുന്ന നഷ്ടം കണക്കാക്കാൻ കഴിയുന്നതിനുമപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ സംഘർഷങ്ങൾ ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കുമെന്നും, അടുത്ത പത്തുവർഷങ്ങളിൽ നൈജീരിയയിലെ സാമ്പത്തികരംഗത്ത് ഇരുനൂറ് ബില്യൺ ഡോളറിന്റെ നഷ്ടം ഉണ്ടായേക്കുമെന്നും യൂണിസെഫ് പ്രതിനിധി ആശങ്ക രേഖപ്പെടുത്തി. രാഷ്ട്രത്തിന്റെ പുരോഗമന പ്രതീക്ഷകൾക്ക് ഇതുണ്ടാക്കുന്ന നഷ്ടം വലുതായിരിക്കുമെന്നും, രാജ്യത്ത് സംഘർഷങ്ങൾ ഉടൻ അവസാനിപ്പിക്കാൻ ശ്രമങ്ങൾ നടക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സമാധാനത്തിനും, കുട്ടികളുടെ അവകാശങ്ങൾക്കും മുൻ‌തൂക്കം നൽകി നൈജീരിയയ്ക്ക് മെച്ചപ്പെട്ട ഒരു ഭാവി ഉറപ്പാക്കേണ്ടതുണ്ടെന്നും യൂണിസെഫ് സെപ്റ്റംബർ ആറിന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 September 2023, 14:07