തിരയുക

ഗാസാ പ്രദേശത്തുനിന്നുള്ള ദൃശ്യം - ഫയൽ ചിത്രം ഗാസാ പ്രദേശത്തുനിന്നുള്ള ദൃശ്യം - ഫയൽ ചിത്രം 

ഗാസാ പ്രദേശത്ത് കുട്ടികൾക്ക് ചികിത്സാസൗകര്യങ്ങൾ നിഷേധിക്കപ്പെടുന്നു: സേവ് ദി ചിൽഡ്രൻ

വർഷങ്ങളായി തുടരുന്ന ഉപരോധത്തെത്തുടർന്ന് ഗാസാ പ്രദേശത്ത് കുട്ടികൾക്ക് ആവശ്യമായ ചികിത്സാസൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന് സേവ് ദി ചിൽഡ്രൻ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കഴിഞ്ഞ പതിനാറ് വർഷങ്ങളായി ഗാസാ പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളുടെ ഭാഗമായി നിരവധി കുട്ടികൾക്ക് ചികിത്സാസൗകര്യം ലഭ്യമാകാതെ പോകുന്നുവെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. ദിവസം രണ്ടു കുട്ടികൾക്കെങ്കിലും ഇത്തരത്തിൽ ചികിത്സാസൗകര്യം ലഭ്യമാകാതെ പോകുന്നുണ്ടെന്ന് സംഘടന വിശദീകരിച്ചു. സാധാരണയായി എല്ലാ മാസവും ശരാശരി 60 കുട്ടികൾക്ക് ചികിത്സാസഹായം നിഷേധിക്കപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കിയ സേവ് ദി ചിൽഡ്രൻ, മെയ് മാസത്തിൽ ഇസ്രായേൽ, കുട്ടികളുടെ ചികിത്സയ്ക്കായുള്ള നൂറ് അപേക്ഷകൾക്ക് ഇനിയും ഉത്തരം നൽകിയിട്ടില്ലെന്ന് അറിയിച്ചു.

2023-ന്റെ ആദ്യ ആറു മാസങ്ങളിൽ ഗാസയിൽ ഏതാണ്ട് നാനൂറോളം കുട്ടികൾക്കാണ് വൈദ്യസഹായമുൾപ്പെടെയുള്ള ചികിത്സാസൗകര്യങ്ങൾ നിഷേധിക്കപ്പെട്ടതെന്ന്, കഴിഞ്ഞ നൂറ് വർഷങ്ങളായി, കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന ഈ അന്താരാഷ്ട്രസംഘടന വ്യക്തമാക്കി. വെസ്റ്റ് ബാങ്കിൽ ആവശ്യത്തിന് അടിയന്തിരആവശ്യങ്ങൾക്ക് വേണ്ടിയുള്ള മരുന്നുകളോ ജീവൻ രക്ഷാ ശസ്ത്രക്രിയാ സൗകര്യങ്ങളോ ലഭ്യമല്ലെന്ന് സംഘടന കൂട്ടിച്ചേർത്തു.

ഇസ്രയേലും സായുധസംഘങ്ങളുമായുള്ള സംഘർഷങ്ങൾ കൂടുതൽ ശക്തമായി തുടരുന്ന ഗാസാ പ്രദേശത്ത്, കഴിഞ്ഞയിടെ മാത്രം, രണ്ട് ഇസ്രായേൽക്കാർ ഉൾപ്പെടെ 33 പേരാണ് കൊല്ലപ്പെട്ടത്. ഇവരിൽ 7 പേർ കുട്ടികളാണ്.

കുട്ടികളുടെ ജീവന് പോലും ഭീഷണിയാകുന്ന തരത്തിൽ അവരുടെ മൗലിക അവകാശങ്ങൾ തുടർച്ചയായി ലംഘിക്കപ്പെടുന്നതിന് പ്രധാന കാരണമായ ഗാസ ഉപരോധം അവസാനിപ്പിക്കണമെന്ന് സേവ് ദി ചിൽഡ്രൻ ഇസ്രായേലി സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ആറു മാസങ്ങളിൽ കുട്ടികളുടെ ചികിത്സയ്ക്കായുള്ള 2789 അപേക്ഷകളിൽ 373 എണ്ണം തള്ളപ്പെടുകയോ, നടപടികൾ മുന്നോട്ട് പോകാത്തതിനാൽ തടസ്സപ്പെടുകയോ ചെയ്‌തിട്ടുണ്ട്‌.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 September 2023, 15:51