തിരയുക

കീവിൽ റഷ്യൻ ഡ്രോൺ ആക്രമണത്തിന്റെ അനന്തരഫലം. കീവിൽ റഷ്യൻ ഡ്രോൺ ആക്രമണത്തിന്റെ അനന്തരഫലം. 

റഷ്യൻ ഷെല്ലിംഗിൽ വിദേശ സന്നദ്ധസേവകർ കൊല്ലപ്പെട്ടു

കിഴക്കൻ യുക്രെയ്നിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ട് സന്ധദ്ധ സേവകർ കൊല്ലപ്പെട്ടു. അവർ സഞ്ചരിച്ചിരുന്ന വാനിൽ ഷെൽ പതിക്കുകയായിരുന്നു. അതേ സമയം ഇന്ത്യയിൽ വച്ചു നടന്ന G20 സമ്മേളനം റഷ്യ ഉൾപ്പെടുന്ന അതിലെ അംഗങ്ങളോടു ശക്തി പ്രയോഗം ഒഴിവാക്കാൻ ആവശ്യപ്പെട്ടു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

അക്രമ മുഖത്തു നിന്ന് മുറിവേറ്റവരെ നീക്കാൻ സഹായിക്കുന്ന Road to Relief എന്ന സംഘടനയിലെ അംഗങ്ങളാണ് വധിക്കപ്പെട്ടത്. യുക്രെയ്നിലെ കിഴക്കൻ പട്ടണമായ കസീവ് യാറിൽ അവർ സഞ്ചരിച്ചിരുന്ന വാനിൽ ഷെല്ലു പതിച്ചതിനെ തുടർന്ന് മറിഞ്ഞ് തീപിടിച്ച വാഹനത്തിൽ തങ്ങളുടെ നാല് അംഗങ്ങൾ കുടുങ്ങി പോയി എന്ന് സംഘടന അറിയിച്ചു.

കനേഡിയൻ പൗരനായ ആന്റണി ഇനാറ്റ് അക്രമത്തിൽ കൊല്ലപ്പെടുകയും ജർമ്മൻ പൗരനായ റൂബെൻ മാവിക്കിനും സ്വീഡനിൽ നിന്നുള്ള യോഹാൻ മത്തിയാസിനും മാരകമായി പരിക്കുപറ്റുകയും ചെയ്തു. വാനിലുണ്ടായിരുന്ന നാലാമത്തെയാളായ സ്വാനിഷ് പൗരനും സംഘടനയുടെ ഡയറക്ടറുമായ എമ്മാ ഇഗ്വലിനെക്കുറിച്ച് ഒരു വിവരവുമില്ല എന്നും Road to Relief അറിയിച്ചു. എന്നാൽ പിന്നീട് സ്പാനിഷ് വിദേശകാര്യ മന്ത്രി 32 വയസ്സുള്ള  ഇഗ്വലിന്റെ മരണം സ്ഥിരീകരിച്ചു.

റഷ്യയുടെ  ആക്രമണമാണ് ഞായറാഴ്ച രാവിലെ യുക്രെയ്നിന്റെ തലസ്ഥാനമായ കീവിൽ  നിവാസികളെ ഉണർത്തിയത്. കീവിനെ ലക്ഷ്യമാക്കി വന്ന 32ൽ 25 റഷ്യൻ ഡ്രോണുകൾ നശിപ്പിച്ചതായി യുകെയ്ൻ കരസേന അവകാശപ്പെട്ടു. കീവിൽ അഞ്ച് സ്ഫോടനങ്ങൾ കേട്ടതായും വാഹനങ്ങൾ നശിപ്പിക്കപ്പെട്ടതായും യുക്രെയ്ൻ മാധ്യമങ്ങൾ വെളിപ്പെടുത്തി. നഗരത്തിലെ പാർക്കുകളിൽ അഗ്നിബാധകൾ ഉണ്ടായതായും ഒരാൾക്ക് പരുക്കു പറ്റിയതായും കീവിലെ മേയറും അറിയിച്ചു.

റഷ്യ കൈയ്യടക്കിയ യൂറോപ്പിലെ ഏറ്റവും വലിയ ആറ്റമിക് ഊർജ്ജ ഉൽപ്പാദന കേന്ദ്രം സ്ഥിതി ചെയ്യുന്ന സപ്പോരിഷയിൽ ഭീകരമായ പോരാട്ടം നടത്തുന്നതിനാൽ അറ്റമിക് സുരക്ഷാ ഭീഷണിയുണ്ടെന്ന് അന്തർദ്ദേശിയ അണു ഊർജ്ജ ഏജൻസി മുന്നറിയിപ്പു നൽകി. റഷ്യൻ സേന ഉപയോഗിക്കുന്ന ഡ്രോണിന്റെതുപോലുള്ള ഭാഗങ്ങൾ ഈ ആഴ്ചയിൽ രണ്ടാം വട്ടവും നാറ്റോയുടെ ഭാഗമായ റുമേനിയയിൽ കണ്ടെത്തിയത് അയൽ രാജ്യങ്ങളെയും യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള സാധ്യതകൾ തള്ളിക്കളയുന്നില്ല.

ഇന്ത്യയിൽ നടക്കുന്ന G20 സമ്മേളനത്തിൽ യുക്രെയ്നിലെ ബലപ്രയോഗം ഒഴിവാക്കാൻ എല്ലാ അംഗങ്ങളോടും  അഭ്യർത്ഥിക്കുന്ന പ്രമേയം പാസ്സാക്കിയിരുന്നു. അത് റഷ്യയെ ഉദ്ദേശിച്ചുള്ള ശക്തമായ പ്രഖ്യാപനമാണ് എന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബസേനെ പറഞ്ഞു. റഷ്യയും അമേരിക്കയും ഈ പ്രസ്താവനയെ സ്വാഗതം ചെയ്തു. എന്നാൽ യുക്രെയ്ൻ ഈ പ്രസ്താവനയിൽ അഭിമാനിക്കാനുള്ളതൊന്നുമില്ല എന്നഭിപ്രായപ്പെടുകയാണുണ്ടായത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 September 2023, 13:18