തിരയുക

സുരക്ഷ തേടി ചാഡിലേക്കെത്തുന്ന സുഡാൻ അഭയാർത്ഥികൾ - ഫയൽ ചിത്രം സുരക്ഷ തേടി ചാഡിലേക്കെത്തുന്ന സുഡാൻ അഭയാർത്ഥികൾ - ഫയൽ ചിത്രം 

കുടിയേറ്റക്കാരെ സ്വീകരിക്കുന്ന രാജ്യങ്ങളിൽ ചാഡ് മുൻ നിരയിലേക്ക്

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പ്രതിശീർഷ അഭയാർത്ഥികളുടെ എണ്ണത്തിൽ ലോകത്ത് അഞ്ചാം രാജ്യത്തേക്ക് ആഫ്രിക്കൻ രാജ്യമായ ചാഡെന്ന് ലോകബാങ്ക്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായ ചാഡ് അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ അഞ്ചാം സ്ഥാനത്തെന്ന് ലോകബാങ്ക്. ഫീദെസ് വാർത്താ ഏജൻസി സെപ്റ്റംബർ 27-ന് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ചാഡിൽ പത്തു ലക്ഷത്തോളം അഭയാർത്ഥികളാണ് ഇപ്പോളുള്ളത്. അവരിൽ എഴുപത്തിയഞ്ച് ശതമാനവും അയൽരാജ്യമായ സുഡാനിൽനിന്നുള്ളവരും ഇരുപത്തിയൊന്ന് ശതമാനത്തോളം മധ്യ ആഫ്രിക്കൻ റിപ്പബ്ളിക്കിൽനിന്നുള്ളവരും നാലു ശതമാനം നൈജീരിയയിൽനിന്നുള്ളവരുമാണെന്ന് ലോകബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കി. ഉപ-സഹാറൻ ആഫ്രിക്കയിൽ, ഉഗാണ്ട, എത്യോപ്യ, സുഡാൻ, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്, എന്നിവയ്ക്ക് ശേഷമാണ് ചാഡിന്റെ സ്ഥാനം. ലോകത്തെ പന്ത്രണ്ടിൽ ഒരു അഭയാർത്ഥി ഇവിടെയാണ് എത്തിച്ചേരുന്നത്. എന്നാൽ ജനസംഖ്യയുമായി ബന്ധപ്പെടുത്തിയുള്ള കണക്കുകൾ പ്രകാരം, പ്രതിശീർഷ അഭയാർത്ഥികളുടെ എണ്ണത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്താണ് ചാഡ്.

അയൽരാജ്യമായ സുഡാനിൽ 2023 ഏപ്രിൽ പതിനഞ്ചിന് ആരംഭിച്ച പ്രതിസന്ധികളെത്തുടർന്ന് ചാഡിൽ ഏതാണ്ട് നാലുലക്ഷം അഭയാർത്ഥികളാണ് എത്തിച്ചേർന്നിട്ടുള്ളത്. നിലവിൽ ചാഡിലുള്ള അഭയാർത്ഥികളിൽ ഭൂരിഭാഗവും കഴിഞ്ഞ പതിനഞ്ചു വർഷങ്ങളായി രാജ്യത്ത് എത്തിച്ചേർന്നവരാണ്. അന്താരാഷ്ട്രനയങ്ങളുടെയും അന്താരാഷ്ട്രസമൂഹത്തിന്റെയും മറ്റു ഏജൻസികളുടെയും സഹായത്തോടെയാണ് ഇവർക്ക് ചാഡിലേക്കുള്ള കുടിയേറ്റവും താമസവും സാധ്യമായത്.

സുഡാനിൽനിന്നുള്ള അഭയാർത്ഥികളോടുള്ള ചാഡ് സർക്കാരിന്റെ അയഞ്ഞ നിലപാട്, ചാഡിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തുന്നുവെന്നും, അവർക്ക് പൗരത്വം നൽകുമ്പോൾ, ചാഡ് പ്രസിഡന്റിന്റെ വംശവുമായുള്ള അവരുടെ ബന്ധം കണക്കിലെടുത്ത് രാജ്യത്തെ തിരഞ്ഞെടുപ്പുകളെ ഈ പുതിയ അഭയാർത്ഥികൾക്ക് സ്വാധീനിക്കാൻ കഴിഞ്ഞേക്കുമെന്നും ഫീദെസ് ഏജൻസിയോട് പ്രാദേശികവാർത്താ ഉറവിടങ്ങൾ അറിയിച്ചു. അഭയാർത്ഥികളിൽ ചിലർ പ്രാദേശിക സുരക്ഷാസേനയിൽ ചേർന്ന് ഇപ്പോഴത്തെ ഭരണകൂടത്തിന്റെ കൂലിപ്പടയാളികളായി മാറിയേക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 September 2023, 16:33