തിരയുക

 വെള്ളപ്പൊക്കത്താൽ മുറിവേറ്റ കിഴക്കൻ ലിബിയ. വെള്ളപ്പൊക്കത്താൽ മുറിവേറ്റ കിഴക്കൻ ലിബിയ.  (ANSA)

ലിബിയയിലെ ഡാനിയേൽ കൊടുങ്കാറ്റ് മൂന്ന് ലക്ഷം കുട്ടികളെ ബാധിച്ചുവെന്ന് യുണിസെഫ്

കൊടുങ്കാറ്റ് 5,000-ത്തിലധികം ആളുകളുടെ ജീവനെടുത്തു. നൂറുകണക്കിന് ആളുകളെ കാണാതായി. കുറഞ്ഞത് 30,000 പേരെങ്കിലും ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടുവെന്ന് യുണിസെഫ് വെളിപ്പെടുത്തി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

സെപ്റ്റംബർ 10-ന് ലിബിയയുടെ വടക്കുകിഴക്കൻ തീരത്തുള്ള നഗരങ്ങളിൽ ഡാനിയേൽ കൊടുങ്കാറ്റ് അഗാധമായ ദുരന്തങ്ങളാണ് സമ്മാനിച്ചത്. ഏകദേശം 300,000 കുട്ടികൾ കിഴക്കൻ ലിബിയയിലെ ശക്തമായ ഡാനിയേൽ കൊടുങ്കാറ്റിന് വിധേയരായതായി കണക്കാക്കപ്പെടുന്നു. കൂടാതെ നിരവധി വീടുകൾക്കും ആശുപത്രികൾക്കും വിദ്യാലയങ്ങൾക്കും മറ്റ് അവശ്യ അടിസ്ഥാന സൗകര്യങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് മാനുഷിക സഹായം ആവശ്യമുള്ള  കുട്ടികളും കുടുംബങ്ങളും വർദ്ധിച്ചുവരുന്നു. കുറഞ്ഞത് മൂന്ന് ആശുപത്രികളെങ്കിലും നിലവിൽ പ്രവർത്തനരഹിതമാണ്, പത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെങ്കിലും വെള്ളത്തിലുമാണ്.

90,000-ത്തോളം നിവാസികളുള്ള നഗരമായ ഡെർനയെ ഇതിനകം തന്നെ സംഘർഷം സാരമായി ബാധിച്ചിരുന്നു. വലിയ നാശം കണക്കിലെടുത്ത് അതിന്റെ വീണ്ടെടുക്കൽ പാത ഇപ്പോൾ വർഷങ്ങളോളം പിന്നോട്ട് പോയിരിക്കുന്നു. സ്‌കൂളുകളിലും പല പ്രദേശങ്ങളിലും അഭയം പ്രാപിച്ച 30,000 പേരെങ്കിലും ഒറ്റപ്പെട്ടവരും അപ്രാപ്യവുമാണ്. ഒരു ദശാബ്ദത്തിലേറെ നീണ്ട സംഘർഷത്തിന് ശേഷം ലിബിയൻ കുട്ടികൾ മറ്റൊരു ദുരന്തത്തെ അഭിമുഖീകരിക്കുകയാണ്.

വെള്ളം, ശുചിത്വം, മാനസിക സാമൂഹിക പിന്തുണ, കുടുംബങ്ങളെ കണ്ടെത്തൽ, ജലജന്യ രോഗങ്ങൾ തടയൽ എന്നിവയിലൂടെ ജീവ൯ രക്ഷാ സഹായം വർദ്ധിപ്പിക്കുക എന്നതാണ് തങ്ങളുടെ മുൻഗണനയെന്ന് യുണിസെഫ് അറിയിച്ചു. ഒരു ദുരന്തം ഒഴിവാക്കാൻ, സമയം പാഴാക്കാൻ തങ്ങൾക്ക് കഴിയില്ല എന്നും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന ലിബിയയിലെ യുണിസെഫ് പ്രതിനിധി മിഷേൽ സെർവാദേയ് പറഞ്ഞു. കുട്ടികൾ ഏറ്റവും ദുർബലരായവരിൽ ഉൾപ്പെടുന്നു. പകർച്ചവ്യാധികൾ, ശുദ്ധജലത്തിന്റെ അഭാവം, പോഷകാഹാരക്കുറവ്, പഠനത്തിന് തടസ്സം, അക്രമം എന്നിവയുടെ ഉയർന്ന അപകടസാധ്യതയുണ്ട്.

മരണത്തിനും പരിക്കിനുമുള്ള ഉടനടിയുള്ള അപകടസാധ്യതകൾക്ക് പുറമേ, ലിബിയയിലെ വെള്ളപ്പൊക്കം കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഗുരുതരമായ അപകടമുണ്ടാക്കുന്നു. സുരക്ഷിതമായ ജലവിതരണത്തിൽ വിട്ടുവീഴ്ച ചെയ്യപ്പെടുന്നതിനാൽ, വയറിളക്കം, കോളറ പകർച്ചവ്യാധികൾ, അതുപോലെ തന്നെ നിർജ്ജലീകരണം, പോഷകാഹാരക്കുറവ് എന്നിവയ്ക്കുള്ള സാധ്യതകൾ വളരെയധികം വർദ്ധിക്കുന്നു. അതേസമയം, മാതാപിതാക്കളെ നഷ്ടപ്പെടുകയോ കുടുംബത്തിൽ നിന്ന് വേർപെടുത്തുകയോ ചെയ്യുന്ന കുട്ടികൾ അക്രമവും ചൂഷണവും പോലുള്ള അപകടങ്ങൾക്കും വിധേയരാകുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 September 2023, 13:14