തിരയുക

ഇനിയെത്രനാൾ? മഡഗാസ്കറിൽനിന്നുള്ള ഒരു ദൃശ്യം ഇനിയെത്രനാൾ? മഡഗാസ്കറിൽനിന്നുള്ള ഒരു ദൃശ്യം 

ലോകം കടുത്ത ജലദൗർലഭ്യതാ പ്രതിസന്ധിയിലേക്ക്

ലോകത്തെ ജലലഭ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധിയെക്കുറിച്ച്, ആഗോള പ്രകൃതിവിഭവങ്ങളെ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് പഠിക്കുന്ന വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് (WRI) പുതിയ റിപ്പോർട്ട് പുറത്തുവിട്ടു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

അടുത്ത മുപ്പത് വർഷങ്ങൾക്കുള്ളിൽ ലോകത്തെ അറുപത് ശതമാനം ജനങ്ങളും ജലദൗർലഭ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ നേരിടേണ്ടിവന്നേക്കുമെന്ന്, ആഗോള പ്രകൃതിവിഭവങ്ങളെ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് പഠിക്കുന്ന സമിതി പുതിയ ഒരു റിപ്പോർട്ട് പുറത്തുവിട്ടു. "അക്വഡക്റ്റ് 4.0: നിർണ്ണായകമായ പുതിയ ആഗോള ജല അപകട സൂചകങ്ങൾ" എന്ന പേരിൽ, വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് (WRI), ഓഗസ്റ്റ് 16-ന് പുറത്തുവിട്ട റിപ്പോർട്ടിലാണ് ലോകം നേരിടുവാൻ പോകുന്ന ജലപ്രതിസന്ധിയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.

മുൻപില്ലാത്ത തരത്തിലുള്ള വലിയൊരു ജലപ്രതിസന്ധിയാണ് ലോകം നേരിടുന്നതെന്ന് റിപ്പോർട്ട് രേഖപ്പെടുത്തുന്നു. ഈ പഠനങ്ങൾ പ്രകാരം, ലോകത്തെ ഏതാണ്ട് നാലിലൊന്ന് ജനങ്ങൾ അധിവസിക്കുന്ന ഏതാണ്ട് 25 രാജ്യങ്ങൾ നിലവിൽ ജലദൗർലഭ്യതയുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ആഗോളതലത്തിൽ ഏതാണ്ട് നാനൂറ് കോടി ജനങ്ങൾ, അതായത് ലോകജനസംഖ്യയുടെ പകുതിയോളം പേർ, ഇപ്പോൾത്തന്നെ വർഷത്തിൽ ഏതാണ്ട് ഒരു മാസത്തോളം ഇത്തരം പ്രതിസന്ധികളിലൂടെ കടന്നുപോകുന്നുണ്ട്. എന്നാൽ രണ്ടായിരത്തി അൻപതോടെ ലോകജനസംഖ്യയുടെ ഏതാണ്ട് 60 ശതമാനവും ഇത്തരം പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടിവന്നേക്കും.

ലോകത്ത് വർദ്ധിച്ചുവരുന്ന ജനസംഖ്യയുടെ പരിപോഷണത്തിനും, അതിജീവനത്തിനുമുള്ള അടിസ്ഥാനവസ്തുവായ ജലത്തിന്റെ ദൗർലഭ്യത വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. നിർമ്മാണ പ്രവർത്തനങ്ങൾ, വൈദ്യുതി ഉത്പാദനം തുടങ്ങിയവയിലും ജലത്തിന്റെ ഉപയോഗത്തിന്റെ പ്രാധാന്യം വ്യക്തമാണ്.

 ജലപ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് മുൻഗണന നൽകി, പരിഹാരം കണ്ടെത്തേണ്ടത് മനുഷ്യരുടെയും സസ്യലതാദികളുടെയും അതിജീവനത്തിന് തന്നെ പ്രധാനപ്പെട്ടതായിരിക്കെ, ഭൂമിയിലെ ജീവിതത്തെ ദുഷ്കരമാക്കുന്ന ഫോസിൽ ഇന്ധനങ്ങളുടെ വിൽക്കൽ വാങ്ങുകൾക്ക് കൊടുക്കുന്ന അത്രയും ശ്രദ്ധയെങ്കിലും ജലവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്ക് നൽകാത്തത് ശോചനീയമാണെന്ന് റിപ്പോർട്ട് തയ്യാറാക്കിയവർ വ്യക്തമാക്കി..

തണ്ണീർത്തടങ്ങളും വനങ്ങളും സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക, ഡ്രിപ്പ് ഇറിഗേഷൻ പോലുള്ള കൂടുതൽ കാര്യക്ഷമമായ ജലസേചന വിദ്യകൾ സ്വീകരിക്കുക, പ്രകൃതിവിഭവങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നയരൂപകർത്താക്കൾ, സൗരോർജ്ജം, കാറ്റ് എന്നിവ പോലെ ജലത്തെ അമിതമായി ആശ്രയിക്കാത്ത ഊർജ സ്രോതസ്സുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവ പോലെയുള്ള പ്രകൃതി അധിഷ്ഠിത നടപടികൾ സ്വീകരിക്കുക തുടങ്ങിയ മാർഗ്ഗങ്ങളാണ് ഈ പ്രതിസന്ധിയെ മറികടക്കുവാനായി സംഘടന നിർദ്ദേശിക്കുന്നത്..

മാക് ആർതർ ഫൗണ്ടേഷന്റെ സഹായത്തോടെ ജെയിംസ് ഗുസ്താവ് സ്പെത്തിന്റെ നേതൃത്വത്തിൽ, 1982-ൽ സ്ഥാപിതമായ ഒരു ആഗോള ലാഭേച്ഛയില്ലാതെ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമാണ് വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 August 2023, 17:20