വിയറ്റ്നാമിൻറെ സർക്കാർ-സഭാ പ്രതിനിധികളുടെ കൂടിക്കാഴ്ച !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കമ്മ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാമിൻറെ പ്രസിഡൻറ് വൊ വൻ ത്വാംഗ് (Vo Van Thuong) പ്രാദേശിക കത്തോലിക്കാമെത്രാൻ സംഘവുമായി കൂടിക്കാഴ്ച നടത്തി.
ഏഴാം തീയതി തിങ്കളാഴ്ച (07/08/23) ആയിരുന്നു ഈ കൂടിക്കാഴ്ച.
ഇതിനായി പ്രസിഡൻറ് വൊ വൻ ത്വാംഗ്, ഹൊ ചി മിൻഹ് സിറ്റിയിൽ മെത്രാൻസംഘത്തിൻറെ ആസ്ഥാനത്ത് എത്തുകയായിരുന്നു.
പ്രസിഡൻറ് ഉൾപ്പടെ പത്തംഗ സംഘമാണ് പ്രാദേശിക കത്തോലിക്കാ മെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് ജോസഫ് ൻഗുയെൻ നംഗിൻറെ നേതൃത്വത്തിലായിരുന്ന ഒമ്പത് മെത്രാന്മാരും അഞ്ചു വൈദികരും രണ്ടു സന്ന്യാസിനികളും ഉൾപ്പെട്ട സംഘവുമായി കൂടിക്കാഴ്ച നടത്തിയത്. വിയറ്റ്നാമിൽ കത്തോലിക്ക സഭയേകിയിട്ടുള്ള സേവനങ്ങൾ, വിശിഷ്യ, കോവിദ് 19 മഹാമാരിയുടെ വേളയിൽ നല്കിയ സംഭാവനകൾ, തുറന്നതും ആത്മാർത്ഥവുമായ ഈ കൂടിക്കാഴ്ചാ വേളയിൽ പ്രസിഡൻറ് വൊ വൻ ത്വാംഗ് അംഗീകരിച്ചു.
താൻ യൂറോപ്പിലേക്കു നടത്തിയ സന്ദർശനത്തെക്കുറിച്ചും ജൂലൈ ഇരുപത്തിയേഴിന് (27/07/23) വത്തിക്കാനിൽ വച്ച് പാപ്പായുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം സസന്തോഷം പരാമർശിച്ചു. പാപ്പായുമായുള്ള കൂടിക്കാഴ്ച തൻറെ ഹൃദയത്തെ സ്പർശിച്ചുവെന്നും പ്രസിഡൻറ് വൊ വൻ ത്വാംഗ് വെളിപ്പെടുത്തി.
മതപരമായ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണങ്ങളുള്ള ഒരു രാജ്യമായ വിയറ്റ്നാമിൽ പരിശുദ്ധസിംഹസാനത്തിൻറെ ഒരു റസിഡൻറ് പ്രതിനിധിയെ സംബന്ധിച്ച ഒരു ധാരണയിൽ ഇരുവിഭാഗവും ഇക്കഴിഞ്ഞ ഇരുപത്തിയേഴാം തീയിതി (27/07/23) എത്തിയിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: