തിരയുക

സംഘർഷ ഭൂമിയിൽ കഴിയേണ്ടി വരുന്ന കുട്ടി. സംഘർഷ ഭൂമിയിൽ കഴിയേണ്ടി വരുന്ന കുട്ടി.  (© Notice: UNICEF photographs are copyrighted and may not be reproduced in any medium without written permission from authorized)

യൂണിസെഫ്: സംഘർഷത്തെത്തുടർന്ന് സുഡാനിൽ രണ്ട് ദശലക്ഷത്തിലധികം കുട്ടികൾ നിർബന്ധിത പലായനത്തിൽ

1.7 ദശലക്ഷത്തിലധികം കുട്ടികളാണ് സുഡാന്റെ അതിർത്തികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതായി കണക്കാക്കപ്പെടുന്നത്. കൂടാതെ 470,000-ത്തിലധികം കുട്ടികൾ അയൽരാജ്യങ്ങളിലേക്ക് കടന്നിട്ടുണ്ടെന്നും യൂണിസെഫ് വെളിപ്പെടുത്തി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

കഴിഞ്ഞ നാല് വർഷങ്ങളിലേക്കാൾ കൂടുതൽ കുട്ടികൾ ഇക്കഴിഞ്ഞ 52 ദിവസങ്ങളിൽ കുടിയിറക്കപ്പെട്ടതോടെ, ഇനിയും രാജ്യത്ത് സമാധാനമില്ലെങ്കിൽ സുഡാനിലെ കുട്ടികളുടെ ഭാവി അപകടത്തിലാണെന്ന് യൂണിസെഫ് മുന്നറിയിപ്പ് നൽകുന്നു.

ഏകദേശം 14 ദശലക്ഷം കുട്ടികൾക്ക് മാനുഷിക പിന്തുണ അടിയന്തിരമായി ആവശ്യമാണ്. 2023 ജൂലൈ മുതൽ സെപ്റ്റംബർ വരെ സുഡാനിൽ 20.3 ദശലക്ഷം ആളുകൾ ഭക്ഷ്യ അരക്ഷിതാവസ്ഥയിലായിരിക്കുമെന്നും അവരിൽ പകുതിയും കുട്ടികളുമായിരിക്കുമെന്ന വാർത്തയാണ് യൂണിസെഫിൽ നിന്നും ലഭ്യമാകുന്നത്. രാജ്യത്ത് 9.4 ദശലക്ഷത്തിലധികം കുട്ടികൾക്ക് ശുദ്ധജലം ലഭ്യമല്ല എന്നു മാത്രമല്ല, 5 വയസ്സിന് താഴെയുള്ള 3.4 ദശലക്ഷം കുട്ടികൾക്ക് വയറിളക്കം, കോളറ തുടങ്ങിയ   രോഗങ്ങൾ ബാധിക്കാവുന്ന അപകട സാധ്യതയും യൂണിസെഫ് അറിയിക്കുന്നു.

നാല് മാസം മുമ്പ് സുഡാനിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കുറഞ്ഞത് രണ്ട് ദശലക്ഷം കുട്ടികളെങ്കിലും അവരുടെ വീടുകൾ വിട്ട്  ഇറങ്ങാൻ നിർബന്ധിതരായി. ഓരോ മണിക്കൂറിലും ശരാശരി 700-ലധികം പേർ പുതിയതായി കുടിയിറക്കപ്പെടുന്നുണ്ട്.  രാജ്യത്തെ നശിപ്പിക്കുന്ന അക്രമം തുടരുമ്പോൾ, 1.7 ദശലക്ഷത്തിലധികം കുട്ടികൾ സുഡാന്റെ അതിർത്തിക്കുള്ളിൽ തന്നെ പലായനം ചെയ്യുന്നതായും 4,70,000-ത്തിലധികം പേർ അയൽരാജ്യങ്ങളിലേക്ക് കടക്കുന്നതായും കണക്കാക്കപ്പെടുന്നു.

നിലവിൽ, ഏകദേശം 14 ദശലക്ഷം കുട്ടികൾക്ക് മാനുഷിക പിന്തുണയുടെ അടിയന്തിര ആവശ്യമുണ്ട്. അവരിൽ പലരും ദിവസവും വിവിധ തരം ഭീഷണികളും ഭയാനകമായ അനുഭവങ്ങളും  നേരിടുന്നു. ഡാർഫർ, കാർട്ടൂം തുടങ്ങിയ സംഘർഷ സാധ്യതയുള്ള സ്ഥലങ്ങൾക്ക് പുറമേ, ദക്ഷിണ, പടിഞ്ഞാറൻ കോർഡോഫാൻ ഉൾപ്പെടെയുള്ള മറ്റ് ജനവാസ മേഖലകളിലേക്കും കനത്ത പോരാട്ടം വ്യാപിച്ചിട്ടുള്ളത് ആവശ്യക്കാർക്ക്അടിയന്തിര ജീവൻ രക്ഷാ സേവനങ്ങൾ നൽകുന്നതിനും ബന്ധപ്പെടുന്നതിനുമുള്ള മാർഗ്ഗങ്ങൾ പരിമിതപ്പെടുത്തുന്നു. ഏറ്റവും പുതിയ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (IPC), ഭക്ഷ്യ അരക്ഷിതാവസ്ഥ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും 2023 ജൂലൈ മുതൽ സെപ്തംബർ വരെ സുഡാനിലെ 20.3 ദശലക്ഷം ആളുകൾ ഭക്ഷ്യ അരക്ഷിതാവസ്ഥയിലായിരിക്കുമെന്നും റിപ്പോർട്ട് ചെയ്യുന്നു. അവരിൽ പകുതിയെങ്കിലും കുട്ടികളായിരിക്കും എന്നും കണക്കാക്കുന്നു.

“ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ  രണ്ട് ദശലക്ഷത്തിലധികം കുട്ടികൾ സംഘട്ടനത്താൽ പിഴുതെറിയപ്പെടുകയും കൂടുതൽ പേർ അതിന്റെ ക്രൂരമായ പിടിയിൽ അകപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, കൂട്ടായ പ്രതികരണത്തിന്റെ അടിയന്തിര ആവശ്യം പറഞ്ഞറിയിക്കാനാവില്ല,” എന്ന് സുഡാനിലെ യൂണിസെഫ് പ്രതിനിധി മൻദീപ് ഒബ്രിയൻ പറഞ്ഞു. കുട്ടികളുടെയും കുടുംബങ്ങളുടെയും സങ്കൽപ്പിക്കാൻ പോലുമാവാത്ത കഥകളാണ് തങ്ങൾ കേൾക്കുന്നതെന്നും അവരിൽ ചിലർക്ക് എല്ലാം നഷ്ടപ്പെടുകയും അവരുടെ പ്രിയപ്പെട്ടവർ സ്വന്തം കൺമുന്നിൽ മരിക്കുന്നത് കാണേണ്ടി വരുകയും ചെയ്തതായി അദ്ദേഹം കൂട്ടി ചേർത്തു.

ഈ കുട്ടികൾക്ക് അതിജീവിക്കാൻ ഇപ്പോൾ സമാധാനം ആവശ്യമാണ് എന്ന് വീണ്ടും അദ്ദേഹം ആവർത്തിച്ചു. മഴക്കാലമായതോടെ വെള്ളം കയറി നിരവധി വീടുകൾ തകർന്നതോടെ കൂടുതൽ കുടുംബങ്ങൾ പലായനം ചെയ്തു. കൂടാതെ, മഴക്കാലത്ത് കോളറ, ഡെങ്കിപ്പനി, റിഫ്റ്റ് വാലി പനി, ചിക്കുൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. നിലവിൽ, സുഡാനിൽ 9.4 ദശലക്ഷത്തിലധികം കുട്ടികൾ അഭിമുഖീകരിക്കുന്ന  ശുദ്ധജല ദൗർലഭ്യവും, 5 വയസ്സിന് താഴെയുള്ള 3.4 ദശലക്ഷം കുട്ടികൾക്ക്  വയറിളക്കത്തിനും കോളറയ്ക്കുമുള്ള ഉയർന്ന അപകടസാധ്യതയും അദ്ദേഹം എടുത്തു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 August 2023, 11:25