പ്രാർത്ഥനയോടെയും, പ്രതീക്ഷയോടെയും ഉക്രൈൻ സഹോദരങ്ങൾ
ഫാ.ജിനു തെക്കേത്തലക്കൽ,വത്തിക്കാൻ സിറ്റി
റഷ്യൻ ആക്രമണത്തിൽ രക്തസാക്ഷിയായി മാറുന്ന ഉക്രൈൻ രാജ്യത്തിലെ ജനങ്ങൾ പ്രാർത്ഥനയോടെയും,പ്രതീക്ഷയോടെയുമാണ് ഓരോ ദിവസവും ആരംഭിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ്, യുദ്ധത്തിന്റെ തുടക്കം മുതൽ എല്ലാ ദിവസവും രാവിലെ 9.00 ന്, ചെർനിവ്‌സിയിലെ ബുക്കോവിന സ്‌ക്വയറിൽ സൈനിക ബാൻഡ് ഉക്രൈനുവേണ്ടിയുള്ള പ്രാർത്ഥനാഗാനം ആലപിക്കുന്നത്.
ആലാപനവേളയിൽ എല്ലാവരും നിശബ്ദരായി രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കും, വാഹനമോടിക്കുന്നവർ തങ്ങളുടെ വാഹനത്തിന്റെ എൻജിൻ പോലും നിറുത്തിവച്ചുകൊണ്ട് പ്രാർത്ഥനയിൽ പങ്കുകൊള്ളും.
ഉക്രൈനിൽ യുദ്ധഭീഷണികൾ ഏറെ നിലനിൽക്കുന്ന സ്ഥലങ്ങളിൽനിന്നും അഭയാർഥികളുടെ വലിയ ഒഴുക്കും ചെർനിവ്‌സിയിലേക്കുണ്ട്.അവരിൽ പ്രായമായവരും, രോഗികളുമായ നിരവധിപേർ ഉണ്ടെന്നതും വസ്തുതയാണ്.
രണ്ടാം ലോകമഹായുദ്ധത്തിൽ ഏറെ കഷ്ടതകൾ സഹിച്ച വൃദ്ധരായ ആളുകൾ വിശ്രമിക്കേണ്ട വാർധക്യത്തിൽ വീണ്ടുമൊരു യുദ്ധത്തെ നേരിടുവാൻ തങ്ങളുടെ വീടും നാടും ഉപേക്ഷിച്ച് കിലോമീറ്ററുകൾ നടന്നുപോകുന്ന കാഴ്ച ഏതൊരുവന്റെയും കരളലിയിക്കുന്ന കാഴ്ചയാണ്.
വഴിതോറും സന്നദ്ധസംഘടനകളിലെ ആളുകൾ അഭയാർഥികളായി സഹോദരങ്ങൾക്ക് കഴിക്കുവാനുള്ള ബ്രെഡും, ട്യൂണ മത്സ്യ പാക്കറ്റുകളും, ആരോഗ്യപരിപാലനത്തിനുള്ള കിറ്റുകളുമൊക്കെ വിതരണം ചെയ്യുമ്പോൾ നന്ദിയോടെ സ്വീകരിക്കുന്ന ആളുകളുടെ ഹൃദയങ്ങളിൽ, സമാധാനം എത്രയും വേഗം പുനഃസ്ഥാപിച്ചുകൊണ്ട് തങ്ങളുടെ വീടുകളിലേക്ക് മടങ്ങിപോകുവാനുള്ള അവസരത്തിനായുള്ള പ്രാർത്ഥനയാണ് മുഴങ്ങുക.
കത്തോലിക്കാ സഭ ചെയ്യുന്ന നിസ്വാർത്ഥമായ സേവനങ്ങൾക്ക് ഉക്രൈൻ ജനത കൃതജ്ഞത രേഖപ്പെടുത്തുന്നതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: