തിരയുക

സംരക്ഷണമേകേണ്ടവർ സംഹാരകരാകുമ്പോൾ സംരക്ഷണമേകേണ്ടവർ സംഹാരകരാകുമ്പോൾ 

സുഡാനിൽ കലാപങ്ങൾ തുടരുന്നു: ഫീദെസ് വാർത്താ ഏജൻസി

പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിൽ നടക്കുന്ന സംഘർഷങ്ങൾക്കിടയിൽ സുഡാനിൽ തുടരുന്ന ശക്തമായ സംഘർഷങ്ങൾ വിസ്മരിക്കപ്പെടുന്നുവെന്ന് ഫീദെസ് വാർത്താ ഏജൻസി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സുഡാനിൽ കലാപങ്ങൾ ശക്തമായി തുടരുന്നുവെന്നും, നിലവിൽ പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിൽ നടന്നുവരുന്ന സംഘർഷങ്ങൾക്കിടയിൽ സുഡാനിൽ തകർക്കപ്പെടുന്ന സമാധാനസ്ഥിതി മറക്കരുതെന്നും ഫിദെസ് വാർത്താ ഏജൻസി. സുഡാനിൽ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ (RSF) സൈന്യവും തമ്മിൽ ആരംഭിച്ച സംഘർഷങ്ങൾ, രാജ്യത്തെ മറ്റു സായുധവിഭാഗങ്ങളെക്കൂടി ഈ സംഘർഷങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ സാധ്യതയുണ്ടെന്നും ഫീദെസ് അറിയിച്ചു.

കത്തോലിക്കാ സമാധാനസേവനസംഘം അറിയിച്ചതനുസരിച്ച് സുഡാനിലെ മാനവികപ്രതിസന്ധികൾ അതിശക്തമാണ്. രാജ്യത്തെ ജനസംഖ്യയിൽ ഏതാണ്ട് പകുതിയോളം, അതായത് രണ്ടരക്കോടിയോളം ആളുകൾക്ക് അതിജീവനത്തിനായി അടിയന്തിര മാനവികസഹായം ആവശ്യമാണ്. കഴിഞ്ഞ ഏപ്രിൽ മാസം സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിന് മുൻപുതന്നെ രാജ്യത്ത് ദാരിദ്ര്യത്തിന്റെയും, പോഷകാഹാരക്കുറവിന്റെയും സ്ഥിതി റൊക്കോഡ് നിലയിലേക്കെത്തിയിരുന്നുവെന്ന് സംഘടന അറിയിച്ചു.

മുപ്പത് ലക്ഷത്തോളം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവിന്റെ ഭീഷണിയിലാണെന്ന് ഈ സാമൂഹ്യസേവനസംഘം അറിയിച്ചു. ഏതാണ്ട് ഇരുപത് ലക്ഷത്തോളം ആളുകൾ ദാരിദ്ര്യഭീഷണി നേരിടുന്നു. ഭക്ഷ്യപ്രതിസന്ധി ഏതാണ്ട് തൊണ്ണൂറ് ലക്ഷം ആളുകളെ ബാധിച്ചേക്കുമെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു.

സുഡാൻ തലസ്ഥാനമായ ഖാർത്തൂം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇപ്പോഴും കടുത്ത പീരങ്കി ആക്രമണം തുടരുകയാണ്.

നൈജറിൽ നടക്കുന്ന സംഘർഷങ്ങളിൽ സുഡാനെ ആളുകൾ മറക്കരുതെന്ന് ഫീദെസ് കത്തോലിക്കാ വാർത്താ ഏജൻസി ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 August 2023, 14:15