തിരയുക

ഒരു സുഡാനി ബാലനും പട്ടാളക്കാരനും ഒരു സുഡാനി ബാലനും പട്ടാളക്കാരനും  (ANSA)

സുഡാനിൽ പട്ടിണിമൂലം അഞ്ഞൂറോളം കുട്ടികൾ മരണമടഞ്ഞു: സേവ് ദി ചിൽഡ്രൻ

ദാരിദ്രവും പോഷകാഹാരക്കുറവ് മൂലമുള്ള രോഗങ്ങളും കാരണം കഴിഞ്ഞ മാസങ്ങളിൽ മാത്രം ഏതാണ്ട് അഞ്ഞൂറോളം കുട്ടികൾ മരണമടഞ്ഞതായി കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കഴിഞ്ഞ ഏപ്രിൽ മാസം മുതൽ സുഡാനിൽ തുടരുന്ന സംഘർഷങ്ങൾക്കിടയിൽ, പട്ടിണിയും, പോഷകാഹാരക്കുറവ് മൂലമുള്ള രോഗങ്ങളും കാരണം ഏതാണ്ട് അഞ്ഞൂറോളം കുട്ടികൾ ഇതിനോടകം മരണമടഞ്ഞുവെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. സംഘർഷങ്ങൾക്കിടയിൽ നിരവധി ഭക്ഷ്യസംരക്ഷണ ശാലകൾ കൊള്ളചെയ്യപ്പെടുകയും കുട്ടികൾക്കായുള്ള പോഷകാഹാര പാക്കറ്റുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്‌തുക്കൾ മോഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു.

രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത പ്രതിസന്ധിയിൽ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഭക്ഷണവും സഹായങ്ങളും സുരക്ഷിതമായി എത്തിക്കുവാൻവേണ്ടി സാമ്പത്തികസഹായമുൾപ്പെടെയുള്ള സഹകരണവും പരിഹാരമാർഗ്ഗങ്ങളും ഉറപ്പാക്കണമെന്ന് അന്താരാഷ്ട്രസമൂഹത്തോട് സേവ് ദി ചിൽഡ്രൻ ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 22 ചൊവ്വാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് സുഡാനിലെ കുട്ടികളും കുടുംബങ്ങളും നേരിടുന്ന പ്രതിസന്ധിയിലേക്ക് സേവ് ദി ചിൽഡ്രൻ ശ്രദ്ധ ക്ഷണിച്ചത്.

മരണമടഞ്ഞതായി രേഖപ്പെടുത്തപ്പെട്ട 498 കുട്ടികൾക്കു പുറമെ നിരവധി കുട്ടികൾ മരണമടഞ്ഞിട്ടുണ്ടാകാമെന്ന് സംഘടന വ്യക്തമാക്കി. ഇവരിൽ ഇരുപത് കുട്ടികൾ ഒരു സർക്കാർ അനാഥാലയത്തിലാണ് മരണമടഞ്ഞത്.

സുഡാനിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം രാജ്യത്തുടനീളം കുട്ടികൾക്കായുള്ള 57 ഭക്ഷ്യചികിത്സാകേന്ദ്രങ്ങൾ സർക്കാർ അടച്ചുപൂട്ടിയിരുന്നു. ഏതാണ്ട് 31000 കുട്ടികൾക്കാണ് ഇതുവഴി ചികിത്സാസൗകര്യം നിഷേധിക്കപ്പെട്ടത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 August 2023, 18:32