തിരയുക

ഏവർക്കും അവകാശപ്പെട്ട വിദ്യാഭ്യാസം - നേപ്പിൾസിൽനിന്നുള്ള ഒരു ദൃശ്യം ഏവർക്കും അവകാശപ്പെട്ട വിദ്യാഭ്യാസം - നേപ്പിൾസിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

വികസിത യൂറോപ്പിലും സഹനത്തിന്റെ ബാല്യം: സേവ് ദി ചിൽഡ്രൻ

തെക്കൻ ഇറ്റലിയിലെ കൈവാനോയിലെ കുട്ടികളുടെ ദുരിതസ്ഥിതിയിലേക്ക് വെളിച്ചം വീശി സേവ് ദി ചിൽഡ്രൻ സംഘടന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വികസിതമെന്ന് അഭിമാനിക്കുന്ന യൂറോപ്പിലെ ചിലയിടങ്ങളിൽ ഇപ്പോഴും ഭക്ഷ്യ, വിദ്യാഭ്യാസമേഖലകളിൽ കുട്ടികൾ ദുരിതമനുഭവിക്കുന്നുവെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടനയുടെ യൂറോപ്യൻ വിഭാഗം. തെക്കൻ ഇറ്റലിയിലെ നേപ്പിൾസ് നഗരത്തിന് സമീപത്തുള്ള കൈവാനോ പ്രദേശത്ത് ജീവിക്കുന്ന ഏതാണ്ട് ഏഴായിരത്തിലധികം കുട്ടികളിൽ പതിനേഴ് ശതമാനം കുട്ടികൾക്ക് മാത്രമാണ് സ്കൂളിൽ ഭക്ഷണം ലഭിക്കുന്നതെന്നും, മുപ്പത് ശതമാനം കുട്ടികൾക്ക് മാത്രമാണ് മുഴുവൻ സമയവിദ്യാഭ്യാസം ലഭ്യമാകുന്നതെന്നും സേവ് ദി ചിൽഡ്രൻറെ യൂറോപ്പിലെ വിഭാഗം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ഈ പ്രദേശത്തെ കുട്ടികളിൽ വിദ്യാഭ്യാസരംഗത്ത് വിജയം കണ്ടെത്തുന്നവർ, ദേശീയ ശരാശരിയേക്കാൾ താഴെയാണെന്നും ലോകമെങ്ങും കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന ഈ അന്താരാഷ്ട്രസംഘടന ചൂണ്ടിക്കാട്ടി.

7414 ആളുകൾ അധിവസിക്കുന്ന കൈവാനോ പ്രദേശത്തെ ജനസംഖ്യയിൽ ഇരുപത് ശതമാനത്തിലധികവും കുട്ടികളാണ്. എന്നാൽ ഇവരിൽ പതിനേഴ് ശതമാനത്തിന് മാത്രമാണ് സ്കൂളുകളിൽനിന്നുള്ള ഭക്ഷണം ലഭ്യമാകുന്നത്. 30 ശതമാനത്തിന് മാത്രമാണ് മുഴുവൻ സമയവിദ്യാഭ്യാസം ലഭ്യമാകുന്നത്. ഇതിന്റെ ഫലമായി ഈ പ്രദേശങ്ങളിലെ 25-നും 49-നും ഇടയിൽ പ്രായമുള്ള ആളുകളിൽ 38.4 ശതമാനം ആളുകൾക്ക് മാത്രമാണ് ഹൈസ്കൂൾ വിദ്യാഭ്യാസം നേടുവാനായിട്ടുള്ളത്. ഹൈസ്കൂൾ ഡിപ്ലോമ നേടിയിട്ടുള്ള ആളുകളുടെ ദേശീയശരാശരി 46.6 ശതമാനമാണ്.

ഇറ്റലിയിൽ ഇതുപോലെയുള്ള പ്രദേശങ്ങൾ നിരവധിയുണ്ടെന്നും, അവിടങ്ങളിൽ കൂടുതൽ വിദ്യാഭ്യാസസൗകര്യങ്ങൾ ഒരുക്കേണ്ടത് ആവശ്യമാണെന്നും, സൗജന്യഭക്ഷണം, കുട്ടികൾക്ക് മുഴുവൻ സമയവിദ്യാഭ്യാസ സൗകര്യം, ഉയർന്ന വിദ്യാഭ്യാസസാന്ദ്രതയുള്ള കേന്ദ്രങ്ങൾ തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനായി കൂടുതൽ സാമ്പത്തികനിക്ഷപം നീക്കിവയ്ക്കേണ്ടതുണ്ടെന്നും, സേവ് ദി ചിൽഡ്രൻറെ ഇറ്റലി-യൂറോപ്പ് മേഖലകളിലെ പദ്ധതികളുടെ ഡയറക്ടർ റഫേല മിലാനോ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 August 2023, 17:35