കഷ്ടതയിലും രോഗത്തിലും അഭയമാകുന്ന ദൈവം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
അനുസ്മരണബലിക്ക് ദാവീദിന്റെ സങ്കീർത്തനം എന്ന പേരിലുള്ള മുപ്പത്തിയെട്ടാം സങ്കീർത്തനം രോഗിയും പീഡിതനുമായ ഒരുവന്റെ വിലാപഗാനമാണ്. അനുതാപസങ്കീർത്തനങ്ങൾ എന്നറിയപ്പെടുന്ന ഏഴു സങ്കീർത്തനങ്ങളിൽ മൂന്നാമത്തേതാണിത് (സങ്കീ. 6, 32, 38, 51, 102, 130, 143). തന്റെ പാപങ്ങളാണ് ശാരീരികവും മാനസികവുമായ രോഗങ്ങൾ തനിക്ക് സമ്മാനിച്ചതെന്നും, തന്റെ വീഴ്ചകളാണ് സമൂഹത്തിൽ താൻ ബഹിഷ്കരിക്കപ്പെടാൻ കാരണമായതെന്നും സങ്കീർത്തകൻ കരുതുന്നു. രോഗകാരണം പാപമാണെന്ന സങ്കൽപ്പത്തിന് പ്രാധാന്യം കൊടുത്ത്, അതിശയോക്തികരമായ രീതിയിലാണ് സങ്കീർത്തകൻ തന്റെ വിഷമാവസ്ഥയെ ചിത്രീകരിച്ചിരിക്കുന്നത്. മറ്റാരിലും സഹായം കണ്ടെത്താനില്ലാത്ത അവന്, തന്റെ ഭൂതകാല തെറ്റുകളെ മായ്ക്കാനും, ജീവിതത്തെ തിരികെ ഊർജ്ജസ്വലമാക്കാനും ദൈവം മാത്രമേ തുണയായുള്ളൂ. തന്നെ കുറ്റം പറയുകയും തന്നോട് തിന്മ ചെയ്യുകയും ചെയ്യുന്നവർ അകാരണമായാണ് തന്നെ ദ്വേഷിക്കുന്നത് എന്ന് അവകാശപ്പെടുന്ന സങ്കീർത്തകൻ സഹായത്തിനായി കർത്താവിൽ അഭയം തേടുന്നു.
സങ്കീർത്തകന്റെ ജീവിതാവസ്‌ഥ
സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ പതിനാല് വരെയുള്ള വാക്യങ്ങളിൽ തന്റെ ജീവിതാവസ്ഥയെക്കുറിച്ചാണ് ദാവീദ് എഴുതുന്നത്. തന്റെ അകൃത്യങ്ങളും ഭോഷത്തവും മൂലം ദൈവവുമായി താൻ അകന്നുപോയെന്നും, അവന്റെ ക്രോധത്തിന് അർഹനായെന്നും തിരിച്ചറിയുമ്പോഴും, ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം കാത്തുസൂക്ഷിച്ചുകൊണ്ട്, സ്വാതന്ത്ര്യത്തോടെയും ശരണത്തോടെയുമാണ് സങ്കീർത്തകൻ പ്രാർത്ഥിക്കുകയും കരുണയ്ക്കായി അപേക്ഷിക്കുകയും ചെയ്യുന്നത്.
കർത്താവിന്റെ കോപത്തിന്റെ അസ്ത്രം തന്റെമേൽ ആഞ്ഞു തറച്ചിരിക്കുന്നുവെന്നും, അവന്റെ രോഷം മൂലമാണ് തനിക്ക് അസ്വസ്ഥത ഉളവായിരിക്കുന്നതെന്നും ദൈവത്തോട് ഏറ്റുപറയുന്ന ദാവീദിനെയാണ് ഒന്ന് മുതലുള്ള വാക്യങ്ങളിൽ നാം കാണുക. പാപവും അകൃത്യങ്ങളുമാണ് തന്റെ ശാരീരികവും മാനസികവുമായ അസ്വസ്ഥതയ്ക്ക് കാരണമായതെന്ന് ദാവീദ് കരുതുന്നു (സങ്കീ. 38, 2-4). എന്നാൽ തന്റെ വീഴ്ചകളുടെ മുന്നിലും തന്നെ ശാസിക്കരുതേയെന്നും, ശിക്ഷിക്കരുതേയെന്നും അവൻ അപേക്ഷിക്കുന്നു (സങ്കീ. 38, 1). അകൃത്യങ്ങൾ തന്റെ ജീവിതത്തെ ഭാരപ്പെടുത്തുന്നുവെന്ന് ദാവീദ് തിരിച്ചറിയുന്നത് സങ്കീർത്തനത്തിന്റെ നാലുമുതലുള്ള വാക്യങ്ങളിൽ നാം കാണുന്നുണ്ട്: "എന്റെ അകൃത്യങ്ങൾ എന്റെ തലയ്ക്കു മുകളിൽ ഉയർന്നിരിക്കുന്നു; അത് എനിക്ക് താങ്ങാനാവാത്ത ചുമടായിരിക്കുന്നു" (സങ്കീ. 38, 4). തന്റെ തിന്മകളും പാപങ്ങളും തന്റെ ശരീരത്തെ വേദനിപ്പിക്കുന്നതും ദുരിതത്തിലാഴ്ത്തുന്നതും ദാവീദ് തിരിച്ചറിയുന്നുണ്ട്. അഴുകുന്ന വ്രണങ്ങൾ ഒരുപക്ഷെ അവനെ മറ്റുള്ളവരിൽനിന്ന് അകറ്റി നിറുത്തുന്നുണ്ടാകണം. പാപങ്ങളെക്കുറിച്ചോർത്ത് വിലപിച്ച് കഴിയുന്ന അവന്റെ ശരീരം ക്ഷീണിച്ചു തകർന്നിരിക്കുന്നു, കുറ്റബോധത്താൽ ആത്മാവും (സങ്കീ. 38, 6-8). സത്യസന്ധതയോടെ ദൈവത്തിന് മുൻപിൽ തന്റെ തെറ്റുകളെക്കുറിച്ച് പശ്ചാത്തപിക്കുന്നതിനും വിലപിക്കുന്നതിനും മടികാണിക്കാത്ത ഒരു വിശ്വാസിയെയാണ് നാം ഈ വരികളിൽ കാണുന്നത്.
ദൈവം എല്ലാം അറിയുന്നവനാണെന്നും, തന്റെ ഭക്തന്റെ തേങ്ങൽ അവൻ കാണുന്നുണ്ടെന്നും ദാവീദ് തിരിച്ചറിയുന്നുണ്ട് (സങ്കീ. 38, 9). എങ്കിലും താൻ അനുഭവിക്കുന്ന ശാരീരികമായ ബുദ്ധിമുട്ടുകളും, തനിക്കെതിരെ തിരിഞ്ഞിരിക്കുന്ന മനുഷ്യരുയർത്തുന്ന ഭയവും അവൻ ദൈവത്തിന് മുൻപിൽ വിശദീകരിക്കുന്നതാണ് പത്ത് മുതൽ പതിനാല് വരെയുള്ള വാക്യങ്ങളിൽ നാം കാണുന്നത്. അവന്റെ ശക്തി ക്ഷയിച്ചിരിക്കുന്നു, നന്മയുടെ പ്രകാശം അവന്റെ കണ്ണുകളിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു (സങ്കീ. 38, 10). അപരാധങ്ങൾ അവനെ തന്റെ സുഹൃത്തുക്കളിൽനിന്നും ഉറ്റവരിൽനിന്നും പോലും അകറ്റിയിരിക്കുന്നു (സങ്കീ. 38, 11). അവനു സമീപസ്ഥരായിരിക്കുന്നവർ അവന്റെ ജീവനെ വേട്ടയാടുവാനും ഉപദ്രവിക്കുവാനും ആഗ്രഹിക്കുന്നവരും അവനെതിരെ വഞ്ചന ഒരുക്കുന്നവരുമാണ് (സങ്കീ. 38, 12). മറ്റുള്ളവർക്ക് മുൻപിൽ ഒന്നും സംസാരിക്കാനോ, അവർക്കു മറുപടി നൽകാനോ സാധിക്കാത്ത അവന് ദൈവം മാത്രമാണ് തുണയായുള്ളത് (സങ്കീ. 38, 13-14).
കൈവെടിയാത്ത ദൈവത്തിൽ അഭയം
തന്റെ കുറ്റങ്ങളും കുറവുകളും ഏറ്റുപറയുന്ന ദാവീദ് പക്ഷെ, തന്നെ മറ്റുള്ളവരുടെ മുന്നിൽ അപഹാസ്യനാക്കരുതേയെന്നും, തനിക്കെതിരെ സംസാരിക്കുകയും പ്രവർത്തിരിക്കുകയും ചെയ്യുന്നവർ അന്യായമായാണ് അവ ചെയ്യുന്നതെന്നുമാണ് പതിനഞ്ചു മുതലുള്ള വാക്യങ്ങളിൽ എഴുതുക. എല്ലാമറിയുന്ന, പാപികളെയും വീണുപോയവരെയും ശ്രവിക്കുന്ന, അവരെ കൈപിടിച്ചുയർത്തുന്ന, ദൈവത്തിലാണ് അനുതപിക്കുന്ന പാപികൾക്ക് ഉറച്ച അഭയം കണ്ടെത്താനാവുക. തന്റെ ദുരിതാവസ്ഥകൾ ദൈവത്തിന് മുൻപിൽ വിശദീകരിച്ച ദാവീദ് കർത്താവിന്റെ കാരുണ്യവചസ്സുകൾക്കുവേണ്ടിയാണ് കാത്തിരിക്കുന്നത് (സങ്കീ. 38, 15). തന്റെ വീഴ്ചകളിൽ സന്തോഷിക്കാൻ അഹങ്കാരികളായ തന്റെ ശത്രുക്കളെ അനുവദിക്കരുതേയെന്ന് അവൻ പ്രാർത്ഥിക്കുന്നു (സങ്കീ. 38, 16). കർത്താവിനായി കാത്തിരിക്കുമ്പോഴും ദാവീദിനെ അവന്റെ വേദനകൾ വിട്ടകലുന്നില്ല. അതുകൊണ്ടുതന്നെ, അവൻ തന്റെ പാപങ്ങളെപ്പറ്റി അനുതപിച്ച്, തന്റെ അകൃത്യങ്ങൾ ദൈവത്തിന് മുൻപിൽ ഏറ്റുപറയുന്നു (സങ്കീ. 38, 17-18). പാപത്തെക്കുറിച്ച് ദുഃഖിക്കുന്നത്, ഒരുവനെ അതിന്റെ തിന്മയിൽനിന്ന് മോചിപ്പിക്കുന്നില്ല, എന്നാൽ ദൈവസന്നിധിയിൽ അനുതാപത്തോടെ പാപങ്ങൾ ഏറ്റുപറയുകയും, കാരുണ്യം അപേക്ഷിക്കുകയും ചെയ്യുമ്പോഴാണ് ഒരുവൻ ആശ്വാസം കണ്ടെത്തുന്നത്.
തന്റെ ശത്രുക്കൾ ശക്തരാണെന്നും, അന്യായമായി അനേകർ തന്നെ വെറുക്കുന്നുവെന്നും ദാവീദ് ദൈവത്തിന് മുൻപിൽ വിലപിക്കുന്നു (സങ്കീ. 38, 19). താൻ നന്മ ചെയ്യുമ്പോഴും അവർ തിന്മ ചെയ്യുന്നുവെന്നും, താൻ നന്മ ചെയ്യുന്നതുകൊണ്ടാണ് അവർ തന്റെ വിരോധികളായതെന്നും ദാവീദ് ദൈവത്തോട് പറയുന്നു (സങ്കീ. 38, 20). സങ്കീർത്തനത്തിന്റെ ആദ്യഭാഗത്തേതുപോലെ തന്നെ, ഇവിടെയും താൻ തെറ്റുകളും കുറ്റങ്ങളും ചെയ്തിട്ടില്ല എന്ന് ദാവീദ് അവകാശപ്പെടുന്നില്ല. മറിച്ച്, താൻ നന്മകൾ ചെയ്യുമ്പോഴും തന്റെ ശത്രുക്കൾ അവയ്ക്ക് പകരം തിന്മയാണ് തന്നോട് ചെയ്യുന്നത് എന്നാണ് അവൻ പരിതപിക്കുന്നത്.
"കർത്താവേ, എന്നെ കൈവിടരുതേ! എന്റെ ദൈവമേ, എന്നിൽനിന്ന് അകന്നിരിക്കരുതേ! എന്റെ രക്ഷയായ കർത്താവേ, എന്നെ സഹായിക്കാൻ വേഗം വരണമേ!" (സങ്കീ. 38, 21-22) എന്ന വേദനിക്കുന്ന ഹൃദയത്തിൽനിന്നുയരുന്ന പ്രാർത്ഥനയോടെയാണ് സങ്കീർത്തനം അവസാനിക്കുന്നത്. പാപം പാപിയെ ദൈവസാന്നിധ്യത്തിൽനിന്ന് അകറ്റുന്നുവെന്നും, അത് അവന്റെ ഹൃദയവ്യഥയ്ക്ക് കാരണമാകുമെന്നുമുള്ള ബോധ്യത്തോടെയാണ് ദാവീദ് കർത്താവിന്റെ സഹായവും സാമീപ്യവും അപേക്ഷിക്കുന്നത്. ജീവിതസാഹചര്യങ്ങൾ വ്യത്യാസപ്പെടാത്തപ്പോഴും, ദൈവത്തിലുള്ള ആഴമേറിയ വിശ്വാസത്തിൽ തുടരുന്ന ദാവീദിന്റെ ജീവിതം ഓരോ വിശ്വാസിക്കും മാതൃകയാകേണ്ടതാണ്.
സങ്കീർത്തനം ജീവിതത്തിൽ
പാപവും തിന്മയും ദുർബലനും ബലഹീനനുമായ മനുഷ്യനെ അവന്റെ നാഥനും ശരണവുമായ ദൈവത്തിൽനിന്ന് അകറ്റുമെന്നും, അവന്റെ ജീവിതത്തെ ദുഃഖത്തിന്റെയും വേദനയുടെയും പടുകുഴിയിലേക്ക് തള്ളുമെന്നും മുപ്പത്തിയെട്ടാം സങ്കീർത്തനത്തിലൂടെ ദാവീദ് നമ്മെ ഓർമ്മിപ്പിക്കുന്നു. കർത്താവിനാൽ തിരഞ്ഞെടുക്കപ്പെട്ട ദാവീദിന്റെ ജീവിതത്തിലും മാനുഷികമായ ബലഹീനതകളും വീഴ്ചകളും ഉണ്ടാവുകയും, അവൻ ദൈവത്തിന്റെ അപ്രീതിക്ക് പാത്രമാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ അനുതാപത്തോടെ തന്റെ കുറ്റങ്ങളും കുറവുകളും ദൈവസന്നിധിയിൽ ഏറ്റുപറയുകയും, അവന്റെ കാരുണ്യം അപേക്ഷിക്കുകയും ചെയ്‌തപ്പോൾ ക്ഷമിക്കുകയും, പൊറുക്കുകയും, വീണ്ടെടുക്കുകയും ചെയ്യുന്ന ദൈവസ്നേഹത്തിന്റെ മാധുര്യമനുഭവിക്കാൻ അവനു സാധിച്ചിട്ടുണ്ട് ചെയ്‌തിട്ടുണ്ട്. പാപികളോ, തിരസ്കരിക്കപ്പെട്ടവരോ ആയിരിക്കുമ്പോഴും നാം ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട മക്കളാണെന്നും, നമ്മെയും നമ്മുടെ ഉളളവും പൂർണ്ണമായി അറിയുന്ന അവനിലേക്ക്, അനുതാപത്തോടെ തിരികെ വന്ന്, അവന്റെ മാർഗ്ഗത്തിൽ ചരിച്ച്, അവനിൽ യഥാർത്ഥ അഭയവും സംരക്ഷണവും ആനന്ദവും കണ്ടെത്താൻ അവകാശവും കടമയുമുള്ളവരുമാണെന്ന ബോധ്യത്തിൽ വളരാനും, എന്നും അവന്റെ സാമീപ്യത്തിന്റെ മാധുര്യമനുഭവിക്കാനും മുപ്പത്തിയെട്ടാം സങ്കീർത്തനവിചിന്തനം നമ്മെ സഹായിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: