തിരയുക

സങ്കീർത്തനചിന്തകൾ - 37 സങ്കീർത്തനചിന്തകൾ - 37 

തിന്മയും ദുഷ്ടതയും നിത്യം നിലനിൽക്കില്ല

വചനവീഥി: മുപ്പത്തിയേഴാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
മുപ്പത്തിയേഴാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പ്രവാസന്തരകാലത്ത്, തന്റെ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, ദാവീദ് എഴുതിയതെന്ന് കരുതപ്പെടുന്ന മുപ്പത്തിയേഴാം സങ്കീർത്തനം ജീവിതത്തിൽ മനുഷ്യർ നേരിടേണ്ടിവരുന്ന ചില ചോദ്യങ്ങളെയാണ് വിശകലനം ചെയ്യുന്നത്. ജ്ഞാനസങ്കീർത്തനങ്ങളുടെ വിഭാഗത്തിൽപ്പെടുന്ന ഈ സങ്കീർത്തനവാക്യങ്ങൾ ഹെബ്രായ അക്ഷരമാലാക്രമത്തിലാണ് ആരംഭിക്കുന്നത്. തിന്മ എന്ന ഒരു സങ്കീർണ്ണമായ പ്രശ്നത്തെക്കുറിച്ചാണ് ദാവീദ് പ്രതിപാദിക്കുന്നത്. എന്തുകൊണ്ടാണ് ദുഷ്ടർ അഭിവൃദ്ധി പ്രാപിക്കുകയും നന്മ പ്രവർത്തിക്കുന്നവർ കഷ്ടപ്പെടുകയും ചെയ്യേണ്ടിവരുന്നത് എന്ന ഒരു ചോദ്യത്തിന് ഉത്തരമായി, ഇത്തരമൊരു അവസ്ഥ താൽക്കാലികം മാത്രമാണ് എന്ന ഉത്തരമാണ് സങ്കീർത്തനം നൽകുന്നത്. എല്ലാമറിയുന്ന ദൈവം താമസംവിനാ നന്മ ചെയ്യുന്നവർക്കും തിന്മയിൽ തുടരുന്നവർക്കും അവരുടെ പ്രവൃത്തികൾക്കനുസരിച്ച്, അവരർഹിക്കുന്ന പ്രതിഫലം നൽകുമെന്ന കാഴ്ചപ്പാട് യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്നതാണെന്ന് ദാവീദ് വ്യക്തമാക്കുന്നു. ഇസ്രായേൽ ജനതയ്ക്കും സങ്കീർത്തനവരികൾ ധ്യാനിക്കുന്ന ഓരോ മനുഷ്യർക്കും, തിന്മയിൽനിന്നകന്ന്, നന്മപ്രവൃത്തികൾ ചെയ്തുകൊണ്ട് ജീവിക്കാനുള്ള ഒരു വിളികൂടിയാണ് ദാവീദിന്റെ ഈ കീർത്തനം നൽകുന്നത്.

നന്മയെ സ്നേഹിച്ചു ജീവിക്കുക

നന്മയിൽ ജീവിക്കുവാനും ദുഷ്ടരുടെ വളർച്ചയിൽ അസ്വസ്ഥരാകാതിരിക്കുവാനുമുള്ള ഉപദേശങ്ങളാണ് സങ്കീർത്തനത്തിന്റെ ആദ്യ പതിനൊന്ന് വാക്യങ്ങളിൽ നാം കാണുക. തിന്മ പ്രവർത്തിക്കുന്നവരെക്കുറിച്ച് നാം അസ്വസ്ഥരാകേണ്ട കാര്യമില്ലെന്ന് സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നു: “ദുഷ്ടരെക്കണ്ടു നീ അസ്വസ്ഥനാകേണ്ട; ദുഷ്കർമ്മികളോട് അസൂയപ്പെടുകയും വേണ്ട. അവർ പുല്ലുപോലെ പെട്ടന്ന് ഉണങ്ങിപ്പോകും; സസ്യം പോലെ വാടുകയും ചെയ്യും" (സങ്കീ. 37, 1-2). ദുഷ്ടന്റെ വളർച്ചയിൽ അസ്വസ്ഥരാകുന്നത്, അനുഗ്രഹദാതാവും സംരക്ഷകനും കരുതലുള്ളവനുമായ ദൈവത്തിലുള്ള വിശ്വാസത്തിന് എതിരായി ചിന്തിക്കുന്നതിന് തുല്യമാണ്. ദുഷ്ടന്റെ ഐശ്വര്യം താൽക്കാലികമാണെന്ന് എഴുപത്തിമൂന്നാം സങ്കീർത്തനത്തിൽ അസാഫ് നൽകുന്ന അതെ ഉത്തരമാണ് ദാവീദും ഇവിടെ നൽകുന്നത്. മരുഭൂമിയുടെ അനുഭവത്തിൽ വ്യക്തമായി മനസ്സിലാക്കാവുന്ന ഒരു ചിത്രം കൂടിയാണിത്. മധ്യപൂർവ്വദേശങ്ങളിൽ വേനൽച്ചൂടിൽ വാടിപ്പോകുന്ന ചെടികൾ പോലെ, തിന്മയിൽ തുടരുന്ന മനുഷ്യരുടെ സമൃദ്ധിയുടെ ദിനങ്ങളും ഒരിക്കൽ അവസാനിക്കും.

ദൈവത്തിൽ ആശ്രയിച്ച് നന്മയിൽ തുടരുന്നവർക്ക് സുരക്ഷിതമായ ജീവിതവും കർത്താവിലുള്ള ആനന്ദവുമാണ് സങ്കീർത്തകൻ ഉറപ്പുനൽകുക. തന്റെ ഭക്തരുടെ ആഗ്രഹങ്ങൾ സാധിച്ചുനൽകുന്ന ഒരു ദൈവമാണ് നമ്മുടേത് (സങ്കീ. 37, 3-4). അപരന്റെ തിന്മയെക്കുറിച്ചും വളർച്ചയെക്കുറിച്ചും അസ്വസ്ഥരാകുന്നതിനേക്കാൾ കാരുണ്യവാനും അനുഗ്രഹദായകനുമായ ദൈവത്തിൽ ശരണമർപ്പിച്ച് ജീവിക്കുന്നതാണ് ആശ്വാസം നൽകുക. നന്മയായ ദൈവത്തിൽ ആശ്രയം വയ്ക്കുകയും അവന്റെ ഹിതങ്ങൾ സ്വന്തം ഹിതങ്ങളാക്കി മാറ്റുകയും ചെയ്യുന്നവർക്കാണ് യഥാർത്ഥ ആനന്ദമനുഭവിക്കാൻ സാധിക്കുക.

കർത്താവിന് നമ്മുടെ ജീവിതം ഭരമേൽപ്പിക്കുമെങ്കിൽ അവൻ നമ്മെ കരുതുകയും, നമുക്ക് നീതി നടത്തിത്തരുകയും ചെയ്യുമെന്നാണ് സങ്കീർത്തനത്തിന്റെ അഞ്ചും ആറും വാക്യങ്ങളിൽ ദാവീദ് ഉറപ്പുനൽകുക. ജീവിതം ദൈവത്തിന് സമർപ്പിക്കുകയും, അവൻ നടത്തുന്ന വഴിയേ ചരിക്കുകയും ചെയ്യുമ്പോഴാണ് കർത്താവിൽ ആനന്ദമനുഭവിക്കാനാകുക.

കോപവും ക്രോധവും നമ്മെ ദൈവത്തിൽനിന്ന് അകറ്റുമെന്നും, ദൈവത്തിന് തന്റെ ജീവിതത്തെ സമർപ്പിക്കുകയും അവനിൽ അഭയം തേടുകയും, അവന്റെ സമയത്തിനായി പ്രത്യാശയോടെ കാത്തിരിക്കുകയും ചെയ്യുന്നവരെ ദൈവം മറക്കുകയോ ഉപേക്ഷിക്കുകയോ ഇല്ലെന്നും സങ്കീർത്തനത്തിന്റെ ഏഴുമുതൽ പതിനൊന്ന് വരെയുള്ള വാക്യങ്ങളിൽ ദാവീദ് ഉറപ്പുനൽകുന്നു. തന്നിൽ ശരണപ്പെടുന്നവർക്ക് ദൈവം നന്മയും സംരക്ഷണവും നൽകും. അവർക്ക് ദൈവമേകുന്ന ഭൂമി അവകാശമായി ലഭിക്കുകയും കർത്താവേകുന്ന ഐശ്വര്യത്തിൽ ആനന്ദിക്കാൻ സാധിക്കുകയും ചെയ്യും (സങ്കീ. 37, 7-11).

ദൈവത്തിന് മുൻപിൽ ദുഷ്ടരുടെയും നല്ലവരുടെയും ജീവിതം

നന്മ പ്രവർത്തിക്കുകയും ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യുന്ന നീതിമാന്മാർക്കെതിരെ ഗൂഢാലോചന നടത്തുന്നവർക്ക് ദൈവത്തിന്റെ ക്രോധമായിരിക്കും പ്രതിഫലമായി ലഭിക്കുക. നിത്യതയോളം വിജയം നേടാൻ ദുഷ്ടർക്കാവില്ല. അവരുടെ ആയുധങ്ങൾ അവർക്കെതിരെ തന്നെ തിരിയുകയും, അവരുടെ കഴിവുകൾ ഇല്ലാതാവുകയും ചെയ്യും (സങ്കീ. 37, 12-15). കർത്താവിന്റെ ശത്രുക്കൾ പുകപോലെ മാഞ്ഞുപോവുകയും, അവർ തിന്മയുടെ പ്രവൃത്തികളാൽ അവകാശമായി നേടിയവയിൽനിന്ന് ഒരിക്കൽ കർത്താവിനാൽ വിശ്ചേദിക്കപ്പടുകയും ചെയ്യും. മറ്റുള്ളവരിൽനിന്ന് വായ്‌പയായി വാങ്ങിയവപോലും തിരികെ നൽകാനാകാത്തവിധം അവർ തകർന്നുപോകും (സങ്കീ. 37, 20-22).

എന്നാൽ അതേസമയം നീതിമാന്മാർക്ക് താങ്ങും തണലുമേകുന്നത് ദൈവമായിരിക്കും. ശാശ്വതമായ ആനന്ദവും, കർത്താവു നൽകുന്ന സമൃദ്ധിയും അവരുടെ അവകാശമായിരിക്കും. ഉദാരമായി നൽകാൻ സാധിക്കുന്നവിധം അവർക്ക് അനുഗ്രഹങ്ങൾ ലഭ്യമാകും. തങ്ങളെ നയിക്കുന്ന കർത്താവിന്റെ പാതയിൽ ചരിക്കുമ്പോൾ അവർ സുസ്ഥിരമായ ജീവിതം സ്വന്തമാക്കും. അവരുടെ വീഴ്ച്ചകളിൽ കർത്താവ് തുണയായി കരം പിടിക്കും (സങ്കീ. 37, 18; 21-24).

ദൈവവിധിയെക്കുറിച്ച് ദാവീദിന്റെ സാക്ഷ്യം

തന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണ് നീതിമാനെ ഒരിക്കലും കൈവെടിയാത്ത കർത്താവിനെക്കുറിച്ച് ദാവീദ് സാക്ഷ്യം നൽകുന്നത് (സങ്കീ. 37, 25). തന്നിൽ ആശ്രയിച്ചവരെ ഒരിക്കലും ഉപേക്ഷിക്കാത്ത നീതിമാന്റെ കുടുംബത്തിൽ അനുഗ്രഹം വർഷിക്കുന്ന, നീതിയെ സ്നേഹിക്കുന്ന ഒരു ദൈവത്തെക്കുറിച്ചാണ് ഇരുപത്തിയാറു മുതലുള്ള വാക്യങ്ങളിൽ സങ്കീർത്തകൻ എഴുതുന്നത് (സങ്കീ. 37, 26-28). നീതിമാൻ ഭൂമി കൈവശമാക്കുകയും, അതിൽ നിത്യം വസിക്കുകയും ചെയ്യും (സങ്കീ. 37, 29).  അവന്റെ അധരങ്ങളിൽ ജ്ഞാനവും നാവിൽ നീതിയും ഹൃദയത്തിൽ ദൈവത്തിന്റെ നിയമവുമാണുള്ളത് (സങ്കീ. 37, 30). കർത്താവിനെ കാത്തിരിക്കുകയും, കർത്താവിന്റെ മാർഗ്ഗത്തിൽ ചരിക്കുകയും ചെയ്യുന്നവർക്ക് ഭൂമി അവകാശമായി ലഭിക്കും (സങ്കീ. 37, 34).

എന്നാൽ അതേസമയം ദുഷ്ടരുടെ സന്തതി വിച്ഛേദിക്കപ്പെടുമെന്നും (സങ്കീ. 37, 28b), ലബനോനിലെ ദേവദാരുപോലെ പ്രബലരായി വളർന്നാലും ദുഷ്ടർക്ക് നിത്യമായ നിലനിൽപ്പ് ഉണ്ടാകില്ലെന്നും (സങ്കീ. 37, 35), അതിക്രമികൾ നശിപ്പിക്കപ്പെടുമെന്നും, ദുഷ്ടർക്ക് സന്തതിയറ്റുപോകുമെന്നും (സങ്കീ. 37, 38) ദാവീദ് ഓർമ്മിപ്പിക്കുന്നു. ദുഷ്ടത കൈവെടിഞ്ഞ് വിമോചകനും പരിപാലകനുമായ ദൈവത്തിൽ അഭയം തേടുകയാണ് വിവേകികൾക്ക് ഭൂഷണമായുള്ളത്.

സങ്കീർത്തനം ജീവിതത്തിൽ

നീതിമാന്മാരോ ദുഷ്ടരോ ആകട്ടെ, മാനുഷികമായ തീരുമാനങ്ങളും പ്രവർത്തനങ്ങളും ദൈവത്തിനും മനുഷ്യർക്കും മുന്നിലുള്ള ഒരുവന്റെ ജീവിതത്തെ എപ്രകാരമാണ് മാറ്റങ്ങൾക്ക് വിധേയമാക്കുക എന്ന ഒരു ആശയത്തെയാണ് മുപ്പത്തിയേഴാം സങ്കീർത്തനത്തിലൂടെ ദാവീദ് വിശദീകരിച്ചു നൽകുന്നത്. ഒരുവന്റെ പ്രവർത്തികളുടെ നന്മതിന്മകളുടെ ഫലം അവൻ അനുഭവിക്കേണ്ടിവരുമെന്ന സങ്കീർത്തകന്റെ ഉദ്‌ബോധനം നമ്മുടെ ആധ്യാത്മികജീവിതത്തിൽ ഒരു ഓർമ്മപ്പെടുത്തലാണ്. എന്നാൽ അതേസമയം നന്മ പ്രവർത്തിക്കുന്നതിലൂടെ നമുക്ക് ലഭ്യമായേക്കാവുന്ന അനുഗ്രഹങ്ങളുടെ ദാതാവ് ദൈവമാണെന്നും, കാരുണ്യവാനും, അതേസമയം നീതിമാനുമായ അവന്റെ മാർഗ്ഗങ്ങൾ പിന്തുടരുകയും, അവന്റെ ഹിതമനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥത്തിൽ ഒരുവൻ നിത്യമായ അനുഗ്രഹത്തിനും, ദൈവത്തിന്റെ മുൻപിലുള്ള പ്രീതിക്കും പാത്രമാവുകയെന്നുമുള്ള ബോധ്യത്തിൽ നമുക്ക് വളരാം. തിന്മയുടെയും അതിക്രമത്തിന്റെയും ദുഷ്ടതയുടെയും പാതകൾ വെടിഞ്ഞ് നന്മയുടെ പാതയിൽ, ദൈവികമായ ചിന്തകൾ ഉള്ളിൽ വളർത്തി, ദൈവവിശ്വാസത്തിന്റെ പ്രവൃത്തികളിൽ മുഴുകാം. നിഷ്കളങ്കതയിൽ ചരിക്കുന്നവർക്ക് അനുഗ്രഹമേകുന്ന, തന്റെ മാർഗ്ഗത്തെ സ്നേഹിക്കുന്നവർക്ക് കൈത്താങ്ങാകുന്ന, തന്നിൽ ശരണപ്പെട്ട് ജീവിക്കുന്നവർക്ക് സംരക്ഷണത്തിന്റെ തണലൊരുക്കുന്ന ദൈവം നമ്മുടെ ജീവിതത്തിലും അനുഗ്രഹങ്ങളേകട്ടെ. വിമോചകനും സഹായകനുമായ കർത്താവ് നമ്മുടെ തുണയാകട്ടെ. അവനിൽ ആശ്വാസവും ആനന്ദവും കണ്ടെത്താൻ നമുക്ക് സാധിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 August 2023, 17:00