തിരയുക

സങ്കീർത്തനചിന്തകൾ - 36 സങ്കീർത്തനചിന്തകൾ - 36 

തിന്മയിൽനിന്നകന്ന ധന്യമായ ജീവിതം

വചനവീഥി: മുപ്പത്തിയാറാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
മുപ്പത്തിയാറാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഗായകസംഘനേതാവിന് കർത്താവിന്റെ ദാസനായ ദാവീദിന്റെ സങ്കീർത്തനം എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന മുപ്പത്തിയാറാം സങ്കീർത്തനം പ്രവാസന്തരകാലത്ത് എഴുതപ്പെട്ടതാണെന്ന് കരുതപ്പെടുന്നു. ഇതൊരു വൈയക്തികവിലാപഗാനമാണ്. പാപം ദുഷ്ടരുടെ ജീവിതത്തെ  ഭരിക്കുമ്പോൾ, ദൈവസ്നേഹമാണ് ദൈവഭക്തിയുള്ള വിശ്വാസിയുടെ ജീവിതത്തെ നയിക്കുന്നത്. ദുഷ്ടരുടെ മാർഗ്ഗം നാശത്തിലെക്കും മരണത്തിലേക്കുമാണ് നയിക്കുന്നത്. തെറ്റുകളും ദുഷ്ടതയും കണ്ടുപിടിക്കപ്പെടുകയില്ലെന്നും, താൻ ശിക്ഷിക്കപ്പെടുകയില്ലെന്നുമുള്ള വിശ്വാസമാണ് പാപത്തിൽ തുടരാൻ ദുഷ്ടനെ പ്രേരിപ്പിക്കുന്നത്. എന്നാൽ പാപത്തിൽനിന്ന് അകന്ന് നന്മയിൽ ജീവിക്കാനും, സംരക്ഷണത്തിനായി ദൈവത്തിൽ അഭയം തേടാനുമാണ് ദാവീദ് ആഗ്രഹിക്കുന്നത്. തന്നിലേക്ക് തിരിയുകയും തന്നോട് ചേർന്ന് നിൽക്കുകയും ചെയ്യുന്നവർക്ക് സമൃദ്ധമായി ജീവനേകുന്ന  ദൈവത്തിലാണ് അവൻ ആശ്രയിക്കുന്നത്. തിന്മയിൽ പതിക്കാതെ തന്റെ മാർഗ്ഗത്തെ സംരക്ഷിക്കണമേയെന്നും, അത് നന്മയുടേതാകണമേയെന്നും ദാവീദ് പ്രാർത്ഥിക്കുന്നതും ഇതേ വിശ്വാസത്താലാണ്.

പാപത്താൽ നയിക്കപ്പെടുന്ന മനുഷ്യർ

സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ നാലുവരെയുള്ള വാക്യങ്ങൾ പാപവും ദുഷ്ടരായ മനുഷ്യരുടെ ജീവിതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ജ്ഞാനവചസ്സുകളാണ്: "ദുഷ്ടന്റെ ഹൃദയാന്തർഭാഗത്തോട് പാപം മന്ത്രിക്കുന്നു; അവന്റെ നോട്ടത്തിൽ ദൈവഭയത്തിനു സ്ഥാനമില്ല. തന്റെ ദുഷ്ടത കണ്ടുപിടിക്കുകയോ വെറുക്കപ്പെടുകയോ ഇല്ലെന്ന് അവൻ അഹങ്കരിക്കുന്നു. അവന്റെ വായിൽനിന്നു വരുന്ന വാക്ക് ദുഷ്‌കർമവും വഞ്ചനയുമാണ്; വിവേകവും നന്മയും അവന്റെ പ്രവൃത്തികളിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു. കിടക്കയിൽ അവൻ ദ്രോഹലോചന നടത്തുന്നു; അവൻ ദുർമാർഗത്തിൽ ചരിക്കുന്നു; തിന്മയെ അവൻ വെറുക്കുന്നില്ല" (സങ്കീ. 36, 1-4). ദൈവഭയമില്ലാത്ത, ദൈവത്തിൽനിന്ന് അകന്നു ജീവിക്കുന്ന മനുഷ്യരിലാണ് പാപം ഭരിക്കുന്നത്. തങ്ങളുടെ പാപങ്ങൾ മറ്റുള്ളവരിൽനിന്ന് മറഞ്ഞിരിക്കുന്നുവെന്നുള്ള മിഥ്യാബോധമാണ് പാപത്തിൽ തുടരാൻ പലരെയും പ്രേരിപ്പിക്കുന്നത്. ദൈവം എല്ലാം അറിയുന്നുവെന്നോ, തങ്ങളുടെ പ്രവൃത്തികൾ ദൈവത്തിന് പ്രീതികരമല്ല എന്നോ ഉള്ള ചിന്തകൾപോലും അവരിലില്ല. അതുകൊണ്ടുതന്നെയാണ് പാപത്തിൽ തുടരുന്നവർ ഭയലേശമന്യേ ദുഷ്ടതയുടെ പ്രവൃത്തികളിൽ മുഴുകുന്നത്. തിന്മയിൽ തുടരുകയും വളരുകയും ചെയ്യുന്നതിനാൽത്തന്നെ അവരിൽ നന്മയും, അതിന് പ്രേരിപ്പിക്കുന്ന വിവേകവും അപ്രത്യക്ഷമാകുന്നു. രാത്രികാലങ്ങളിൽ പോലും മറ്റുള്ളവർക്കെതിരെ തിന്മ നിരൂപിക്കുന്ന അവർ തിന്മയെയാണ് സ്നേഹിക്കുന്നത്. പാപം ദുഷ്ടനെ ഭരിക്കുന്നുവെന്ന സത്യത്തെ ആധാരമാക്കിയ ദാവീദിന്റെ വാക്കുകൾ ഓരോ വിശ്വാസിയുടെയും ജീവിതത്തിൽ, പാപത്തിൽനിന്ന് അകന്നുജീവിക്കണമെന്ന ഒരോർമ്മപ്പെടുത്താൽ കൂടിയാണ്.

കാരുണ്യവാനായ ദൈവത്തോട് ചേർന്ന് നിൽക്കുന്നവർ

സങ്കീർത്തനത്തിന്റെ അഞ്ചുമുതൽ ഒൻപതുവരെയുള്ള വാക്യങ്ങൾ മുൻപ് തിന്മയെക്കുറിച്ച് ദാവീദ് എഴുതിയ ജ്ഞാനവചസ്സുകളുടെ മറുഭാഗമാണ്. തന്നെ സ്നേഹിക്കുകയും, തന്നോട് ചേർന്ന് നിൽക്കുകയും, നന്മയിൽ പുലരുകയും ചെയ്യുന്ന മനുഷ്യരുടെ ജീവിതത്തിൽ ദൈവമാണ് ഭരണം നടത്തുന്നത്. ദൈവത്തിന്റേത് ദിവ്യമായ സ്നേഹത്തിന്റെ ഭരണമാണ്. ദൈവത്തിന്റെ കാരുണ്യം അമൂല്യവും ആകാശത്തോളം എത്തുന്നതുമാണെന്ന്, അളവുകളില്ലാത്തതാണെന്ന് സങ്കീർത്തകൻ ഉദ്ബോധിപ്പിക്കുന്നു. തൻറെ ജീവിതത്തിൽ അനുഭവിച്ചറിഞ്ഞ ദൈവകാരുണ്യസ്‌മരണ കൂടി മനസ്സിൽ കരുതിയായിരിക്കണം ദാവീദ് ഈ വരികൾ എഴുതുക. തിരികെ വരുന്നവരെ കൈകൾ വിരിച്ചു സ്വീകരിക്കുകയും, തന്നോട് ചേർന്ന് നിൽക്കുന്നവരെ കാരുണ്യപൂർവ്വം കരുതുകയും സംരക്ഷിക്കുകയും ചെയ്യുന്നവനാണ് ദൈവം. "മനുഷ്യമക്കൾ അങ്ങയുടെ ചിറകുകളുടെ തണലിൽ അഭയം തേടുന്നു" (സങ്കീ. 36, 7) എന്ന ആശയം, രാജാക്കന്മാരുടെ ഒന്നാം പുസ്തകം ആറാം അധ്യായത്തിൽ ദേവാലയനിർമ്മാണവുമായി ബന്ധപ്പെട്ടു കാണുന്ന കെരൂബുകളുടെ (1 രാജാ. 6, 23-28) രൂപത്തിലേക്കും, എസക്കിയേൽ പ്രവാചകന്റെ പുസ്തകം ഒന്നാം അധ്യായത്തിൽ, ദൈവത്തിന്റെ ദർശനവുമായി ബന്ധപ്പെട്ടു പറയുന്ന ജീവികളുടെ രൂപത്തിലേക്കുമൊക്കെ (എസക്കിയേൽ 1, 4-11) നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. സംരക്ഷണത്തിന്റെ ചിറകുകൾക്ക് കീഴിൽ തന്റെ ജനത്തെ സംരക്ഷിച്ചുപിടിക്കുന്നവനാണ് ദൈവം. ദൈവത്തിന്റെ വിശ്വസ്‌തതയും ഇതുപോലെ തന്നെ അളവുകളോ കുറവുകളോ ഇല്ലത്തതാണ്. തന്റെ ജനം തന്നോട് അവിശ്വസ്തതയിൽ തുടരുമ്പോഴും ദൈവത്തിന് അവരോടുള്ള വിശ്വസ്തതയിൽ കുറവുവരുന്നില്ല. എന്നാൽ അതേസമയം, ദൈവത്തിന്റെ നീതിയും അവന്റെ വിധികളും ശക്തമാണ്. ആറാം വാക്യം ഇതാണ് വ്യക്തമാക്കുക: “അങ്ങയുടെ നീതി ഗിരിശൃംഗങ്ങൾ പോലെയും, അങ്ങയുടെ വിധികൾ അത്യഗാധങ്ങൾ പോലെയുമാണ്" (സങ്കീ. 36, 6a).

തന്നോട് ചേർന്ന് നിൽക്കുന്നവർക്കായി സമൃദ്ധമായ വിരുന്നൊരുക്കി കാത്തിരിക്കുന്ന ഒരു ദൈവത്തെക്കുറിച്ചുള്ള സങ്കൽപം ഏറെ മനോഹരമാണ്. എട്ടാം വാക്യം പറയുക ഇങ്ങനെയാണ്: "അവർ അങ്ങയുടെ ഭവനത്തിലെ സമൃദ്ധിയിൽനിന്ന് വിരുന്നുണ്ട് തൃപ്‌തിയടയുന്നു; അവിടുത്തെ ആനന്ദധാരയിൽനിന്ന് അവർ പാനം ചെയ്യുന്നു" (സങ്കീ. 36, 8). വിശുദ്ധ ഗ്രന്ഥത്തിൽ നാം കാണുന്ന, നന്മയും കരുതലുമുള്ള ഒരു ദൈവസങ്കൽപമാണ് ദാവീദ് ഇവിടെയും ആവർത്തിക്കുന്നത്. തന്റെ ജനത്തിന്റെ ജീവന്റെ ഉറവയും, അവരുടെ ഹൃദയത്തിലും മനസ്സിലും വെളിച്ചമേകുന്ന പ്രകാശവും അവിടുന്നാണ്. ഈയൊരു ദൈവത്തോട് ചേർന്ന് നിൽക്കുന്നവർ അനുഗ്രഹീതരാണ്.

ദൈവത്താൽ നയിക്കപ്പെടുവാനുള്ള ആഗ്രഹം

ദുഷ്ടരെക്കുറിച്ചും, അവരുടെ ജീവിതത്തെ നയിക്കുന്ന തിന്മയെക്കുറിച്ചും, അനന്തകാരുണ്യവാനായ ദൈവത്തെക്കുറിച്ചും എഴുതിയ ആദ്യഭാഗത്തിന് ശേഷം, ഈ നന്മതിന്മകളുടെ മുന്നിൽ തിന്മയിൽനിന്നും, ദുഷ്ടരിൽനിന്നും അകന്ന് നന്മയിൽ ജീവിക്കാനും, ദൈവത്താൽ നയിക്കപ്പെടാനുമുള്ള ആഗ്രഹത്തെക്കുറിച്ചാണ് പത്ത് മുതൽ പന്ത്രണ്ടു വരെയുള്ള വാക്യങ്ങളിൽ സങ്കീർത്തകൻ പറയുന്നത്. എന്നാൽ ഇത് വ്യക്തിപരമായ ഒരു പ്രാർത്ഥന എന്നതിനേക്കാൾ, ഇസ്രയേലിന്റെ രാജാവ് എന്ന നിലയിൽ ജനത്തിൻവേണ്ടിക്കൂടിയുളള ഒരു പ്രാർത്ഥനയെണെന്ന് നമുക്ക് കാണാം: "അങ്ങയെ അറിയുന്നവർക്ക്, അങ്ങയുടെ കാരുണ്യവും, നിഷ്‌കളങ്കഹൃദയർക്ക് അങ്ങയുടെ രക്ഷയും തുടർന്ന് നൽകണമേ! അഹങ്കാരത്തിന്റെ പാദങ്ങൾ എന്റെ മേൽ പതിക്കാതിരിക്കട്ടെ! ദുഷ്ടരുടെ കൈകൾ എന്നെ ആട്ടിയോടിക്കാതിരിക്കട്ടെ! തിന്മ ചെയ്യുന്നവർ അവിടെത്തന്നെ വീണുകിടക്കുന്നു; എഴുന്നേൽക്കാനാവാത്തവിധം അവർ വീഴ്ത്തപ്പെട്ടിരിക്കുന്നു" (സങ്കീ. 36, 10-12). ദുഷ്ടരുടെ സ്നേഹത്തിനു നൽകാനാകുന്നതിനേക്കാൾ സ്നേഹവും കരുതലും ദൈവമാണ് നൽകുന്നത്. നന്മയിൽ തുടരുന്ന, ദൈവത്തിന്റെ സന്നിധിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യരുടെ ജീവിതത്തിൽ, ദുഷ്ടരുടെ പീഡനങ്ങൾ ഉണ്ടാകരുതേയെന്ന് ദാവീദ് പ്രാർത്ഥിക്കുന്നു. തിന്മയിൽ തുടരുന്ന മനുഷ്യർ പാപത്തിന്റെ ആഴങ്ങളിൽ വീണുകിടക്കുന്നവരാണ്.

സങ്കീർത്തനം ജീവിതത്തിൽ

നന്മയിൽ ജീവിക്കുകയും, തന്നോട് ചേർന്ന് നിൽക്കുകയും ചെയ്യുന്ന മനുഷ്യരുടെമേൽ കരുണ ചൊരിയുന്ന, കരുതലിന്റെ ചിറകിന് കീഴിൽ അവരെ ചേർത്തുപിടിക്കുന്ന ഇസ്രയേലിന്റെ നാഥനായ ദൈവത്തെക്കുറിച്ചുള്ള ചിന്തകൾ അടങ്ങുന്ന ഈ സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, തിന്മയിൽനിന്നകന്ന് നിൽക്കാനും, അഹങ്കാരത്തിന്റെയും ദുഷ്ടതയുടെയും മാർഗ്ഗം കൈവെടിഞ്ഞ് അനുതാപത്തിലൂടെ ദൈവത്തിലേക്ക് തിരികെവരാനും ദാവീദ് ഏവരെയും ക്ഷണിക്കുന്നുണ്ട്. കുറവുകളില്ലാത്ത വിശ്വസ്‌തതയും, ഗിരിശൃംഗങ്ങൾക്കൊത്ത ഔന്ന്യത്യം നിറഞ്ഞ നീതിയുമാണ് ദൈവത്തിന്റേത്. ദൈവഭവനത്തിന്റെ സമൃദ്ധയിലും അവിടുത്തെ ആനന്ദധാരയിലും നിന്ന് ഭക്ഷിക്കുവാൻ നമുക്കും പരിശ്രമിക്കാം. തന്റെ കാരുണ്യവും രക്ഷയും അവിടുന്ന് നമ്മിൽ ചൊരിയട്ടെ. തിന്മയിൽ ചരിക്കുന്നവരുടെ സാന്നിധ്യത്തിൽനിന്ന് അകന്ന്, വിശുദ്ധിയിലും നന്മയിലും ജീവനിലും വളരാൻ, തന്നിൽ അഭയം തേടുന്നവരെ ഒരിക്കലും കൈവെടിയാത്ത ദൈവം നമ്മിൽ കനിവാകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 August 2023, 16:50