തിരയുക

സങ്കീർത്തനചിന്തകൾ - 35 സങ്കീർത്തനചിന്തകൾ - 35 

പീഢയനുഭവിക്കുന്ന വിശ്വാസിയുടെ പ്രാർത്ഥന

വചനവീഥി: മുപ്പത്തിയഞ്ചാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
മുപ്പത്തിയഞ്ചാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സഹോദരതുല്യം താൻ സ്നേഹിച്ച സുഹൃത്തുക്കളാൽ ചതിക്കപ്പെടുകയും കുറ്റം ആരോപിക്കപ്പെടുകയും, നിരവധിയായ ക്ലേശങ്ങളും അപഹാസങ്ങളും നേരിടേണ്ടിവരികയും ചെയ്‌ത ഒരുവന്റെ വിലാപമാണ് ദാവീദിന്റെ മുപ്പത്തിയഞ്ചാം സങ്കീർത്തനം. തിന്മപ്രവർത്തിക്കുന്നവർ അനീതി പ്രവർത്തിക്കുന്നവരാണെന്ന് വെളിവാക്കപ്പെടണമേയെന്ന് പ്രാർത്ഥിക്കുന്ന സങ്കീർത്തകൻ, തന്റെ പ്രാർത്ഥന ശ്രവിക്കപ്പെടുമെന്ന ഉറച്ച വിശ്വാസത്തോടെ ദൈവത്തിന് നന്ദി പറയുന്നു. തന്റെ സ്നേഹിതരായിരുന്നവരാണ് ഇപ്പോൾ തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് ദാവീദ് തിരിച്ചറിയുന്നു. അവർക്കെതിരെ കർത്താവിന്റെ ശിക്ഷ വൈകരുതെന്നും അതുവഴി തനിക്ക് നീതി നടത്തിത്തരണമെന്നും ദാവീദ് വിശ്വാസത്തോടെ അപേക്ഷിക്കുന്നു. തന്നോട് ചേർന്ന് നിന്ന് പോരാടുന്ന ധീരപടയാളിയയാണ് സങ്കീർത്തകൻ ദൈവത്തെക്കുറിച്ച് വിശേഷിപ്പിക്കുന്നത്. അനീതി പ്രവർത്തിക്കുന്നവർക്കെതിരെ ശാപവാക്കുകൾ ഉച്ചരിക്കുന്ന പ്രതികാരദാഹിയായ ഒരുവൻ എന്നതിനേക്കാൾ അനീതിക്കെതിരെ പരസ്യപരിഹാരത്തിനായാണ് ദാവീദ് പ്രാർത്ഥിക്കുന്നത്. മരണാന്തരജീവിതത്തെക്കുറിച്ചോ, മരണശേഷം ദൈവത്തിന് മുൻപിൽ തിന്മകൾക്ക് ഉത്തരം നൽകേണ്ടിവരുമെന്നതിനെക്കുറിച്ചോ ചിന്തയില്ലാത്ത ഒരു സമയത്താണ് ഇത് എഴുതപ്പെട്ടതെന്നത് സങ്കീർത്തകന്റെ പ്രാർത്ഥനയെ കൂടുതൽ മനസ്സിലാക്കാൻ സഹായിക്കും.

ദുഷ്ടരുടെ അനീതി വെളിപ്പെടുത്താൻ അപേക്ഷ

സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ എട്ടു വരെയുള്ള വാക്യങ്ങളിൽ തനിക്ക് സംരക്ഷണത്തിനായും, അതേസമയം അനീതി പ്രവർത്തിക്കുന്നവരുടെ ദുഷ്ടത വെളിപ്പെടുത്തപ്പെടുന്നതിനായും പ്രാർത്ഥിക്കുന്ന ദാവീദിനെയാണ് നാം കാണുക. "എന്നോട് പൊരുതുന്നവനോട് അങ്ങ് പൊരുതണമേ" (സങ്കീ. 35, 1) എന്നാണ് ദാവീദ് പ്രാർത്ഥിക്കുന്നത്. ദൈവഹിതമനുസരിച്ച് ജീവിക്കാൻ പരിശ്രമിക്കുന്ന ഒരുവനെതിരെ പ്രവർത്തിക്കുന്നവർ ദൈവത്തിനെതിരെയാണ് പ്രവർത്തിക്കുന്നത്. കവചവും പരിചയും ധരിച്ച്, തനിക്ക് രക്ഷ നൽകാനെത്തുന്ന ദൈവത്തിന് പിന്നിലാണ് ദാവീദ് അഭയം തേടുന്നത് (സങ്കീ. 35, 2). ഒരു സ്നേഹിതനെപ്പോലെ, "ഞാനാണ് നിന്റെ രക്ഷ" (സങ്കീ. 35, 3) എന്ന് തന്റെ ഹൃദയത്തോട്, പ്രാണനോട് മന്ത്രിക്കുന്ന ദൈവം എന്ന സങ്കൽപം, ദാവീദിന് ദൈവത്തിലുള്ള വിശ്വാസത്തിന്റെ ആഴത്തെക്കൂടിയാണ് വ്യക്തമാക്കുന്നത്.

"എന്റെ ജീവൻ വേട്ടയാടുന്നവരെ ലജ്ജിതരും അപമാനിതരും ആക്കണമേ! എനിക്കെതിരെ അനർത്ഥം നിരൂപിക്കുന്നവർ ഭ്രമിച്ചു പിന്തിരിയട്ടെ" (സങ്കീ. 35, 4) എന്ന നാലാം വാക്യം മുതൽ എട്ടാം വാക്യം വരെ, തനിക്കെതിരെ പ്രവർത്തിക്കുന്നവരിൽനിന്ന് സംരക്ഷണം മാത്രമല്ല, ദുഷ്ടരുടെ നാശത്തിന് വേണ്ടിക്കൂടിയാണ് ദാവീദ് പ്രാർത്ഥിക്കുന്നത്. നീതിമാനെതിരെ അനർത്ഥം നിരൂപിക്കുകയും, അകാരണമായി ദൈവത്തിന്റെ ദാസനെതിരെ വലവിരിക്കുകയും, അവനെ വീഴ്ത്താൻ ശ്രമിക്കുകയും ചെയ്യുന്നതിനാൽ, നാശം അവരുടെമേൽ പതിക്കട്ടെയെന്നും, അവർ വിരിച്ച വലയിൽ അവർ തന്നെ വീഴട്ടെയെന്നും, അതിൽ വീണ് അവർ നശിക്കട്ടെയെന്നും ദാവീദ് പ്രാർത്ഥിക്കുന്നു (സങ്കീ. 35, 4-8). രണ്ടുവട്ടമാണ്, ദൈവത്തിന്റെ ദൂതനെ തനിക്ക് സംരക്ഷണത്തിനായി അയക്കണമെന്ന് ദാവീദ് അപേക്ഷിക്കുന്നത്, രണ്ടുവട്ടമാണ്, അകാരണമായാണ് തനിക്കെതിരെ ശത്രു പ്രവർത്തിക്കുന്നതെന്ന് ദാവീദ് അവകാശപ്പെടുന്നത്. നീതിമാനെതിരെ അനീതി പ്രവർത്തിക്കുന്നവരുടെ അനീതി അവർക്കെതിരെ തിരിയട്ടെയെന്നാണ് ദാവീദിന്റെ പ്രാർത്ഥന.

രക്ഷകനായ ദൈവത്തിൽ ആനന്ദം

നീതിമാനെ സംരക്ഷിക്കുകയും അനീതി പ്രവർത്തിക്കുന്നവരെ അവരുടെ പ്രവൃത്തികൾക്കനുസരിച്ച് ശിക്ഷിക്കുകയും ചെയ്യുന്ന ദൈവത്തിൽ ആനന്ദിക്കുകയും അവന് മുൻകൂട്ടി നന്ദി പറയുകയും ചെയ്യുന്ന ദാവീദിനെയാണ് ഒൻപതും പത്തും വാക്യങ്ങളിൽ നാം കാണുക: “അപ്പോൾ ഞാൻ കർത്താവിൽ ആനന്ദിക്കും; അവിടുത്തെ രക്ഷയിൽ ആനന്ദിച്ച് ഉല്ലസിക്കും. കർത്താവേ, എന്റെ അസ്ഥികൾ പ്രഘോഷിക്കും; അങ്ങേക്ക് തുല്യനായി ആരുണ്ട്? ബലഹീനനെ ശക്തരിൽനിന്നും ദുർബലനും ദരിദ്രനുമായവനെ കവർച്ചക്കാരിൽനിന്നും അങ്ങ് രക്ഷിക്കുന്നു" (സങ്കീ. 35, 9-10). മറ്റുള്ളവരുടെ നാശത്തിലല്ല, രക്ഷ നൽകുന്ന ദൈവത്തിലാണ് നാം ആനന്ദിക്കേണ്ടത്. രക്ഷ അനുഭവിച്ചറിയുമ്പോഴുള്ള ആനന്ദം ആഴമേറിയതാണ്.

ശത്രുക്കളായി മാറിയ സുഹൃത്തുക്കൾ

നന്മയ്ക്ക് പകരം തിന്മ നൽകിയ, സൗഹൃദത്തിന് പകരം ശത്രുതയോടെ പെരുമാറിയ, സ്നേഹത്തിന് പകരം വെറുപ്പും പകയും വച്ച് പ്രവർത്തിക്കുന്ന മനുഷ്യരെക്കുറിച്ചാണ് പതിനൊന്ന് മുതൽ പതിനാറു വരെയുള്ള വാക്യങ്ങളിൽ ദാവീദ് എഴുതുന്നത്. നീചമായ, അന്യായമായ സാക്ഷ്യവും, അകാരണമായ കുറ്റാരോപണവും, നന്മയ്ക്ക് പകരം തിന്മ ലഭിക്കുന്നതതും ഉളവാക്കുന്ന ഹൃദയവ്യഥ വലുതാണ് (സങ്കീ. 35, 11-12). ഇപ്പോൾ തനിക്കെതിരെ പ്രവർത്തിക്കുന്ന മനുഷ്യരുടെ നന്മയ്ക്കും സന്തോഷത്തിനുമായി താൻ പരിശ്രമിച്ചിരുന്നുവെന്ന് ദാവീദ് ദൈവത്തിന് മുൻപിൽ അവകാശപ്പെടുന്നു. അവരുടെ രോഗാവസ്ഥയിൽ അവരോട് അസാധാരണമായ വിധത്തിലുള്ള സ്നേഹത്തോടെയാണ് സങ്കീർത്തകൻ പെരുമാറിയത്. അവരുടെ ദുരവസ്ഥകളിൽ, താൻ അവരെയോർത്ത് സഹോദരനെപ്പോലെ ദുഃഖിച്ചു പ്രാർത്ഥിച്ചുവെന്നും, എന്നാൽ ഇപ്പോൾ, തന്റെ വീഴ്ചയിലും സഹനങ്ങളിലും സഹായമേകുന്നതിന് പകരം അവർ ആഹ്ളാദിക്കുകയും, തന്നെ പരിഹസിക്കുകയും, തനിക്കെതിരെ പല്ലിറുമ്മുകയും ചെയ്യുന്നുവെന്നും ദാവീദ് പരാതിയുയർത്തുന്നു (സങ്കീ. 35, 13-16). വേദനകളിലും വീഴ്ചകളിലും മനുഷ്യരിലെന്നതിനേക്കാൾ ദൈവത്തിലാണ് ഉറപ്പുള്ള അഭയം തേടേണ്ടത്. നീതിമാനെതിരെ തിന്മ വിധിക്കാത്ത, കാരുണ്യവാനാണ് ദൈവം.

ദുഷ്ടർക്കെതിരെ ദാവീദിന്റെ പ്രാർത്ഥന

ദുഷ്ടത പ്രവർത്തിക്കുന്ന, അനീതിയിൽ ജീവിക്കുന്ന മനുഷ്യർക്കെതിരെ ശിക്ഷയുണ്ടാകണമേയെന്ന് പ്രാർത്ഥിക്കുന്ന ദാവീദിനെയാണ് പതിനേഴ് മുതൽ ഇരുപത്തിയൊന്ന് വരെയുള്ള വാക്യങ്ങളിൽ നാം കാണുക. തനിക്കെതിരെ സിംഹത്തെപ്പോലെ ആക്രമിക്കുന്ന ശത്രുക്കൾക്കെതിരെയുള്ള ശിക്ഷ വൈകരുതേയെന്ന് ദാവീദ് പ്രാർത്ഥിക്കുന്നു (സങ്കീ. 35.17). ദൈവത്തിന്റെ നീതിമാനെതിരെ വഞ്ചന നിരൂപിക്കുന്ന, അകാരണമായി, കണ്ണിറുക്കി പരിഹസിക്കാൻ കാത്തിരിക്കുന്ന, സമാധാനം കാംക്ഷിക്കാത്ത മനുഷ്യരാണ് അവർ (സങ്കീ. 35, 19-21). അവരിൽനിന്നുള്ള ആക്രമണങ്ങൾക്കും ആരോപണങ്ങൾക്കും മുന്നിൽ, ദൈവം തന്റെ ജീവനേകുന്ന  സംരക്ഷണത്തിന്റെ അനുഭവത്തിൽ ഏവരുടെയും മുന്നിൽ ദൈവത്തിന് നന്ദി പറയാനും, സ്തുതി ആലപിക്കാനുമുള്ള ആഗ്രഹവും തീരുമാനവുമാണ് ദാവീദ് പതിനെട്ടാം വാക്യത്തിൽ ഏറ്റുപറയുന്നത്: "അപ്പോൾ ഞാൻ മഹാസഭയിൽ അങ്ങേക്ക് നന്ദി പ്രകാശിപ്പിക്കും; ജനസമൂഹത്തിൽ ഞാനങ്ങയെ സ്‌തുതിക്കും" (സങ്കീ. 35, 18). ദൈവം നൽകുന്ന അനുഗ്രഹങ്ങളും, തിന്മകൾ നിറഞ്ഞ ഈ ലോകത്ത് അവനേകുന്ന സംരക്ഷണവും ലോകത്തിന് മുൻപിൽ വിളിച്ചുപറയാനും, നീതിമാനായ കർത്താവിന് നന്ദി പറയാനും ഓരോ വിശ്വസിക്കും കടമയുണ്ട്.

രക്ഷയും ശിക്ഷയും നീതിമാനായ ദൈവവും

സങ്കീർത്തനത്തിന്റെ ഇരുപത്തിരണ്ടുമുതൽ ഇരുപത്തിയാറു വരെയുള്ള വാക്യങ്ങളിൽ തനിക്കെതിരെ തിന്മയും അനീതിയും പ്രവർത്തിക്കുന്ന മനുഷ്യർക്കുള്ള ശിക്ഷയ്ക്കും, കർത്താവിന്റെ ഹിതമനുസരിച്ച് ജീവിക്കുന്ന മനുഷ്യന് ലഭിക്കേണ്ട നീതിക്കും വേണ്ടി പ്രാർത്ഥിക്കുന്ന ദാവീദിനെയാണ് നാം കാണുക. എല്ലാം അറിയുന്ന ദൈവത്തോട് മൗനം വെടിയാനും, തെല്ലും വൈകാതെ തനിക്ക് നീതി നടത്തിത്തരാനായി ഉണർന്നെണീൽക്കാനുമാണ് ദാവീദ് പ്രാർത്ഥിക്കുന്നത്. കർത്താവ് നീതിമാനാകയാൽ അവന്റെ നീതിക്കനുസരിച്ചുള്ള നീതിയാണ് ദാവീദ് കാത്തിരിക്കുന്നത് (സങ്കീ. 35, 22-24a). തന്റെ ജീവിതത്തിന്റെ നന്മയിലും, ഹൃദയത്തിന്റെ നിഷ്കളങ്കതയിലും ഉറപ്പുള്ളതിനാലാണ് ദൈവത്തിന്റെ നീതിക്കായി ദാവീദ് അപേക്ഷിക്കുക. അതേസമയം, തിന്മ പ്രവർത്തിക്കുകയും, നീതിമാന്റെ അനർത്ഥങ്ങളിലും വേദനകളിലും സന്തോഷിക്കാനും, ആഘോഷിക്കാനും കാത്തിരിക്കുന്ന അഹങ്കാരികളും ദുഷ്ടരുമായ മനുഷ്യർക്ക് ആനന്ദിക്കാൻ ഇടനൽകരുതേയെന്നും ദാവീദ് പ്രാർത്ഥിക്കുന്നു (സങ്കീ. 35, 24b-26).

ശത്രുവിന്റെയും ദുഷ്ടരുടെയും ശിക്ഷയ്ക്കായി പ്രാർത്ഥിക്കുന്ന ദാവീദ്, നീതിമാനൊപ്പം നിൽക്കുന്നവരുടെ ആനന്ദത്തിനു വേണ്ടി പ്രാർത്ഥിക്കുകയും, കർത്താവ് നൽകുന്ന അനുഗ്രഹങ്ങളുടെയും സംരക്ഷണത്തിന്റെയും അനുഭവത്തിന്റെ വെളിച്ചത്തിൽ, ലോകത്തിന് മുൻപിൽ കർത്താവിന്റെ നീതി വിളിച്ചോതാനും, അവനു സ്തോത്രമാലപിക്കാനുമുള്ള തന്റെ തീരുമാനം അറിയിച്ചുകൊണ്ടാണ് സങ്കീർത്തനം അവസാനിപ്പിക്കുന്നത് (സങ്കീ. 35, 27-28). തിന്മ പ്രവർത്തിക്കുന്നവരെ ലജ്ജയും അപമാനവും കൊണ്ട് പൊതിയുന്ന, എന്നാൽ തന്റെ ഹിതമനുസരിച്ച് ജീവിക്കുന്ന വിശ്വാസികളിൽ സന്തുഷ്ടനായ, അവർക്ക് അനുഗ്രഹങ്ങൾ ചൊരിയുന്ന ദൈവത്തിന് സ്തോത്രമാലപിക്കാൻ ഈ സങ്കീർത്തനം നമ്മെയും ക്ഷണിക്കുന്നുണ്ട്.

സങ്കീർത്തനം ജീവിതത്തിൽ

മറ്റുള്ളവരെ സഹോദരങ്ങളും സ്നേഹിതരുമായി കണ്ട്, അവരുടെ നന്മയ്ക്കായി പ്രവർത്തിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുമ്പോഴും തിന്മയും ശത്രുതയും പരിഹാസവും പ്രതിഫലമായി ലഭിക്കുന്ന ഒരു അനുഭവത്തിന്റെ വെളിച്ചത്തിൽ ദൈവത്തോട് നീതിക്കായി പ്രാർത്ഥിക്കുന്ന ദാവീദിന്റെ പ്രാർത്ഥന ഉൾക്കൊള്ളുന്ന മുപ്പത്തിയഞ്ചാം സങ്കീർത്തനം, നമ്മുടെ ജീവിതത്തിൽ ഒരു വിചിന്തനത്തിന് കാരണമാകട്ടെ. നീതിമാനും ദുർബലനുമായ ദൈവത്തിന്റെ ദാസനെതിരെ തിന്മ പറയുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, കരം പിടിച്ചു നടന്നവർക്കെതിരെ സംസാരിക്കുമ്പോൾ, ചുംബനം നൽകി ഒറ്റുകൊടുക്കുമ്പോൾ, നിഷ്‌കളങ്കന്റെ ഹൃദയത്തിലുയരുന്ന വേദന, ദൈവത്തിന് മുൻപിൽ നീതിക്കായി യാചിക്കുകയും, ഹൃദയങ്ങളെ അറിയുന്ന ദൈവം സത്യസന്ധമായി വിധിക്കുകയും ചെയ്യുമെന്ന് തിരിച്ചറിഞ്ഞു ജീവിക്കാം. മറ്റുള്ളവരുടെ വീഴ്ചകളിൽ ആനന്ദിക്കുന്നതിന് പകരം, പ്രതിഫലം നോക്കാതെ, അവർക്കുവേണ്ടി പ്രാർത്ഥിക്കാനും, സഹോദരങ്ങളെപ്പോലെ അവർക്ക് സ്നേഹം പകരാനും നമുക്ക് സാധിക്കട്ടെ. നമ്മുടെ ഹൃദയങ്ങളറിയുന്ന ദൈവത്തിന് മുൻപിൽ, എളിമയോടെ എന്നാൽ വിശ്വാസത്തോടെ അഭയം തേടാനും, വേദനകൾ അവനുമുന്നിൽ സമർപ്പിക്കാനും, അവന്റെ നീതിയിലും കരുണയിലും ആശ്വാസവും ആനന്ദവും കണ്ടെത്താനും നമുക്ക് പരിശ്രമിക്കാം. എന്നും കർത്താവിന്റെ സ്തുതികൾ പാടാൻ ദൈവം നമ്മിൽ കനിവാകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 August 2023, 14:23