തിരയുക

ഹൈറ്റിയിൽനിന്നുള്ള ദൃശ്യം ഹൈറ്റിയിൽനിന്നുള്ള ദൃശ്യം 

ഹൈറ്റി: സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം അരക്ഷിതാവസ്ഥയിൽ

കരീബിയൻ രാജ്യമായ ഹൈറ്റിയിൽ ഈ വർഷം മാത്രം കുട്ടികളും സ്ത്രീകളുമായി മുന്നൂറിലധികം പേർ ഇതിനകം തട്ടിക്കൊണ്ടുപോകപ്പെട്ടെന്ന് യൂണിസെഫ് റിപ്പോർട്ട്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സംഘർഷങ്ങൾ തുടരുന്ന ഹൈറ്റിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ പരുങ്ങലിലെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഓഗസ്റ്റ് 8 ചൊവ്വാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് കരീബിയൻ രാജ്യമായ ഹൈറ്റിയിൽ കുട്ടികളും സ്ത്രീകളും നേരിടുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് യൂണിസെഫ് അറിയിച്ചത്. റിപ്പോർട്ട് പ്രകാരം രാജ്യത്ത് 2023-ലെ ആദ്യ ആറു മാസങ്ങളിൽ മാത്രം സ്ത്രീകളും കുട്ടികളുമടക്കം ഏതാണ്ട് 300 പേരാണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്. 2021-ൽ തട്ടിക്കൊണ്ടുപോകപ്പെട്ട ആളുകളുടെ മൂന്നിരട്ടിയാണിത്. 2022-ൽ ഏതാണ്ട് 300 പേർ തട്ടിക്കൊണ്ടുപോകപ്പെട്ടിരുന്നു.

സാമ്പത്തികനേട്ടത്തിനോ, വിലപേശലിനോ ആയി സായുധസംഘങ്ങളാണ് സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോകുന്നത്. പലപ്പോഴും സ്വഭാവനങ്ങളിലേക്ക് ഇവർക്ക് മടങ്ങാൻ കഴിയാറില്ലെന്നും, അവർക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ മുറിവുകൾ എളുപ്പത്തിൽ മായ്ക്കാൻ കഴിയുന്നതല്ലെന്നും ശിശുക്ഷേമനിധി വിശദീകരിച്ചു.

അതേസമയം രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തികബുദ്ധിമുട്ടുകൾ കാരണം മുപ്പത് ലക്ഷം കുട്ടികൾ ഉൾപ്പെടെ ഏതാണ്ട് അൻപത്തിരണ്ട്‌ ലക്ഷം ആളുകൾക്ക്, അതായത് രാജ്യത്തെ ഏകദേശം പകുതിയോളം ആളുകൾക്കും മാനവികസഹായം ആവശ്യമുണ്ടെന്ന് യൂണിസെഫ് വ്യക്തമാക്കി. എന്നാൽ അതേസമയം, വർദ്ധിച്ചുവരുന്ന ആക്രമണങ്ങളും സായുധസംഘർഷങ്ങളും കാരണം മാനവികസഹായം എത്തിക്കുന്നത് കൂടുതൽ ശ്രമകരമാണെന്നും സംഘടന അറിയിച്ചു.

രാജ്യത്തെ ആരോഗ്യസേവനസംവിധാനം തകർച്ചയുടെ വക്കിലാണെന്നും, സ്‌കൂളുകളിൽ നല്ലൊരു ശതമാനവും അക്രമണത്തിനിരയാകുന്നുണ്ടെന്നും റിപ്പോർട്ടിലൂടെ ശിശുക്ഷേമനിധി അറിയിച്ചു.

യൂണിസെഫ് പ്രവർത്തകരിൽനിന്നും മറ്റു സഹസംഘടനകളിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, സ്ത്രീകളും കുട്ടികളും നേരിടുന്നത് തികച്ചും പരിതാപകരമായ ഒരു അവസ്ഥയെ ആണെന്നും, അവരെ ഉപയോഗിച്ച് വിലപേശലുകൾ നടത്തുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും യൂണിസെഫ് റീജിയണൽ ഡയറക്ടർ ഗാരി കോണിൽ പറഞ്ഞു.

തട്ടിക്കൊണ്ടു പോകപ്പെട്ട് തിരികെയെത്താൻ സാധിച്ച ആളുകൾക്ക് വൈദ്യസഹായം ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുന്നതിൽ നിർണായക പങ്കുവഹിക്കുന്ന യൂണിസെഫ്, ഹൈറ്റിയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട എല്ലാവരെയും ഉടനടി വിട്ടയക്കണമെന്ന് പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 August 2023, 14:10