അഫ്ഖാനിസ്ഥാനിൽ കിശോര തൊഴിലാളികൾ വർദ്ധമാനകുന്നു !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അഫ്ഖാനിസ്ഥാനിൽ കുട്ടികൾ കുടുംബം പോറ്റുന്നതിന് തൊഴിലിലേർപ്പെടാൻ നിർബന്ധിതരാകുന്നുവെന്ന് ‘കുട്ടികളെ രക്ഷിക്കൂ’, അഥവാ, ‘സേവ് ദ ചിൽറൻ’ (Save the Children) എന്ന അന്താരാഷ്ട്ര സംഘടന വെളിപ്പെടുത്തുന്നു.
‘സേവ് ദ ചിൽറനു’മായി സംസാരിച്ച അന്നാട്ടിലെ ആറു പ്രവിശ്യകളിൽപ്പെട്ട കുട്ടികളിൽ മൂന്നിലൊന്നിൽകൂടുതൽ പേർ ഇപ്പോൾ ബലവേല ചെയ്യാൻ നിർബന്ധിതരാണെന്നും ഇതിനു കാരണം പട്ടിണിയും ദാരിദ്ര്യവും വർദ്ധിച്ചിരിക്കുന്നതാണെന്നും ഈ സംഘടന വ്യക്തമാക്കുന്നു.
2021 ആഗസ്റ്റ് 15-ന് തലിബാൻ അഫ്ഖാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തതിനു ശേഷം സ്ഥിതി വഷളായിരിക്കയാണെന്നും അന്താരാഷ്ട്രസമൂഹത്തിൻറെ ഇടപെടൽ അടിയന്തിരമായി ആവശ്യമാണെന്നും ഈ സംഘടന പറയുന്നു.
അന്നാടിനുള്ള സഹായം മരവിപ്പിക്കുകയോ നിറുത്തിവയ്ക്കുകയോ ചെയ്യരുതെന്ന് ‘സേവ് ദ ചിൽറൻ’ ദായക രാഷ്ട്രങ്ങളോട് അഭ്യർത്ഥിക്കുന്നു.
കഴിഞ്ഞ ഒരു വർഷത്തെ അപേക്ഷിച്ച് കുറവാണ് ഇപ്പോൾ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളെന്ന് അഭിമുഖത്തിൽ പങ്കെടുത്ത കുട്ടികളിൽ 76 ശതമാനത്തിലേറെയും പറഞ്ഞുവെന്ന് സംഘടന വെളിപ്പെടുത്തി.
കഴിഞ്ഞ 3 പതിറ്റാണ്ടിനിടെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും കടുത്ത വരൾച്ച ഇപ്പോൾ അനുഭവപ്പെടുന്നതും കന്നുകാലികൾ ചത്തുപോകുന്നതും എല്ലാം ഈ ഭക്ഷ്യപ്രശ്നം വഷളാക്കുകയാണെന്നും പട്ടിണി കുട്ടികൾക്ക് ശാരീരികമായി മാത്രമല്ല മാനസികമായും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ‘സേവ് ദ ചിൽറൻ’ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: