യുണിസെഫ്: സുഡാനിൽ കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആഫ്രിക്കൻ നാടായ സുഡാനിൽ കഴിഞ്ഞ നൂറുദിനങ്ങളിൽ നാനൂറിലേറെ കുഞ്ഞുങ്ങൾ മരണമടഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി, യുണിസെഫ് (UNICEF) ആണ് ഈ കണക്കു നല്കിയത്.
435 കുട്ടികൾ കൊല്ലപ്പെടുകയും 2025 കുട്ടികൾക്ക് പരിക്കേല്കുകയും ചെയ്തിട്ടുണ്ടെന്ന് ഈ സംഘടന വ്യക്തമാക്കുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ അന്നാട്ടിൽ 1 കോടി നാല്പതുലക്ഷം കുട്ടികൾക്ക് മാനവിക സഹായം ആവശ്യമുണ്ടെന്നും അന്നാട്ടിൽ യുദ്ധബാധിത പ്രദേശങ്ങളിൽ 68 ശതമാനം ആശുപത്രികളും പ്രവർത്തനങ്ങൾ നിറുത്തിവച്ചിരിക്കയാണെന്നും 17 ആശുപത്രികൾ ബോംബാക്രമണത്തിൽ തകർന്നിരിക്കയാണെന്നും യുണിസെഫ് വെളിപ്പെടുത്തുന്നു.
ആറുലക്ഷത്തി തൊണ്ണൂറായിരത്തോളും കുട്ടികൾ പോഷണവൈകല്യത്തിന് ഇരകളാകുന്ന അപകടമുണ്ടെന്നും ഒരു വയസ്സിൽ താഴെ പ്രായമുള്ള 17 ലക്ഷത്തോളം കുട്ടികൾക്ക് പ്രാഥമിക പ്രതിരോധ കുത്തിവയ്പുകൾ നല്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും യുണിസെഫ് ആശങ്ക പ്രകടിപ്പിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: