തിരയുക

റഷ്യൻ ഷെല്ലാക്രമണത്തിൽ തകർന്ന ഉക്രൈനിലെ ഒരു കെട്ടിടം റഷ്യൻ ഷെല്ലാക്രമണത്തിൽ തകർന്ന ഉക്രൈനിലെ ഒരു കെട്ടിടം  

ഉക്രൈൻ യുദ്ധം ആരംഭിച്ചിട്ട് 73 ആഴ്ചകൾ

റഷ്യ-ഉക്രൈൻ യുദ്ധം തുടങ്ങി 73 ആഴ്ചകൾ പിന്നിട്ടിട്ടും സമാധാന ശ്രമങ്ങൾ പൂർണ്ണ വിജയത്തിലേക്കെത്തുന്നില്ല

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഉക്രൈനിൽ റഷ്യൻ സൈന്യം നടത്തുന്ന ആക്രമണത്തിന്റെയും അധിനിവേശത്തിന്റെയും യുദ്ധത്തിന്റെയും ഭീകരത എഴുപത്തിമൂന്നാം ആഴ്ചയിലേക്ക് കടക്കുന്നു. യുദ്ധം തുടങ്ങിയ നാൾ മുതൽ ലോകരാജ്യങ്ങളിലെ പ്രതിനിധികളും, ആത്മീയനേതാക്കളും സമാധാനശ്രമങ്ങൾ ഏറെ നടത്തുന്നുവെങ്കിലും അവയൊന്നും പൂർണ്ണ വിജയത്തിലേക്കെത്തുന്നില്ലായെന്നതും ലോകത്തെ ഭീതിയിലാഴ്ത്തുന്നുണ്ട്.

എഴുപത്തിമൂന്നാം ആഴ്ചയിൽ സുമി, ഖാർകിവ്. ലിവിവ്  എന്നീ പ്രദേശങ്ങളാണ് റഷ്യൻ ഷെല്ലാക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകരുകയും, വീടുകൾ നാമാവശേഷമാവുകയും ചെയ്തു.അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഏകദേശം പത്തോളം പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ മേജർ ആർച്ചുബിഷപ്പ് മോൺ.സ്വിയാറ്റോസ്ളാവ്  ഷെവ്ച്ക്ക്  തന്റെ കുറിപ്പിൽ പറഞ്ഞു.

യുദ്ധം തുടങ്ങിയ നാൾ മുതൽ നിർത്താതെയുള്ള പ്രാർത്ഥനകൾക്ക് സാക്ഷ്യം വഹിക്കുന്ന ഉക്രൈനിലെ ദേവാലയങ്ങൾ രാജ്യത്തിന്റെ ആത്മീയ നേട്ടമാണെന്നും ആർച്ചുബിഷപ്പ് പ്രസ്താവിച്ചു. ഇതിന് നേതൃത്വം നല്കുന്നവർക്കും, ഉക്രൈൻ ജനതയ്ക്കുവേണ്ടി ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും പ്രാർത്ഥിക്കുന്നവർക്കും ആർച്ചുബിഷപ്പ് തന്റെ കൃതജ്ഞത രേഖപ്പെടുത്തി.

കരാറുകളിൽ മാത്രം ഒതുങ്ങുന്ന അനുരഞ്ജനത്തിനുമപ്പുറം ഹൃദയങ്ങൾ തമ്മിലുള്ള അനുരജ്ഞനവും, മുറിവുകളുണക്കുന്ന രോഗശാന്തിയുമാണ് ഏറെ ആവശ്യമെന്നും, അതിനാൽ പരിശുദ്ധാത്മാവിന്റെ ഇടപെടൽ ഏറെ ആവശ്യമാണെന്നും ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 July 2023, 12:15