തിരയുക

സുഡാനിൽനിന്നുള്ള ചിത്രം സുഡാനിൽനിന്നുള്ള ചിത്രം  (ANSA)

സുഡാനിൽ ലിംഗാധിഷ്ഠിത അതിക്രമങ്ങൾ വർദ്ധിക്കുന്നു: ഐക്യരാഷ്ട്രസഭ

സുഡാനിൽ വർദ്ധിച്ചുവരുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭയായുടെ വിവിധ സമിതികൾ (OCHA, UNHCR, UNICEF, UNFPA, WHO) സംയുക്തനിവേദനമിറക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സുഡാനിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ വർദ്ധിച്ചുവരുന്നതായി ഐക്യരാഷ്ട്രസഭയുടെ വിവിധ സംഘടനകൾ അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ 15-ന് രാജ്യത്ത് സായുധസംഘർഷങ്ങൾ പുറപ്പെടുന്നതിന് മുൻപുതന്നെ ഏതാണ്ട് മുപ്പത് ലക്ഷത്തിലധികംസ്ത്രീകളും പെൺകുട്ടികളും ലിംഗാധിഷ്ഠിത അതിക്രമഭീഷണി നേരിട്ടിരുന്നുവെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ ഏതാണ്ട് നാല്പത്തിരണ്ടു ലക്ഷം പേരാണ് ഇത്തരത്തിൽ ഭീഷണി നേരിടുന്നതെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, ലോകാരോഗ്യസംഘടന, കുടിയേറ്റക്കാർക്കുവേണ്ടിയും മാനവികകാര്യങ്ങൾക്കുവേണ്ടിയും, പ്രവർത്തിക്കുന്ന സമിതികൾ തുടങ്ങിയ സംഘടനകൾ സംയുക്തമായി പുറത്തിറക്കിയ നിവേദനത്തിലൂടെ വ്യക്തമാക്കി. നിലവിലെ കണക്കുകൾ പ്രകാരം സുഡാനിൽ സംഘർഷങ്ങൾ ആരംഭിച്ചതിനു ശേഷമുള്ള കഴിഞ്ഞ പതിനൊന്ന് ആഴ്ചകളിൽ 21 സംഭവങ്ങളിലായി 57 സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ ലൈംഗിക ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരിൽ പത്തുപേർ പെൺകുട്ടികളാണ്.

നിലവിലെ സാഹചര്യത്തിൽ, ലിംഗാധിഷ്ഠിത അതിക്രമങ്ങളും ലൈംഗികാക്രമണങ്ങളും ആളുകളെ ഭയപ്പെടുത്താനുള്ള യുദ്ധതന്ത്രമെന്ന നിലയിൽ ഉപയോഗിക്കപ്പെടുന്നത് തടയപ്പെടണമെന്നും, ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങൾ, ലൈംഗികപീഡനങ്ങൾ, അന്താരാഷ്ട്രമാനവിക നിയമങ്ങളുടെ ലംഘനങ്ങൾ എന്നിവയെക്കുറിച്ചുളള സമഗ്രവും സത്യസന്ധവും സ്വതന്ത്രവുമായ അന്വേഷണങ്ങൾ ഉടനടി ഉണ്ടാകണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.

സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടെയുള്ള സാധാരണജനത്തിന്റെ സംരക്ഷണം സംബന്ധിച്ച അന്താരാഷ്ട്രനിയമങ്ങൾ സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ പാലിക്കുന്നുവെന്നത് ഉറപ്പാക്കണമെന്നും, അതിജീവിതർക്ക് ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിനായി സുരക്ഷിതമായ മാർഗ്ഗങ്ങൾ ഉറപ്പാക്കണമെന്നും നിവേദനത്തിലൂടെ വിവിധ സമിതികൾ ആവശ്യപ്പെട്ടു.

സുഡാനിലെ സാമൂഹികവികസനമന്ത്രാലയത്തിന് കീഴിൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുവേണ്ടിയുള്ള വിഭാഗത്തിന് നിലവിൽ സംഘർഷമേഖലകളിൽനിന്ന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് 42-ഉം  ഡാർഫൂർ മേഖലയിൽനിന്ന് 46-ഉം പരാതികളാണ് ഉയർന്നിട്ടുള്ളത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 July 2023, 17:06