തിരയുക

സങ്കീർത്തനചിന്തകൾ - 31 സങ്കീർത്തനചിന്തകൾ - 31 

ദുരിതങ്ങളിൽ അഭയമാകുന്ന നീതിമാനായ ദൈവം

വചനവീഥി: മുപ്പത്തിയൊന്നാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
മുപ്പത്തിയൊന്നാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ആരാധനാശുശ്രൂഷയ്ക്കായി ഉപയോഗിച്ചിരുന്ന ഒരു പ്രാർത്ഥനയായി കണക്കാക്കാവുന്ന മുപ്പത്തിയൊന്നാം സങ്കീർത്തനം ദാവീദിന്റെ ഒരു വിലാപഗാനമാണ്. ഇരുപത്തിരണ്ടാം സങ്കീർത്തനത്തിലും ഏതാണ്ട് ഇതേ ഒരു ശൈലി നാം കാണുന്നുണ്ട്. ക്ലേശങ്ങളുടെയും ദുരിതങ്ങളുടെയും ഇടയിലാണ് തന്റെ ജീവിതമെന്നും, മാനുഷികജീവിതം നശ്വരമെന്നും തിരിച്ചറിയുന്ന സങ്കീർത്തകൻ, ദൈവത്തിൽ ശരണമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ദുരിതങ്ങളുടെ മുന്നിൽ വിലാപസ്വരമുയർത്തുന്ന ദാവീദ്, കർത്താവ് തന്റെ ഭക്തരുടെ പ്രാർത്ഥന കേൾക്കുമെന്നും, തന്റെ വിശ്വസ്തരെ പരിപാലിക്കുമെന്നുമുള്ള ബോധ്യത്തിലേക്കാണ് സങ്കീർത്തനത്തിന്റെ അവസാനഭാഗത്ത് കടന്നുവരുന്നത്. ദൈവത്തിൽ അഭയമർപ്പിക്കുന്ന വിശ്വാസികൾക്ക് നിരാശരാകേണ്ടിവരില്ലെന്ന ഒരു സന്ദേശം കൂടി ഈ സങ്കീർത്തനം നൽകുന്നുണ്ട്.

കർത്താവിന്റെ മുൻപിലുള്ള വിലാപം

സങ്കീർത്തനത്തിന്റെ ഒന്നുമുതൽ നാലുവരെയുള്ള ഭാഗത്ത് ക്ലേശങ്ങളിൽ തനിക്ക് രക്ഷയേകണമേയെന്ന ദാവീദിന്റെ വിലപപ്രാർത്ഥനയുടെ വാക്കുകളാണ് നാം കാണുക. എന്നാൽ ഈ പ്രാർത്ഥന പോലും ദൈവത്തിലുള്ള ആശ്രയവും തന്റെ ഉറച്ച വിശ്വാസവും മുന്നിൽവച്ചാണ് ദാവീദ് നടത്തുക: "കർത്താവേ, അങ്ങയിൽ ഞാൻ അഭയം തേടുന്നു, ലജ്ജിക്കാൻ എനിക്കിടവരുത്തരുതേ! നീതിമാനായ അങ്ങ് എന്നെ രക്ഷിക്കണമേ" (സങ്കീ. 31, 1). ജീവിതത്തിൽ നിരാശനായ ഒരു മനുഷ്യന്റേതെന്നു വ്യക്തമായി മനസ്സിലാക്കാവുന്ന ഈ വാക്കുകൾ മറ്റു പല സങ്കീർത്തനങ്ങളുടെയും ആരംഭത്തിൽ ദാവീദ് ഉപയോഗിക്കുന്നുണ്ട്. ദൈവത്തിൽ അഭയം തേടുന്നവർ ലജ്ജിക്കാനിടവരില്ല എന്ന ബോധ്യത്തോടെയാണ് ദാവീദ് പ്രാർത്ഥിക്കുക. ദൈവത്തിന്റെ നീതിയിലാണ് സങ്കീർത്തകൻ അഭയം തേടുക. രണ്ടു മുതൽ നാലുവരെയുള്ള വാക്യങ്ങളിൽ വ്യക്തിപരമായ ഒരു ബന്ധം മുന്നിൽവച്ചാണ് ദാവീദ് പ്രാർത്ഥിക്കുക. എനിക്കു നേരെ ചെവിചായ്ക്കണമേ, എനിക്ക് രക്ഷ നൽകുന്ന അഭയശിലയും ശക്തിദുർഗവുമായിരിക്കണമേ, എനിക്ക് വഴികാട്ടി ആയിരിക്കണമേ, എനിക്കായി വച്ചിരിക്കുന്ന വലയിൽനിന്ന് എന്നെ രക്ഷിക്കണമേ (സങ്കീ. 31, 2-4), തുടങ്ങിയ പ്രാർത്ഥനകൾ ദൈവത്തോട് ദാവീദിനുള്ള വ്യക്തിബന്ധത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ദൈവത്തോടുള്ള നന്ദിയും വിശ്വാസപ്രഖ്യാപനവും

സങ്കീർത്തനത്തിന്റെ അഞ്ചു മുതൽ എട്ടു വരെയുള്ള വാക്യങ്ങൾ നന്ദി നിറഞ്ഞ ഹൃദയത്തോടെ ദാവീദ് ദൈവത്തിനു മുൻപിൽ നടത്തുന്ന വിശ്വാസപ്രഖ്യാപനത്തിന്റേതാണ്: "അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു; കർത്താവേ, വിശ്വസ്തനായ ദൈവമേ, അവിടുന്ന് എന്നെ രക്ഷിച്ചു. വ്യർത്ഥവിഗ്രഹങ്ങളെ ആരാധിക്കുന്നവരെ അവിടുന്നു വെറുക്കുന്നു; എന്നാൽ ഞാൻ കർത്താവിൽ ആശ്രയിക്കുന്നു. അങ്ങയുടെ അചഞ്ചലസ്നേഹത്തിൽ ഞാൻ ആനന്ദമടയും; അവിടുന്ന് എന്റെ ദുരിതങ്ങൾ കണ്ടിരിക്കുന്നു; എന്റെ യാതനകൾ അങ്ങ് ശ്രദ്ധിച്ചിരുന്നു. ശത്രുകരങ്ങളിൽ അങ്ങ് എന്നെ ഏൽപിച്ചുകൊടുത്തില്ല; വിശാലസ്ഥലത്ത് എന്റെ പാദങ്ങളെ അങ്ങ് ഉറപ്പിച്ചിരിക്കുന്നു" (സങ്കീ. 31, 5-8). “ദൈവകരങ്ങളിൽ എന്റെ ആത്മാവിനെ സമർപ്പിക്കുന്നു” എന്ന വാക്കുകൾ പിന്നീട് വിശുദ്ധ ഗ്രന്ഥത്തിൽ നാം ആവർത്തിച്ചു കാണുന്നുണ്ട്. ദൈവമാണ് തന്റെ ഏകരക്ഷകൻ എന്ന തിരിച്ചറിവിലാണ് സങ്കീർത്തകൻ തന്നെത്തന്നെ കർത്താവിന് സമർപ്പിക്കുകയും അവനിൽ ആശ്രയിക്കുകയും ചെയ്യുന്നത്. ദൈവത്തിൽ ശരണം വയ്ക്കുന്ന സങ്കീർത്തകൻ അവിടുത്തെ സ്നേഹത്തിൽ ആനന്ദമനുഭവിക്കുന്നുണ്ട്. മറ്റുള്ളവരിൽനിന്ന് മറച്ചുപിടിക്കുക എന്നതിനേക്കാൾ, ഏവരുടെയും മുന്നിൽ, വിശാലമായ ഇടത്താണ് ദൈവം ദാവീദിനെ വിജയിയായി നിറുത്തുക.

മനുഷ്യജീവിതത്തിന്റെ നശ്വരത

സങ്കീർത്തനത്തിന്റെ ഒൻപതു മുതൽ പതിമൂന്ന് വരെയുള്ള ഭാഗത്ത് തന്റെ ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചാണ് ദാവീദ് വിവരിക്കുന്നത്. ദുഃഖം കൊണ്ട് ക്ഷയിച്ച നയനങ്ങൾ, തളർന്ന ജീവനും ശരീരവും, ദുഃഖത്തിലും നെടുവീർപ്പിലും കടന്നുപോകുന്ന ആയുസ്സ്, ദുരിതങ്ങളാൽ ക്ഷയിക്കുന്ന ശക്തിയും ദ്രവിക്കുന്ന അസ്ഥികളും. ശത്രുക്കൾക്കും അയൽക്കാർക്കും മുൻപിൽ പരിഹാസപാത്രമാകുന്ന അവസ്ഥ, മറ്റുളളവരാൽ ഉപേക്ഷിക്കപ്പെടുന്ന, വിസ്‌മൃതനാകുന്ന, ഒറ്റയ്ക്കാകുന്ന അവസ്ഥ, തനിക്കെതിരെ നടത്തുന്ന ഗൂഢാലോചനകളും, ശത്രുക്കളുയർത്തുന്ന ഭീഷണിയുടെ സ്വരവും. മനുഷ്യജീവിതത്തിന്റെ നശ്വരതയിലേക്കും, ദുർബലതകളിലേക്കും ക്ഷണികതയിലേക്കുമാണ് ശാരീരികവും മാനസികവുമായി തകർന്ന ഒരു മനുഷ്യന്റെ സ്വരമായി മാറുന്ന, ദാവീദിന്റെ ഈ വാക്യങ്ങൾ വിരൽ ചൂണ്ടുന്നത്.

നിരാശയുടേയും തകർച്ചയുടേതുമെന്ന് വായിക്കാവുന്ന ഈ വാക്യങ്ങൾക്കൊടുവിലും ദൈവത്തിലുള്ള ഉറച്ച വിശ്വാസത്താൽ അവനിൽ അഭയം തേടുന്ന ദാവീദിനെയാണ് പതിനാലും പതിനഞ്ചും വാക്യങ്ങളിൽ നാം കാണുക: "കർത്താവെ, ഞാനങ്ങയിൽ ആശ്രയിക്കുന്നു; അങ്ങാണ് എന്റെ ദൈവമെന്നു ഞാൻ പ്രഖ്യാപിക്കുന്നു. എന്റെ ഭാഗധേയം അങ്ങയുടെ കൈകളിലാണ്; ശത്രുക്കളുടെയും പീഡകരുടെയും കൈകളിൽനിന്ന് എന്നെ മോചിപ്പിക്കണമേ!" (സങ്കീ. 31, 14-15).

പതിനാറുമുതൽ പതിനെട്ടു വരെയുള്ള വാക്യങ്ങളിൽ, സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത് നാം കണ്ടതുപോലെ, ദുരിതങ്ങളിലും ഭീതിയിലുമായിരിക്കുന്ന ഒരുവന്റെ പ്രാർത്ഥനയാണ് നാം വീണ്ടും കാണുക. തന്റേമേൽ ദൈവത്തിന്റെ ദൃഷ്ടി പതിയാണമേയെന്നും കരുണയാൽ തന്നെ രക്ഷിക്കണമേയെന്നും ദാവീദ് പ്രാർത്ഥിക്കുന്നു. പഴയനിയമ മതാത്മകത കൂടി ഈ വാക്യങ്ങളിൽ കടന്നുവരുന്നുണ്ട്. ദൈവത്തിനെതിരായി നിൽക്കുന്നവർക്ക് ശിക്ഷ ലഭിക്കണമെന്ന പ്രാർത്ഥന സങ്കീർത്തനവാക്യങ്ങളിൽ കാണുന്നതും അതുകൊണ്ടാണ്; "കർത്താവെ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ഞാൻ ലജ്ജിതനാകാൻ ഇടയാക്കരുതേ! ദുഷ്ടരെ ലജ്ജിതരാക്കണമേ! അവർ മൂകരായി പാതാളത്തിൽ പതിക്കട്ടെ! അസത്യം പറയുന്ന അധരങ്ങൾ മൂകമാകട്ടെ! അവർ അഹന്തയോടും അവജ്ഞയോടുംകൂടെ നീതിമാന്മാർക്കെതിരെ സംസാരിക്കുന്നു!" (സങ്കീ. 31, 17-18).

സംരക്ഷകനായ ദൈവത്തിനുള്ള കൃതജ്ഞത

ദാവീദിന്റെ വ്യക്തിപരമായ കൃതജ്ഞതയുടെ വാക്കുകളാണ് പത്തൊൻപത് മുതൽ ഇരുപത്തിരണ്ടു വരെയുള്ള വാക്യങ്ങളിൽ നാം കാണുക. തന്റെ ഭക്തർക്കായി കർത്താവ് വലിയ അനുഗ്രഹങ്ങളാണ് ഒരുക്കിവച്ചിരിക്കുന്നതെന്നും, ദൈവത്തിൽ അഭയം തേടുന്നവർക്ക് അവൻ ഈ അനുഗ്രഹങ്ങൾ പരസ്യമായി നൽകുന്നുവെന്നും ദാവീദ് ഏറ്റുപറയുന്നു. ദുഷ്ടരായ മനുഷ്യരുടെ ഇടയിൽ തന്റെ വിശ്വാസികൾക്ക് സംരക്ഷണവും കോട്ടയുമാകുന്നത് ദൈവമാണ്. തന്റെ കൂടാരത്തിൽ, തന്റെ സാന്നിധ്യത്തിലാണ് അവർക്ക് അവൻ അഭയമേകുന്നത്. ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടുവോയെന്ന ചിന്തയിലും, മറ്റുള്ളവരുടെ അക്രമങ്ങളുടെ ഭീതിയിലും ആയിരുന്ന തന്നോട് ദൈവം വിസ്മയകരമായ വിധത്തിൽ കാരുണ്യം കാണിച്ചുവെന്ന് ദാവീദ് എഴുതിവയ്ക്കുന്നു. തന്റെ അപേക്ഷകൾ വൃഥാവിലായില്ല എന്ന ഉറപ്പാണ് ദാവീദിന്റെ ഹൃദയത്തിന് ആശ്വാസമേകുന്നത്.

സങ്കീർത്തനത്തിന്റെ അവസാനഭാഗത്ത്, ഇരുപത്തിമൂന്നും ഇരുപതിനാലും വാക്യങ്ങളിൽ, കർത്താവിനെ സ്നേഹിക്കുവാൻ കർത്താവിന്റെ വിശുദ്ധരെ, ദൈവത്തിന്റെ വിശ്വസ്തജനത്തെ ആഹ്വാനം ചെയ്യുന്ന ദാവീദിനെയാണ് നാം കാണുക. അഹങ്കാരികളെ ശിക്ഷിക്കുകയും, വിശ്വസ്തരെ പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തെ കാത്തിരിക്കുന്നവർ ഭയപ്പെടുകയോ ദുർബലരാകുകയോ വേണ്ട, ദൈവം അവരെ കൈവിടില്ല, എന്ന ശുഭാപ്തിവിശ്വാസം നിറഞ്ഞ വാഗ്ദാനം നമ്മുടെ മുൻപിൽ വച്ചുകൊണ്ടാണ് ദാവീദ് ഈ സങ്കീർത്തനം അവസാനിപ്പിക്കുന്നത്.

സങ്കീർത്തനം ജീവിതത്തിൽ

മുപ്പത്തിയൊന്നാം സങ്കീർത്തനത്തിലൂടെ കടന്നുപോകുമ്പോൾ, നമ്മുടെ ജീവിതത്തിന്റെയും ചില നിമിഷങ്ങളിൽ നാം കടന്നുപോയതോ കടന്നുപോയ്ക്കൊണ്ടിരിക്കുന്നതോ ആയ അവസ്ഥകളിലേക്ക് ദാവീദിന്റെ ഈ വിലപപ്രാർത്ഥന നമ്മെ കൊണ്ടുപോകുന്നുണ്ട്. ദുരിതങ്ങളും ദുഃഖങ്ങളും, അതിരുകടന്ന പരാതികളും പരിഹാസങ്ങളും അനുഭവിച്ചിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം, ആശ്രയമർപ്പിക്കാൻ കരുണാമയനായ, തന്റെ ഭക്തരെ ഒരിക്കലും കൈവിടാത്ത ഒരു ദൈവമുണ്ടെന്ന ബോധ്യം ഹൃദയത്തിൽ നിറയ്ക്കുന്ന ആശ്വാസവും ആനന്ദവും ചെറുതല്ല. അപരർക്കെതിരെ ഗൂഢാലോചനകൾ നടത്തി, അവരുടെ ജീവനും സത്‌പേരിനും, ഭീഷണിയും കളങ്കവുമുയർത്തുകയും, ശരീരത്തെയും മനസ്സിനെയും തകർക്കുകയും ചെയ്യുന്ന ദുഷ്ടരിൽനിന്ന് അകന്ന് നന്മയിൽ ജീവിക്കാനും, എല്ലാം ദൈവത്തിലർപ്പിച്ച്, അവന്റെ വിസ്മയകരമായ കരുണയിൽ ശരണം വച്ച്, ദൈവസന്നിധിയിൽ, അവന്റെ വിശുദ്ധ കൂടാരത്തിന്റെ സംരക്ഷണത്തിൽ ജീവിക്കാനും നമുക്കാകട്ടെ. നീതിമാനും ശക്തനുമായ ദൈവത്തിന്റെ സംരക്ഷണം നമ്മുടെ തുണയും സങ്കേതവുമാകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 July 2023, 16:45