തിരയുക

സങ്കീർത്തനചിന്തകൾ - 30 സങ്കീർത്തനചിന്തകൾ - 30 

കരുണാമയനായ ദൈവത്തിന് കൃതജ്ഞത അർപ്പിക്കുക

വചനവീഥി: മുപ്പതാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
മുപ്പതാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദേവാലയപ്രതിഷ്ഠയ്ക്കായുള്ള ദാവീദിന്റെ സങ്കീർത്തനം എന്ന തലക്കെട്ടോടെയുള്ള മുപ്പതാം സങ്കീർത്തനം, കൃതജ്ഞതാബലിയർപ്പണത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഒരു ഗീതമാണ്. തന്റെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലിലൂടെ ലഭിച്ച വിടുതലിന്റെയും വീണ്ടെടുക്കലിന്റെയും അനുഭവത്തിൽ ദൈവത്തിന് നന്ദി പറയുന്ന സങ്കീർത്തകൻ, തന്നോടൊത്ത് ദൈവത്തിന് സ്തുതികൾ ആലപിക്കാൻ ഏവരെയും ക്ഷണിക്കുന്നു. മനുഷ്യജീവിതത്തിൽ സാധാരണയായി ഏവരും കടന്നുപോകുന്ന തകർച്ചയുടെയും ഉയർച്ചയുടെയും അനുഭവങ്ങളിലൂടെയാണ് ദാവീദും കടന്നുപോയത്. എന്നാൽ അവന്റെ പ്രാർത്ഥന കേട്ട ദൈവം, കരുണയോടെ അവനെ അനുഗ്രഹിക്കുകയും ശത്രുക്കൾ, രോഗം, ദുരവസ്ഥകൾ എന്നിവയിൽനിന്ന് കരം പിടിച്ചുയർത്തി തിരികെ ജീവനിലേക്കും വിടുതലിന്റെ അനുഭവത്തിലേക്കും ഉയർത്തുന്നു. നല്ലവനും കാരുണ്യവാനായ ദൈവത്തിന് നന്ദി പറയുവാൻ നമുക്ക് കടമയുണ്ട് എന്ന ഒരോർമ്മപ്പെടുത്തലും പ്രബോധനവും കൂടിയാണ് ഈ സങ്കീർത്തനം.

ദൈവത്തിന് കൃതജ്ഞത

മുപ്പതാം സങ്കീർത്തനത്തിന്റെ ആദ്യ മൂന്ന് വാക്യങ്ങൾ നന്ദിയുടേതാണ്. തന്റെ ജീവിതത്തിൽ  ദൈവികമായ ഇടപെടലിലൂടെ താൻ അനുഭവിച്ചറിഞ്ഞ വിടുതലിന്റെയും വീണ്ടെടുപ്പിന്റെയും അനുഭവങ്ങൾക്ക് നന്ദിപറയുകയാണ് സങ്കീർത്തകൻ: "കർത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും, അവിടുന്ന് എന്നെ രക്ഷിച്ചു; എന്റെ ശത്രു എന്റെ മേൽ വിജയമാഘോഷിക്കാൻ ഇടയാക്കിയില്ല. എന്റെ ദൈവമായ കർത്താവെ, ഞാനങ്ങയോടു നിലവിളിച്ച് അപേക്ഷിച്ചു, അവിടുന്ന് എന്നെ സുഖപ്പെടുത്തുകയും ചെയ്തു. കർത്താവെ അവിടുന്ന് എന്നെ പാതാളത്തിൽനിന്നു കരകയറ്റി; മരണഗർത്തത്തിൽ പതിച്ചവരുടെയിടയിൽ നിന്ന് എന്നെ ജീവനിലേക്ക് ആനയിച്ചു" (സങ്കീ. 30, 1-3). വിജയം സ്വന്തം കരബലത്തിലോ കഴിവിലോ ആനന്ദിക്കുന്നതിലുപരി, ദൈവത്തിന്റെ കാരുണ്യം തിരിച്ചറിയാനും, അവന് നന്ദി പറയാനുമുള്ള അവസരമാണ്. ശത്രുക്കളിൽനിന്ന് തന്നെ രക്ഷിക്കുകയും, തന്നെ സുഖപ്പെടുത്തുകയും, പാതാളത്തിൽനിന്ന്, മരണകരമായ അവസ്ഥകളിൽനിന്ന് തന്നെ കരംപിടിച്ച് ജീവനിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തത് കർത്താവാണെന്ന തിരിച്ചറിവാണ് ദാവീദിനെ എളിമയും നന്ദിയും നിറഞ്ഞ ഹൃദയത്തോടെ ദൈവസന്നിധിയിൽ നിൽക്കുവാൻ സഹായിക്കുന്നത്. ദൈവത്തോടൊപ്പം ദൈവികപദ്ധതികൾക്കനുസരിച്ച് പ്രവർത്തിക്കുന്നവരുടെ ജീവനെ ശത്രുകരങ്ങളിൽനിന്ന് സംരക്ഷിക്കുന്നത് കർത്താവാണ്. ശാരീരികമോ മാനസികമോ ആയ ദുരവസ്ഥകളിലും മുറിവുകളിലും സൗഖ്യമേകുന്നവനും കർത്താവ് തന്നെ. ജീവനേകുകയും സംരക്ഷിക്കുകയും ചെയ്യുന്ന ദൈവത്തിന് സ്തോത്രമാലപിക്കുന്നത് തിരിച്ചറിവുള്ള മനുഷ്യർക്ക് ഉത്തമമാണ്.

കൃതജ്ഞത ആലപിക്കുവാൻ ആഹ്വാനം

തന്റെ ഭക്തരോട് കരുണ കാട്ടുകയും അവരുടെ തെറ്റുകൾ ക്ഷമിക്കുകയും ചെയ്യുന്ന ദൈവത്തിന് തന്നോടൊപ്പം കൃതജ്ഞതയോടെ ഗീതാമാലപിക്കുവാൻ ഏവരെയും ആഹ്വാനം ചെയ്യുന്ന സങ്കീർത്തകനെയാണ് നാലും അഞ്ചും വാക്യങ്ങളിൽ നാം കാണുന്നത്: "കർത്താവിന്റെ വിശുദ്ധരെ, അവിടുത്തെ പാടിപ്പുകഴ്ത്തുവിൻ; അവിടുത്തെ പരിശുദ്ധനാമത്തിനു കൃതജ്ഞതയർപ്പിക്കുവിൻ. എന്തെന്നാൽ, അവിടുത്തെ കോപം നിമിഷനേരത്തേക്കേ ഉള്ളൂ; അവിടുത്തെ പ്രസാദം ആജീവനാന്തം നിലനിൽക്കുന്നു; രാത്രിയിൽ വിലാപമുണ്ടായേക്കാം; എന്നാൽ പ്രഭാതത്തോടെ സന്തോഷത്തിന്റെ വരവായി" (സങ്കീ. 30, 4-5). ദൈവത്തിന്റെ പരിശുദ്ധമായ നാമത്തിന് കൃതജ്ഞതയർപ്പിക്കുവാൻ തക്ക അനുഗ്രഹങ്ങളുടെയും കാരുണ്യത്തിന്റെയും അനുഭവങ്ങളിലൂടെ കടന്നുപോയ ദാവീദ്, തന്റെ ജീവിതപശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ്, തന്നോടൊപ്പം ദൈവത്തിന് നന്ദി പറയുവാൻ കർത്താവിന്റെ വിശുദ്ധരെ, ദൈവത്തിന് പ്രിയപ്പെട്ട വിശ്വാസികളായ മനുഷ്യരെ ക്ഷണിക്കുന്നത്. ദൈവത്തിന്റെ കരുണ അനന്തവും, അവന്റെ കോപം ക്ഷണനേരത്തേക്ക് മാത്രം നിലനിൽക്കുന്നതുമാണെന്ന ദാവീദിന്റെ ഏറ്റുപറച്ചിൽ കർത്താവിൽ സങ്കീർത്തകൻ അനുഭവിച്ച സ്നേഹത്തിന്റെ ഒരു പിതൃഭാവത്തിന്റെയും ദൈവത്തിന്റെ വിധികളിൽ നിഴലിക്കുന്ന കരുണയുടെ ഒരു സാക്ഷ്യപ്പെടുത്തൽ കൂടിയാണ്. വേദനകളുടെ ഇരുളിൽ കർത്താവിന്റെ കരം പിടിച്ചു കരയുന്ന വിശ്വാസിയെ, അനുഗ്രഹങ്ങളുടെ, ആനന്ദത്തിന്റെ പ്രഭാതമാണ് കാത്തിരിക്കുന്നത്.

ദുരിതങ്ങളും പ്രാർത്ഥനയും

സങ്കീർത്തനത്തിന്റെ ആറുമുതൽ പത്ത്‌ വരെയുള്ള വാക്യങ്ങളിൽ തന്റെ ജീവിതത്തിലെ ദുരിതാനുഭവങ്ങളുടെ ഓർമ്മകളിലേക്ക് തിരികെപ്പോകുന്ന സങ്കീർത്തകനെയാണ് നാം കാണുക. ജീവിതത്തിന്റെ സന്തോഷനിമിഷങ്ങളിൽ കർത്താവിനെ മറക്കരുതെന്ന് ഒരു ഓർമ്മപ്പെടുത്തൽകൂടിയാണ് ഈ വാക്യങ്ങൾ: "ഞാനൊരിക്കലും കുലുങ്ങുകയില്ലെന്ന് ഐശ്വര്യകാലത്തു ഞാൻ പറഞ്ഞു. കർത്താവെ, അങ്ങയുടെ കാരുണ്യം എന്നെ ശക്തമായ പർവതത്തെപ്പോലെ ഉറപ്പിച്ചിരുന്നു; അങ്ങ് മുഖം മറച്ചപ്പോൾ ഞാൻ പരിഭ്രമിച്ചുപോയി. കർത്താവേ, അങ്ങയോടു ഞാൻ നിലവിളിച്ചു; ഞാൻ കർത്താവിനോടു യാചിച്ചു. ഞാൻ പാതാളത്തിൽ പതിച്ചാൽ എന്റെ മരണംകൊണ്ട് എന്ത് ഫലം? ധൂളി അങ്ങയെ വാഴ്ത്തുമോ? അത് അങ്ങയുടെ വിശ്വസ്തതയെ പ്രഘോഷിക്കുമോ? കർത്താവേ, എന്റെ യാചന കേട്ട് എന്നോട് കരുണ തോന്നണമേ! കർത്താവെ അവിടുന്ന് എന്നെ സഹായിക്കണമേ!" (സങ്കീ. 30, 6-10). ജീവിതത്തിന്റെ ഐശ്വര്യത്തിന്റെ നാളുകൾ ദൈവത്തെ മറന്നുപോകാൻ നാം പ്രേരിതരായേക്കാവുന്ന ദിനങ്ങളാണ്. അതുകൊണ്ടു തന്നെ അനുഗ്രഹത്തിന്റെ ദിനങ്ങൾ ദൈവത്തോട് കൂടുതൽ ചേർന്ന് നിൽക്കേണ്ട ദിനങ്ങളാണ്. തന്നിൽ നിലനിന്നിരുന്ന ശക്തിയും കഴിവുകളും ദൈവം നല്കിയതാണെന്ന തിരിച്ചറിവോടെ ദൈവാനുഗ്രഹങ്ങൾ ഏറ്റുപറയാൻ ദാവീദിനായിട്ടുണ്ട്. ഒരു പർവ്വതം പോലെ ദാവീദിനെ അനുഗ്രഹങ്ങളാൽ നിറച്ച് ശക്തനാക്കിയത് ദൈവമാണ്. ദൈവത്തിന്റെ കൃപയും പ്രീതിയും നഷ്ടമാകുന്ന നിമിഷം പതനത്തിന്റെയും മരണത്തിന്റെയും നിമിഷമാണ്. മരണത്തിന്റെ താഴ്വാരങ്ങളിൽ ദൈവസ്‌തുതി ഉയരുന്നില്ല. അതുകൊണ്ടുതന്നെയാണ് ദൈവത്തിന്റെ സ്തുതി നിരന്തരം ആലപിക്കുവാനായി ജീവനുള്ളവരുടെ ദേശത്ത് തുടരാൻ ദാവീദ് ആഗ്രഹിക്കുന്നത്. മാനുഷികമായ രീതിയിൽ ഏറെ ബുദ്ധിപൂർവ്വം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോഴും, തന്റെ സഹായകനായ ദൈവത്തിന്റെ കരുണയിലാണ് ദാവീദ് ആശ്രയവും അഭയവും കണ്ടെത്തുന്നത്  “കർത്താവേ കരുണ തോന്നണമേ” എന്ന പ്രാർത്ഥനയുടെ ഭംഗിയിലേക്കുകൂടിയാണ് ഈ സങ്കീർത്തനവാക്യങ്ങൾ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

ദൈവത്തിന് സ്തുതി

തന്റെ ജീവിതത്തിൽ ദൈവമേകിയ അനുഗ്രഹങ്ങളുടെ തിരിച്ചറിവിൽ ദാവീദ് ദൈവത്തിന് മുൻപിൽ ആലപിക്കുന്ന നന്ദിയുടെ വാക്കുകളാണ് സങ്കീർത്തനത്തിന്റെ അവസാന രണ്ടു വാക്യങ്ങളിൽ: "അവിടുന്ന് എന്റെ വിലാപത്തെ ആനന്ദനൃത്തമാക്കി മാറ്റി; അവിടുന്ന് എന്നെ ചാക്കുവസ്ത്രമഴിച്ച്, ആനന്ദമണിയിച്ചു. ഞാൻ മൗനം പാലിക്കാതെ അങ്ങയെ പാടിപ്പുകഴ്ത്തും; ദൈവമായ കർത്താവേ, ഞാനങ്ങേക്ക് എന്നും നന്ദി പറയും" (സങ്കീ. 30, 11-12). തന്റെ ജീവിതാനുഭങ്ങളുടെ വെളിച്ചത്തിൽ ദാവീദ് ദൈവത്തിനു മുൻപിൽ ആലപിക്കുന്ന നന്ദിയുടെ തുടർച്ചയാണ് ഈ അവസാനവരികളിലും നാം കാണുക. ദുഃഖത്തിൽനിന്ന് സന്തോഷത്തിലേക്ക്, നിരാശയുടെ ചാക്കുവസ്ത്രത്തിൽനിന്ന് ആനന്ദത്താൽ പൊതിയപ്പെടുന്നതിലേക്ക് ദൈവം തന്നിൽ അഭയം തേടിയ സങ്കീർത്തകനെ നയിക്കുന്നു. കർത്താവിന്റെ വലിയ അനുഗ്രഹങ്ങളുടെയും കരുണ നിറഞ്ഞ അവന്റെ സംരക്ഷണത്തിന്റെയും മുൻപിൽ എപ്പോഴും ദൈവത്തെ പാടിപ്പുകഴ്ത്തുന്നതിൽ ദാവീദ് കുറവ് കാണിക്കുന്നില്ല. അനുഗ്രഹങ്ങൾക്ക് മുന്നിൽ മൗനം പാലിക്കുന്നത് ഒരു വിശ്വാസിയുടെ ജീവിതത്തിന് ചേർന്നതല്ല. എന്നും, നിരന്തരം ദൈവത്തിന് നന്ദി പറയുകയാണ്, തിരിച്ചറിവുള്ള വിശ്വാസികൾക്ക് ഉചിതമായുള്ളത്.

സങ്കീർത്തനം ജീവിതത്തിൽ

ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും, അപകടങ്ങളുടെയും സംരക്ഷണത്തിന്റെയും, ഭയത്തിന്റെയും അനുഗ്രഹങ്ങളുടെയും രോഗങ്ങളുടെയും സൗഖ്യത്തിന്റെയും ഒക്കെ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ, ശരണത്തോടെയും വിശ്വാസത്തോടെയും ദൈവത്തിൽ അഭയം തേടുകയും, അവന് ഉചിതമായ നന്ദിയുടെ കീർത്തനം ആലപിക്കുകയും ചെയ്യുന്ന ദാവീദിനെയാണ് മുപ്പതാം സങ്കീർത്തനത്തിൽ നാം കാണുക. ഏതൊരു വിശ്വസിക്കും തൻറെ ജീവിതത്തിന്റെ വഴിത്താരകളിൽ തൊട്ടറിയാൻ സാധിച്ചിട്ടുള്ള ചില അനുഭവങ്ങളാണ് ഈ സങ്കീർത്തനവരികളിൽ നമുക്ക് തിരിച്ചറിയാനാകുക. എല്ലാ നിമിഷങ്ങളിലും ദൈവത്തിന്റെ കരുണയിൽ ആശ്രയം കണ്ടെത്തുവാനും, ദൈവത്തിന്റെ അനന്തമായ നന്മകൾ പാടിപ്പുകഴ്ത്തുവാനും ഈ സങ്കീർത്തനവരികൾ നമ്മെ ആഹ്വാനം ചെയ്യുന്നുണ്ട്. വർദ്ധിച്ച വിശ്വാസത്തോടെയും, തകരാത്ത ആത്മധൈര്യത്തോടെയും ദൈവത്തോട് ചേർന്നുനിൽക്കാനും കണ്ണീരിലും പുഞ്ചിരിയിലും എന്നും എല്ലായ്‌പ്പോഴും ദൈവത്തിന് സ്തോത്രമാലപിക്കാനും നമുക്കും സാധിക്കണം. ആജീവനാന്തം നിലനിൽക്കുന്ന ദൈവത്തിന്റെ പ്രസാദം എന്നും നമ്മുടെമേലും ദൈവം ചൊരിയട്ടെ, തന്റെ കരുണയിൽ അവൻ നമ്മുടെ ജീവിതത്തെയും ആനന്ദമണിയിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 July 2023, 16:36