തിരയുക

നിക്കരാഗ്വയിൽ തടവിൽ കഴിയുന്ന, മത്തഗാൽപ രൂപതയുടെ, മെത്രാൻ റൊളാന്തൊ ഹൊസേ ആർവരെസ് ലാഗോസ് നിക്കരാഗ്വയിൽ തടവിൽ കഴിയുന്ന, മത്തഗാൽപ രൂപതയുടെ, മെത്രാൻ റൊളാന്തൊ ഹൊസേ ആർവരെസ് ലാഗോസ്   (AFP or licensors)

നിക്കരാഗ്വയിൽ മെത്രാനെ ഉടൻ ജയിൽവിമോചിതനാക്കണമെന്ന് മനുഷ്യാവകാശ കോടതി

നാടിൻറെ അഖണ്ഡത തകർക്കാൻ ഗൂഢാലോചന നടത്തി, നാടിനും സമൂഹത്തിനും എതിരെ സാങ്കേതിക വിവരവിനിമയോപാധികളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങൾ ആരോപിക്കപ്പെട്ട്, 26 വർഷം തടവുശിക്ഷ വിധിക്കപ്പെട്ട് , ജയിലിൽ കഴിയുകയാണ് മെത്രാൻ ആൽവരെസ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മദ്ധ്യ അമേരിക്കൻ നാടായ നിക്കരാഗ്വയിൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് തടവിലാക്കിയിരിക്കുന്ന മത്തഗാൽപ രൂപതാ മെത്രാൻ റൊളാന്തൊ ഹൊസേ ആൽവരെസ് ലോഗോസിനെ ഉടൻ വിട്ടയക്കാൻ അമേരിക്കാന്തര മനുഷ്യാവകാശ കോടതി ആവശ്യപ്പെട്ടു.

തടവറയിലെ അവസ്ഥയും അപകടസാധ്യതകളും കണക്കിലെടുത്താണ് കോടതി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. താല്ക്കാലിക നടപടി എന്നോണമാണ് കോടതിയുടെ ഈ ഇടപെടൽ.

ദാനിയേൽ ഒർത്തേഗയുടെ ഭരണകൂടത്തെ നിശിതമായി വിമർശിക്കുന്ന അദ്ദേഹത്തെ 2022 ആഗസ്റ്റ് 19-ന് ഏതാനും വൈദികർക്കും സെമിനാരിക്കാർക്കുമൊപ്പം വീട്ടുതടങ്കലിലാക്കുകയും രാജ്യത്തിൻറെ അഖണ്ഡത തകർക്കുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തു എന്നാരോപിച്ച് പിന്നീട് ഡിസമ്പർ 13-ന് അറസ്റ്റു ചെയ്യുകയുമായിരുന്നു.

ഈ കുറ്റാരോപണങ്ങളുടെ വെളിച്ചത്തിൽ  കോടതി വിസ്താരം കൂടാതെ അദ്ദേഹത്തിനു 26 വർഷം തടവുശിക്ഷ വിധിക്കുകയും ചെയ്തു.

സർക്കാർ വിമതരോ സർക്കാരിനെ വിമർശിക്കുന്നവരോ ആണെന്ന ആരോപണത്തിന്മേൽ അമേരിക്കയിലേക്ക് ഉടൻ നാടുവിട്ടുപോകണമെന്ന  ഉത്തരവ് ലഭിച്ച വൈദികരും വൈദികാർത്ഥികളും മറ്റുള്ളവരുമുൾപ്പടെ 222 പേർക്കൊപ്പം വിമാനത്തിൽ കയറാൻ വിസമ്മതിച്ചതിരുന്നു. അതിനെ തുടർന്നാണ് അറസ്റ്റും കോടതി വിധിയും ഉണ്ടായത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 July 2023, 12:32