മംഗോളിയ തലസ്ഥാനത്ത് വെള്ളപ്പൊക്കം, 20,000 പേരെ മാറ്റിപ്പാർപ്പിച്ചു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ജൂലൈ 3 മുതൽ മംഗോളിയയുടെ തലസ്ഥാനമായ ഉലാൻബാതറിൽ ആഞ്ഞടിച്ച കനത്ത മഴയെത്തുടർന്ന് സെൽബെ, തുൾ നദികളുടെ ജലനിരപ്പ് ഉയർന്നത് നഗരത്തിലെ ജനങ്ങളെ ബാധിച്ച വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായെന്ന് ഫീദേസ് വാർത്താ ഏജ൯സി അറിയിച്ചു. സർക്കാർ കണക്കനുസരിച്ച്, 31,600 കുടുംബങ്ങളിലെ 128,000 ഓളം ആളുകളെ വെള്ളപ്പൊക്കം ബാധിക്കുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഭവന രഹിതരായ 20,000-ത്തിലധികം ആളുകളെ സുരക്ഷിതമായ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. അവിടെ അവർക്ക് ചൂടു വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും ആവശ്യമുണ്ട്. കുടിയിറക്കപ്പെട്ടവർക്കായി കേന്ദ്രങ്ങൾ സൃഷ്ടിക്കാനും ഭക്ഷണവും മരുന്നും വിതരണം ചെയ്യാനും മംഗോളിയൻ സൈനികരെയും സിവിൽ സംരക്ഷണ ഉദ്യോഗസ്ഥരെയും രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി വിന്യസിച്ചിട്ടുണ്ട്.
മാനുഷിക സേവനങ്ങൾ സജീവമാക്കി
യുണിസെഫ് അവശ്യ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്തു. അതുപോലെതന്നെ ദുരിതബാധിതരായ കുടുംബങ്ങൾക്ക് മാനസിക സാമൂഹിക പിന്തുണയേകുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. പുതപ്പുകൾ, മെത്തകൾ, അടുക്കള സെറ്റുകൾ, ഡിസ്പോസിബിൾ മാസ്കുകൾ, കൈയ്യുറകൾ, സാനിറ്റൈസിംഗ് ഉൽപ്പന്നങ്ങൾ എന്നിവ മംഗോളിയൻ റെഡ് ക്രോസ് വിതരണം ചെയ്തു. കഴിഞ്ഞ ആഴ്‌ചയുടെ തുടക്കം മുതൽ പെയ്ത കനത്ത മഴ, സെൽബെ നദിയിലെ ഒരു അണക്കെട്ടിന് കേടുപാടുകൾ വരുത്തിയതിനാൽ നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. 100 ലധികം ജനവാസമുള്ള കെട്ടിടങ്ങൾ, നൂറുകണക്കിന് പരമ്പരാഗത വാഹനങ്ങൾ എന്നിവയ്ക്കും നാശനഷ്ടമുണ്ടായി. 700-ലധികം റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, അണക്കെട്ടുകൾ, വൈദ്യുതി വിതരണ ലൈനുകൾ എന്നിവയും തകർന്നു.
കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ" എന്നാണ് വിദഗ്ധർ ഇതിനെ വിശേഷിപ്പിച്ചത്. കൂടുതൽ മഴ പ്രതീക്ഷിക്കുന്നതിനാൽ സർക്കാർ ഉലാൻബാതറിൽ "പരമാവധി ജാഗ്രത" പ്രഖ്യാപിച്ചു. ഏകദേശം 1.5 ദശലക്ഷം നിവാസികൾ ഉള്ള നഗരമായ ഉലാൻബാതറിലെ 18 ജില്ലകൾ വെള്ളപ്പൊക്കം മൂലം ബുദ്ധിമുട്ടുകളും നാശനഷ്ടങ്ങളും അനുഭവിച്ചിട്ടുണ്ട്. കാലാവസ്ഥാ പ്രവചനങ്ങൾ അനുസരിച്ച് സ്ഥിതി കൂടുതൽ വഷളാകാനാണ് സാധ്യതകൾ. യുഎൻ-ഹാബിറ്റാറ്റ് മംഗോളിയ ഓഫീസ് വഴി ഐക്യരാഷ്ട്രസഭ ഇതിനകം തന്നെ രാജ്യത്ത് ഒരു പദ്ധതി ആരംഭിച്ചിരുന്നു, അതിൽ വിപുലമായ സംരംഭങ്ങളും ഉൾപ്പെടുന്നു. പദ്ധതി വഴി നടത്തുന്ന പ്രവർത്തനങ്ങളാൽ പ്രാദേശിക സമൂഹങ്ങളിൽ കാലാവസ്ഥാ ആഘാതങ്ങളോടുള്ള പ്രതിരോധശേഷി മെച്ചപ്പെടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട തീവ്രമായ മഴ, ശക്തമായ കാറ്റ്, മഞ്ഞുവീഴ്ച എന്നിവയുമായി ബന്ധപ്പെട്ട അപകടങ്ങൾ മംഗോളിയ അനുഭവിക്കുന്നു, ഇത് സമീപ വർഷങ്ങളിൽ തീവ്രമായിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: