ഹൈറ്റിയിൽ അൻപത് ലക്ഷത്തോളം ആളുകൾ പട്ടിണിയിൽ: ഐക്യരാഷ്ട്രസഭ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
കരീബിയൻ രാജ്യമായ ഹൈറ്റിയിൽ നാല്പത്തിയൊൻപത് ലക്ഷത്തോളം ആളുകൾ പട്ടിണിയനുഭവിക്കുന്നുവെന്നും, ഒരുലക്ഷത്തിലധികം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിച്ചേക്കുമെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയും ലോക ഭക്ഷ്യ പദ്ധതിയും. രാജ്യത്ത് മുപ്പത് ലക്ഷം കുട്ടികൾ ഉൾപ്പെടെ അൻപത്തിരണ്ട് ലക്ഷത്തോളം ആളുകൾക്ക് അടിയന്തിര മാനവികസഹായം ആവശ്യമുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ഇരു സമിതികളും വ്യക്തമാക്കി. പ്രതിശീർഷവരുമാനം കണക്കിലെടുക്കുമ്പോൾ ഭക്ഷ്യഅരക്ഷിതാവസ്ഥ നേരിടുന്ന ഹൈറ്റിക്കാരുടെ എണ്ണം ശതമാനക്കണക്കനുസരിച്ച് ലോകത്തിൽ രണ്ടാമത്തേതാണെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, ലോക ഭക്ഷ്യ പദ്ധതി എന്നിവർ ജൂൺ 21-ന് സംയുക്തമായി പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന സംഘർഷങ്ങൾ, കടുത്ത പ്രകൃതി ദുരന്തങ്ങൾ, കോളറ പോലെയുള്ള രോഗങ്ങൾ തുടങ്ങിയ കാരണങ്ങളാൽ വലിയ പ്രതിസന്ധി നേരിടുന്ന ഹൈറ്റിയിൽ തികച്ചും ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന കുട്ടികൾക്കും കുടുംബങ്ങൾക്കും കൂടുതൽ സഹായസഹകരണങ്ങൾ ആവശ്യമുണ്ടെന്ന് യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സലും ലോക ഭക്ഷ്യ പദ്ധതി എക്സിക്യൂട്ടീവ് ഡയറക്ടർ സിൻഡി മക്കെയിനും പ്രസ്താവിച്ചു. ഹൈറ്റിയിലെ ജനങ്ങൾ നേരിടുന്ന പ്രതിസന്ധി മുൻപില്ലാത്ത വിധം തീവ്രമാണെന്നും, അരക്കോടി ജനങ്ങൾ ഭക്ഷണം ഇല്ലാതെ വലയുകയാണെന്നും പറഞ്ഞ ലോക ഭക്ഷ്യ പദ്ധതി എക്സിക്യൂട്ടീവ് ഡയറക്ടർ, ഈ ജനതയെ അനാഥമായി ഉപേക്ഷിക്കാനാവില്ലെന്ന് വ്യക്തമാക്കി.
2010-ൽ ഉണ്ടായ ഭൂകമ്പത്തിന് ശേഷം ഹൈറ്റിയിൽ ഉണ്ടായ മാനവികസഹായ ആവശ്യത്തേക്കാൾ കടുത്ത സ്ഥിതിയിലാണ് രാജ്യമെന്നും, അന്നത്തേതിനേക്കാൾ കുറച്ച് പ്രകൃതിവിഭവങ്ങളും സാമ്പത്തികസ്രോതസ്സുകളും മാത്രമേ ഇന്ന് ലഭ്യമായുള്ളൂ എന്ന് ശിശുക്ഷേമനിധി ഡയറക്ടർ ജനറൽ പ്രസ്താവിച്ചു. ഇതുപോലെയുള്ള പ്രതിസന്ധിയിലും രാജ്യത്തെ ആളുകൾ അതിജീവനത്തിന്റെ പാതയിലാണെന്നും, അതുകൊണ്ടുതന്നെ അന്താരാഷ്ട്രസമൂഹം ഈ ജനതയെ കൈവെടിയരുതെന്നും അവർ ആഹ്വാനം ചെയ്‌തു.
ഹൈറ്റിയിലെ ആരോഗ്യസംരക്ഷണസംവിധാനം ഏതാണ്ട് തകർച്ചയുടെ വക്കിലാണ്. രാജ്യത്തെ നിരവധി സ്കൂളുകൾ സായുധസംഘങ്ങൾ നശിപ്പിച്ചിട്ടുണ്ട്. ഇത്തരം സംഘങ്ങൾ സാധാരണക്കാരായ മനുഷ്യരെ ഭീഷണിപ്പെടുത്തുകയും അവരുടെ ഉപജീവനമാർഗ്ഗങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു എന്നും, തലസ്ഥാനത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിലെ സ്ത്രീകളും കുട്ടികളും കടുത്ത ലൈംഗിക അതിക്രമങ്ങൾ നേരിടേണ്ടിവരുന്നുണ്ടെന്നും പത്രക്കുറിപ്പ് വിശദീകരിച്ചു.
കാതറിൻ റസ്സലും സിൻഡി മക്കെയിനും ഹൈറ്റി പ്രധാനമന്ത്രി ആരിയേൽ ഹെൻറിയുമായും, ഗവണ്മെന്റിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്തെ പകുതിയോളം ജനങ്ങൾ പട്ടിണിയിലാണെന്നും അതുകൊണ്ടുതന്നെ അവിടെ സമാധാനം അകലെയാണെന്നും ലോക ഭക്ഷ്യ പദ്ധതി എക്സിക്യൂട്ടീവ് ഡയറക്ടർ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭാവിക്കായി സാമ്പത്തികമായ സഹായം ആവശ്യമുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: