തിരയുക

സംഘർഷങ്ങൾ തുടരുന്ന ഖാർത്തൂമിൽനിന്നുള്ള ചിത്രം സംഘർഷങ്ങൾ തുടരുന്ന ഖാർത്തൂമിൽനിന്നുള്ള ചിത്രം 

സുഡാനിൽ കുട്ടികളുടെ രക്ഷയ്ക്ക് യൂണിസെഫ്

സംഘർഷങ്ങൾ തുടരുന്ന സുഡാനിലെ ഖാർത്തൂമിൽ അനാഥാലയത്തിലായിരുന്ന കുട്ടികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് എത്തിച്ചുവെന്ന് യൂണിസെഫ് അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ അനാഥാലയത്തിലായിരുന്ന നൂറുകണക്കിന് കുട്ടികളെ സുരക്ഷിതസ്ഥാനങ്ങളിലേക്കെത്തിക്കാൻ സാധിച്ചുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് ജൂൺ 7-ന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു. സുഡാനിൽ നിലവിൽ ഒരു കോടി മുപ്പത്തിയാറു ലക്ഷം കുട്ടികൾക്ക് ജീവൻരക്ഷാസഹായം ആവശ്യമാണെന്നും, ഇത് രാജ്യത്ത് ഇതിനോടകം രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്നതാണെന്നും യൂണിസെഫ് വ്യക്തമാക്കി.

ഖാർത്തൂമിലെ മൈഗോമ അനാഥാലയത്തിൽ നിന്ന് 297 കുട്ടികളെയാണ് യൂണിസെഫ് താൽക്കാലിക സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുള്ളത്. തികച്ചും അബലരായ ഈ കുട്ടികളെ, രാജ്യത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങൾക്കിടയിലും സുരക്ഷിതസ്ഥാനത്ത് എത്തിക്കുവാൻ കഴിഞ്ഞത് വലിയ ഒരു നേട്ടമാണെന്ന് സുഡാനിലെ യൂണിസെഫ് പ്രതിനിധി മൻദീപ് ഒബ്രിയാൻ അവകാശപ്പെട്ടു. ദശലക്ഷക്കണക്കിന് കുട്ടികളാണ് സുഡാനിലെ വിവിധ ഭാഗങ്ങളിൽ കുടിയിറക്കൽ ഭീഷണി നേരിടുന്നതെന്നും, ജീവൻരക്ഷാസഹായം തേടുന്നതെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ സംഘർഷം കുട്ടികളുടെ ജീവന് വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും യൂണിസെഫ് പ്രതിനിധി കൂട്ടിച്ചേർത്തു.

അനാഥാലയത്തിൽനിന്ന് മാറ്റപ്പെട്ട കുട്ടികൾ സാമൂഹിക ക്ഷേമ, ആരോഗ്യ മന്ത്രാലയങ്ങളുടെ പരിപാലനത്തിലാണെന്നും, അതേസമയം, മെഡിക്കൽ, ഭക്ഷണ സഹായങ്ങൾ, വിദ്യാഭ്യാസസൗകര്യങ്ങൾ തുടങ്ങിയവ യൂണിസെഫിന്റെ മേൽനോട്ടത്തിലാണെന്നും പത്രക്കുറിപ്പ് വ്യക്തമാക്കി.

നിലവിലെ സംഘർഷങ്ങൾ കുട്ടികളുടെയും കുടുംബങ്ങളുടെയും ജീവിതത്തിനും ഭാവിക്കും ഭീഷണിയാണെന്നും, അടിസ്ഥാന സേവനസൗകര്യങ്ങൾ പോലും പലയിടങ്ങളിലും തടസപ്പെട്ടുവെന്നും യൂണിസെഫ് വിശദീകരിച്ചു. നിരവധി ആരോഗ്യകേന്ദ്രങ്ങൾ തകർക്കപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും ഇത്തരം കേന്ദ്രങ്ങൾ അടച്ചുപൂട്ടേണ്ടിവന്നുവെന്നും ശിശുക്ഷേമനിധി അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 June 2023, 16:20