ഉക്രൈൻ കുട്ടികൾക്ക് സുരക്ഷിത ഇടം ഒരുക്കുന്നു
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
യുദ്ധത്തിന്റെ ഭീകരതയാൽ വീടുകൾ നഷ്ടപ്പെടുകയും, മാതാപിതാക്കളെ നഷ്ടപ്പെടുകയും ചെയ്ത കുട്ടികൾക്ക് വേണ്ടി ഐക്യരാഷ്ട്ര സഭയുടെ, കുട്ടികൾക്ക് വേണ്ടിയുള്ള സംഘടനയായ യൂണിസെഫിന്റെ നേതൃത്വത്തിൽ കീവ് റെയിൽവേ സ്റ്റേഷനു സമീപം മറ്റു സന്നദ്ധസംഘടനകളുടെ സഹായത്തോടെ സുരക്ഷിത ഇടം ഒരുക്കുന്നു.കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുമിച്ചു വിശ്രമിക്കാനും, കുട്ടികൾക്ക് ഒരുമിച്ചിരുന്നു കളിക്കുവാനും, ആരോഗ്യപരിപാലനത്തിനും, മാനസികമായ ഉല്ലാസത്തിനും വേണ്ടുന്ന സൗകര്യങ്ങൾ ഇവിടെ തയ്യാറാക്കിയിരിക്കുന്നു. സ്പിൽനോ നെറ്റ് വർക്ക് എന്നാണ് ഈ ഇടങ്ങൾക്ക് നൽകിയിരിക്കുന്ന പേര്.യുണിസെഫിന്റെ സംയോജിത സേവനങ്ങളുടെ ഒരു വേദി കൂടിയാണ് സ്പിൽനോ നെറ്റ്‌വർക്ക്.
700 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ സ്ഥലം യുദ്ധത്തിന്റെ കെടുതികളിൽ ജീവിതത്തിൽ വിഷമമനുഭവിക്കുന്ന കുട്ടികൾക്ക് ആശ്വാസം നൽകുന്ന ഒരു ഇടമാകുമെന്ന്, ഉക്രൈനിലെ യൂണിസെഫ് പ്രതിനിധി മുറാത്ത് സാഹിൻ പറഞ്ഞു. കുട്ടികൾക്ക് അവരുടെ കഴിവുകൾ തിരിച്ചറിയുന്നതിലൂടെയും, മറ്റു കുട്ടികളോട് ചേർന്ന് സാഹോദര്യം വീണ്ടെടുക്കുന്നതിലൂടെയും ഉക്രൈനിന്റെ വീണ്ടെടുപ്പിന്റെ പ്രധാന പോരാളികളായി ഭാവിയിൽ ഈ കുട്ടികൾ മാറുവാൻ ഈ ഇടം സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം തുടങ്ങിയതിനു ശേഷം ഏകദേശം നാല് ദശലക്ഷം ഉക്രൈൻ പൗരന്മാരാണ് തങ്ങളുടെ വീടുകൾ വിട്ട് മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറിയിരിക്കുന്നത് അതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. അവരെ തിരികെ ഉക്രൈനിൽ എത്തിക്കുവാനും പുനരധിവാസം ഉറപ്പുവരുത്താനും ഇത് പോലെയുള്ള സുരക്ഷിത ഇടങ്ങൾക്ക് സാധിക്കുമെന്നും യൂണിസെഫ് പ്രതീക്ഷിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: