കാലാവസ്ഥാ പ്രതിസന്ധികൾ കുട്ടികളിൽ ഏൽപ്പിക്കുന്ന ആഘാതം വലുത്: യൂണിസെഫ്
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ജൂൺ മാസം അഞ്ചാം തീയതി ലോക പരിസ്ഥിതി ദിനമായി ലോകമെമ്പാടും ആചരിച്ചു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥ വ്യതിയാനവും, തത്ഫലമായുണ്ടാകുന്ന അപകടങ്ങളുമാണ്. കാലാവസ്ഥാപ്രതിസന്ധിയുടെ ആഘാതങ്ങളിൽ കുട്ടികളുടെ സ്ഥിതിയും അതിദയനീയമാണ്. യൂണിസെഫിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 1 ബില്യൺ കുട്ടികളും,കൗമാരക്കാരുമാണ് ഈ അപകടാവസ്ഥയിൽ കഴിയുന്നത്.
ലോക പരിസ്ഥിതി ദിനത്തിൽ യൂണിസെഫിന്റെ ഇറ്റാലിയൻ ദേശീയ ഘടകം ഈ വലിയ പ്രതിസന്ധികളെ ചൂണ്ടിക്കാണിച്ചുകൊണ്ട് രണ്ടു മാർഗദർശികൾ പ്രസിദ്ധീകരിച്ചു. ആഗോളവും പ്രാദേശികവും ദേശീയവുമായ കാലാവസ്ഥാ പ്രതിസന്ധികളെ പറ്റിയുള്ള വിവരങ്ങൾ വ്യക്തവും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നതുമായ രീതിയിലാണ് പുസ്തകങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
യൂണിസെഫ് അറിയിക്കുന്നതനുസരിച്ച് 2040 ഓടെ നാലു കുട്ടികളിൽ ഒരാൾ വർധിച്ച ജലസമ്മർദ്ദമുള്ള പ്രദേശങ്ങളിൽ വസിക്കാൻ നിർബന്ധിതരാകുകയും, വർധിച്ചു വരുന്ന ചൂട് മൂലം മലിനീകരണം, ജലക്ഷാമം, തീവ്ര കാലാവസ്ഥ വിസ്ഫോടനങ്ങൾ എന്നിവയ്ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യും. പാരീസ് ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന ആഗോള കാലാവസ്ഥാ പ്രവർത്തന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗങ്ങളും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
കാലാവസ്ഥാ പ്രതിസന്ധി കുട്ടികളുടെയും കൗമാരക്കാരുടെയും അവകാശങ്ങളുടെ പ്രതിസന്ധിയാണ്" എന്ന വസ്തുതയെക്കുറിച്ച് പൊതുജന അവബോധം വളർത്തുന്നതിനും കാലാവസ്ഥാ വിഷയങ്ങളിൽ യുവാക്കളുടെയും കൗമാരക്കാരുടെയും പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ട് 2022 മുതൽ ഇറ്റലിയിൽ യൂണിസെഫിന്റെ നേതൃത്വത്തിൽ യുവജന കാമ്പയിനും തുടങ്ങിയിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: