തിരയുക

 സഹായകരങ്ങൾ നീട്ടി യൂണിസെഫ് - സഹേലിൽനിന്നുള്ള ചിത്രം സഹായകരങ്ങൾ നീട്ടി യൂണിസെഫ് - സഹേലിൽനിന്നുള്ള ചിത്രം 

യൂണിസെഫ് നൽകിവരുന്ന മാനവിക സഹായം വർദ്ധിപ്പിച്ചു: 2022-ലെ വാർഷിക റിപ്പോർട്ട്

മുൻവർഷങ്ങളെ അപേക്ഷിച്ച് ഏറ്റവുമധികം ആളുകൾക്ക് സഹായമെത്തിക്കാൻ 2022-ൽ സാധിച്ചതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, യൂണിസെഫ് പത്രക്കുറിപ്പിറക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

2022 വർഷത്തിൽ ലോകത്ത് 162 രാജ്യങ്ങളിലായി രണ്ടരലക്ഷത്തോളം ടൺ (244000) സഹായസമഗ്രികൾ എത്തിക്കാൻ സാധിച്ചതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. മാനവികസഹായം ആവശ്യമായിരുന്ന കുട്ടികൾക്ക് കഴിഞ്ഞ വർഷം ഏതാണ്ട്  ഏഴായിരത്തി അഞ്ഞൂറ് ബില്യൺ ഡോളറിന്റെ സഹായമെത്തിക്കാൻ സാധിച്ചുവെന്നും, ഇത് രണ്ടാം ലോകമഹായുദ്ധസമയത്തിന് ശേഷം നടന്ന ഏറ്റവും വലിയ മാനവികസഹായമാണെന്നും യൂണിസെഫ് വ്യക്തമാക്കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നര ബില്യൺ വാക്സിനുകളും രണ്ടു ബില്യണിലധികം ജലശുദ്ധീകരണത്തിനായുള്ള ഗുളികകളും അൻപത് ലക്ഷത്തിലധികം കുട്ടികൾക്ക് പോഷകാഹാരക്കുറവ് മൂലമുള്ള പ്രശ്‌നങ്ങൾക്കായുള്ള ചികിത്സാസൗകര്യങ്ങളും എത്തിക്കാൻ സാധിച്ചുവെന്ന് ശിശുക്ഷേമനിധി വ്യക്തമാക്കി. കഴിഞ്ഞ ആറു വർഷങ്ങളായി റെക്കോർഡ് നേട്ടമാണ് യൂണിസെഫ് ഇക്കാര്യത്തിൽ നേടിയിട്ടുള്ളത്.

അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഉക്രൈൻ, യമൻ, ആഫ്രിക്കൻ മുനമ്പ്, സഹേൽ എന്നീ രാജ്യങ്ങളുൾപ്പെടെ ലോകത്ത് കുട്ടികളുടെയും കുടുംബങ്ങളുടെയും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ കണക്കിലെടുത്ത് നടത്തിയ സഹായവിതരണമാണ് ഇത്തവണ ഏഴര ബില്യൺ ഡോളറിന്റെ സഹായമെത്തിക്കാൻ യൂണിസെഫിനെ പ്രേരിപ്പിച്ചത്. കോവിഡ് പകർച്ചവ്യാധിക്ക് മുൻപ് യൂണിസെഫ് നൽകിവന്നിരുന്ന സഹായത്തേക്കാൾ ഏതാണ്ട് 93 ശതമാനം വർധനവാണ് കഴിഞ്ഞ വർഷം ഉണ്ടായിരിക്കുന്നത്.

വർദ്ധിച്ചു വരുന്ന ആഗോള പോഷകാഹാരപ്രതിസന്ധി കണക്കിലെടുത്ത് 2021-ലെത്തിയേക്കാൾ 90 ശതമാനം അധികം പോഷകാഹാരവിതരണം 2022-ൽ നടത്താൻ സാധിച്ചുവെന്നും യൂണിസെഫ് അറിയിച്ചു. കഴിഞ്ഞ അഞ്ചു സീസണുകളായി മഴ ലഭിക്കാതിരുന്ന ആഫ്രിക്കൻ മുനമ്പ് പ്രദേശങ്ങളിൽ വലിയതോതിൽ സഹായമെത്തിക്കുവാൻ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിക്ക് സാധിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ മാത്രം ഏതാണ്ട് ഇരുപത് ലക്ഷത്തോളം കുട്ടികളാണ് പോഷകാഹാരക്കുറവ് മൂലം മരണഭീതിയിൽ കഴിയുന്നത്.

ലോകത്ത് തുടരുന്ന യുദ്ധങ്ങൾ, പകർച്ചവ്യാധികൾ, കാലാവസ്ഥാവ്യതിയാനം ഉളവാക്കുന്ന ബുദ്ധിമുട്ടുകൾ, ഭക്ഷണലഭ്യതക്കുറവ് തുടങ്ങിയ പ്രതിസന്ധികൾ നേരിടുന്ന കുട്ടികളുടെ അതിജീവനത്തിനായി ആവശ്യമുള്ള സഹായസമഗ്രികൾ വിതരണം ചെയ്യുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് യൂണിസെഫ് ജൂൺ 7-ന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 June 2023, 16:16