തിരയുക

സങ്കീർത്തനചിന്തകൾ - 28 സങ്കീർത്തനചിന്തകൾ - 28 

ദൈവസന്നിധിയിൽ അഭയം

വചനവീഥി: ഇരുപത്തിയെട്ടാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ഇരുപത്തിയെട്ടാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

അഭയത്തിനായി ദേവാലയത്തിൽ പ്രവേശിച്ച്, ശ്രീകോവിലിലേക്ക് കരങ്ങളുയർത്തി ദൈവത്തിൽ ശരണമർപ്പിച്ച് സഹായമപേക്ഷിക്കുന്ന ദാവീദിന്റെ വിലാപപ്രാർത്ഥനയാണ് ഇരുപത്തിയെട്ടാം സങ്കീർത്തനം. ദുഷ്ടർക്കൊപ്പം തന്നെ ശിക്ഷിക്കരുതെന്നും, ദുഷ്കർമ്മികളും ദൈവത്തിൽനിന്ന് അകന്നു നിൽക്കുന്നവരുമായ ആളുകളെ അവരുടെ തിന്മയ്ക്കനുസരിച്ച് ശിക്ഷിക്കണമെന്നും, കർത്താവിൽ ആശ്രയമർപ്പിക്കുന്ന തനിക്ക് അഭയശിലയായി നിന്ന് സംരക്ഷണമേകണമെന്നും ദാവീദ് പ്രാർത്ഥിക്കുന്നു. തകർന്ന ഒരു ഹൃദയത്തിന്റെ പ്രാർത്ഥനയായി ആരംഭിക്കുന്ന ഈ സങ്കീർത്തനം പക്ഷെ അതിന്റെ രണ്ടാം ഭാഗത്ത്, ദൈവം തന്റെ പ്രാർത്ഥനകൾ ശ്രവിച്ച് സഹായമേകുമെന്ന വിശ്വാസത്തിലേക്കുയർന്ന സങ്കീർത്തകനെയാണ് കാണിച്ചുതരുന്നത്. വ്യക്തിപരമായ ആവശ്യങ്ങൾക്ക് എന്നതിനേക്കാൾ ദൈവജനം മുഴുവന്റെയും സംരക്ഷണത്തിനുവേണ്ടിയാണ് ഈ സങ്കീർത്തനത്തിലൂടെ ദാവീദ് പ്രാർത്ഥിക്കുന്നത്.

ദൈവത്തോടുള്ള പ്രാർത്ഥന

ഇരുപത്തിയെട്ടാം സങ്കീർത്തനത്തിന്റെ ആദ്യ അഞ്ചു വാക്യങ്ങൾ നീതിമാനായ ഒരു മനുഷ്യന്റെ വിലാപഗീതമാണ്. നാശത്തിലേക്ക് നീങ്ങുന്ന നീചരായ മനുഷ്യർക്കൊപ്പം തന്നെ ശിക്ഷിക്കരുതെന്നും, തിന്മ പ്രവർത്തിച്ച് ദൈവത്തിൽനിന്ന് അകന്നു നിൽക്കുന്ന ദുഷ്ടരെ അവരുടെ പ്രവൃത്തികൾക്കനുസരിച്ച് ശിക്ഷിക്കണമെന്നും ദാവീദ് അപേക്ഷിക്കുന്നതാണ് ഈ വാക്യങ്ങളിൽ നാം കാണുന്നത്. ദേവാലയത്തിൽ പ്രവേശിച്ച്, ദൈവസന്നിധിയിലേക്ക് കരങ്ങളുയർത്തി തന്റെ പ്രാർത്ഥന കേൾക്കണമേയെന്ന് അപേക്ഷിക്കുന്ന സങ്കീർത്തകനെയാണ് ഒന്നും രണ്ടും വാക്യങ്ങളിൽ നാം കാണുന്നത്: "കർത്താവെ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അഭയശിലയായ അങ്ങ് എനിക്കുനേരെ ചെവിയടയ്ക്കരുതേ! അങ്ങ് മൗനം പാലിച്ചാൽ ഞാൻ പാതാളത്തിൽ പതിക്കുന്നവനെപ്പോലെയാകും. അങ്ങയുടെ ശ്രീകോവിലിലേക്കു കൈകൾ നീട്ടി ഞാൻ സഹായത്തിനായി വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ യാചനയുടെ സ്വരം ശ്രവിക്കണമേ!" (സങ്കീ. 28, 1-2). ദാവീദിന് ദൈവത്തിലുള്ള വിശ്വാസത്തന്റെ ആഴം കൂടിയാണ് ഈ വരികളിൽ നമുക്ക് വായിച്ചറിയാനാകുന്നത്. തന്റെ പ്രാർത്ഥനകൾ ശ്രവിക്കപ്പെടുമെന്ന ഉറപ്പുള്ളതിനാലാണ് സങ്കീർത്തകൻ തന്റെ അഭയശിലയായ ദൈവസന്നിധിയിൽ എത്തുന്നത്. ഹൃദയത്തിൽ തിന്മ നിറഞ്ഞ ദുഷ്ടരുടെ വാക്കുകൾ സത്യസന്ധമല്ല. തിന്മ പ്രവർത്തിക്കുന്നവർക്കായി കർത്താവ് നൽകുന്ന ശിക്ഷയിൽ തന്നെ ഉൾപ്പെടുത്തേരുതേയെന്ന് ദാവീദ് ദൈവത്തോട് അപേക്ഷിക്കുന്നതാണ് തുടർന്നുള്ള വാക്യങ്ങളിൽ നാം കാണുക: "ദുഷ്കർമ്മികളായ നീചരോടുകൂടെ എന്നെ വലിച്ചിഴയ്ക്കരുതേ! അവർ അയൽക്കാരനോടു സൗഹൃദത്തോടെ സംസാരിക്കുന്നു; എന്നാൽ, അവരുടെ ഹൃദയത്തിൽ ദുഷ്ടത കുടികൊള്ളുന്നു. അവരുടെ പ്രവൃത്തികൾക്കനുസരിച്ച്, അവരുടെ അകൃത്യങ്ങൾക്കനുസരിച്ച്, അവർക്കു പ്രതിഫലം നൽകണമേ! അവർ ചെയ്തതനുസരിച്ച് അവരോടു ചെയ്യണമേ! അവർക്കു തക്ക പ്രതിഫലം കൊടുക്കണമേ! അവർ കർത്താവിന്റെ പ്രവൃത്തികളെയും കരവേലകളെയും പരിഗണിച്ചില്ല. അതുകൊണ്ട് അവിടുന്ന് അവരെ ഇടിച്ചുനിരത്തും, പിന്നീടൊരിക്കലും പണിതുയർത്തുകയില്ല" (സങ്കീ. 28, 3-5). തന്റെ ജീവിതത്തിന്റെ വീഴ്ചകളിൽ കർത്താവിന്റെ കരുണയ്ക്കായി യാചിച്ച ദാവീദ് ഇവിടെ, ദുഷ്ടർക്ക് അവരുടെ പ്രവൃത്തികൾക്കനുസരിച്ച ശിക്ഷ നൽകണമേയെന്നാണ് പ്രാർത്ഥിക്കുന്നത്. ദൈവത്തിന്റെ പ്രവൃത്തികളെ അവഗണിച്ചതാണ് ദുഷ്ടരുടെ മറ്റൊരു തിന്മയായി ദാവീദ് എടുത്തുപറയുന്നത്. ദുഷ്ടർ ദൈവത്തെ മറക്കുമ്പോഴും, അവരുടെ പ്രവൃത്തികൾക്കനുസരിച്ചുള്ള പ്രതിഫലം നൽകാൻ ദൈവം മറക്കില്ലെന്ന ഒരു ചിന്തയും ഈ സങ്കീർത്തനവാക്യങ്ങൾ നമുക്ക് മുന്നിൽ വയ്ക്കുന്നുണ്ട്.

ദൈവത്തിന് നന്ദി പറയുന്ന സങ്കീർത്തകൻ

തന്റെ പ്രാർത്ഥനകൾ ശ്രവിക്കപ്പെടുമെന്ന ഉറപ്പ് ഉള്ളിൽ അനുഭവിക്കുന്ന സങ്കീർത്തകൻ ദൈവത്തിന് നന്ദി പറയുന്നതാണ് ആറും ഏഴും വാക്യങ്ങളിൽ നാം കാണുന്നത്: "കർത്താവു വാഴ്ത്തപ്പെടട്ടെ! അവിടുന്ന് എന്റെ യാചനകളുടെ സ്വരം ശ്രവിച്ചിരിക്കുന്നു. കർത്താവ് എന്റെ ശക്തിയും പരിചയുമാണ്; കർത്താവിൽ എന്റെ ഹൃദയം ശരണം വയ്ക്കുന്നു, അതുകൊണ്ട് എനിക്കു സഹായം ലഭിക്കുന്നു, എന്റെ ഹൃദയം ആനന്ദിക്കുന്നു, ഞാൻ കീർത്തനമാലപിച്ച് അവിടുത്തോടു നന്ദി പറയുന്നു" (സങ്കീ. 28, 6-7). സാധാരണയായി കാണുന്ന നന്ദിയുടെ വാക്കുകളേക്കാൾ തീവ്രമായ രീതിയിലാണ് ദാവീദിന്റെ ഈ വാക്യങ്ങൾ. ഹൃദയം കൊണ്ട് താൻ ഏതു ദൈവത്തിൽ ആശ്രയിച്ചുവോ ആ ദൈവം തന്റെ യാചനകൾ ശ്രവിച്ച്, ഉത്തരമേകി, തന്റെ ഹൃദയത്തിന് ആനന്ദമേകിയെന്നും, അവനാണ് തന്റെ ശക്തിയും പരിചയുമെന്നും ഏറ്റുപറഞ്ഞുകൊണ്ടാണ് ദാവീദ് ദൈവത്തിന് നന്ദി പറയുന്നത്. സംരക്ഷണത്തിന്റെയും അനുഗ്രഹങ്ങളുടെയും അനുഭവത്തിന്റെ ആഴത്തിൽനിന്നാണ് സ്തുതിയുയരേണ്ടത്. വായിച്ചറിയുന്നതിനേക്കാൾ അനുഭവിച്ചറിഞ്ഞ ദൈവത്തെയാണ് കൂടുതൽ സ്നേഹിക്കാനാകുക. ദൈവം ശക്തിയും പരിചയുമായുള്ളവന് എന്തിനെയും ഏതു നേരവും സഹിക്കുവാനും തലയുയർത്തി നിൽക്കുവാനുമാകും.

വിശ്വാസത്തോടെ ജനത്തിനായി പ്രാർത്ഥിക്കുന്ന ദാവീദ്

സങ്കീർത്തനത്തിന്റെ അവസാനവാക്യങ്ങളിൽ കർത്താവിലുള്ള തന്റെ വിശ്വാസം ഏറ്റുപറയുകയും, തനിക്ക് ഭരമേല്പിക്കപ്പെട്ട, ദൈവത്തിന്റെ ജനത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്ന ദാവീദിനെയാണ് നാം കാണുക: "കർത്താവു സ്വന്തം ജനത്തിന്റെ ശക്തിയാണ്; തന്റെ അഭിഷിക്തനു സംരക്ഷണം നൽകുന്ന അഭയസ്ഥാനം അവിടുന്നാണ്. അവിടുത്തെ ജനത്തെ സംരക്ഷിക്കണമേ! അങ്ങയുടെ അവകാശത്തെ അനുഗ്രഹിക്കണമേ! അവരുടെ ഇടയാനായിരിക്കുകയും എന്നും അവരെ സംവഹിക്കുകയും ചെയ്യണമേ!" (സങ്കീ. 28, 8-9). ദൈവത്തിൽ ആശ്രയമർപ്പിക്കുന്ന ഒരു വിശ്വാസിക്ക് ലഭിക്കുന്ന അനുഗ്രഹം ദൈവം നൽകുന്ന സംരക്ഷണത്തിലുള്ള ആഴമേറിയ ബോധ്യമാണ്. സംരക്ഷണം ലഭിക്കുക എന്നതിനേക്കാൾ, ദൈവം സംരക്ഷകനായി കൂടെയുണ്ടെന്നും, അവനാണ് തങ്ങളുടെ അഭയസ്ഥാനമെന്നുമുള്ള ബോധ്യം നൽകുന്ന ആശ്വാസവും സന്തോഷവുമാണ് ദാവീദ് ഈ വാക്യങ്ങളിലൂടെ എഴുതിവയ്ക്കുക. ദൈവം നൽകുന്ന സംരക്ഷണം വ്യക്തിപരമാണെങ്കിലും രാജാവിന് നൽകുന്ന സംരക്ഷണം ജനത്തിന് കൂടിയുള്ളതാണ്. തന്റെ സംരക്ഷണത്തിനായി ഏല്പിക്കപ്പെട്ടിരിക്കുന്ന ജനം ദൈവത്തിന്റെ സ്വന്തമാണെന്ന ബോധ്യം ദാവീദിനുണ്ട്. അതുകൊണ്ടു തന്നെയാണ് യഥാർത്ഥ ഇടയനായ ദൈവത്തോട് അവിടുത്തെ ജനത്തെ സംരക്ഷിക്കണമേയെന്ന് സങ്കീർത്തകൻ അപേക്ഷിക്കുന്നത്. അധികാരവും സ്ഥാനമാനങ്ങളും ദൈവം നൽകിയതാണെന്നും, യഥാർത്ഥ അധികാരിയും നാഥനും ദൈവവുമാണെന്നും തിരിച്ചറിയുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുമ്പോഴാണ് നാം സങ്കീർത്തകൻ ഈ വാക്യങ്ങളിൽ വെളിവാക്കുന്ന വിവേകം സ്വന്തമാക്കുന്നത്.

സങ്കീർത്തനം ജീവിതത്തിൽ

ദൈവം തന്നെ കൈവിട്ടുവോ എന്ന ആശങ്കയോടെ നിരാശയിലും വേദനയിലും ആയിരുന്ന ഒരുവനിൽനിന്ന്, ദൈവം തന്റെ അപേക്ഷകൾ കേട്ടുവെന്നും, തന്നെ കൈവെടിയില്ലെന്നും ഉള്ള ബോധ്യത്തിലേക്ക് വളർന്ന ദാവീദിന്റെ സാക്ഷ്യവും പ്രാർത്ഥനയും ഉൾക്കൊള്ളുന്ന ഇരുപത്തിയെട്ടാം സങ്കീർത്തനം നമ്മുടെ വിശ്വാസജീവിതത്തിനും ഒരു ഉൾവിളിയാണ്. ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവരെ അവിടുന്ന് കൈവെടിയില്ലെന്നും, അവർക്ക് അവൻ അഭയശിലയും സംരക്ഷണവുമായി നിൽക്കുമെന്നും, ഈ സങ്കീർത്തനവരികൾ നമുക്ക് ഉറപ്പുനല്കുന്നുണ്ട്. അതേസമയം, ദൈവത്തെയും അവന്റെ പ്രവൃത്തികളെയും മറന്ന് തിന്മയിൽ ജീവിക്കുന്ന മനുഷ്യർക്ക് ദൈവത്തിന്റെ ശിക്ഷയെ അഭിമുഖീകരിക്കേണ്ടിവരുമെന്ന ഒരു സത്യവും സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നുണ്ട്. ദൈവസന്നിധിയിൽ കരങ്ങളുയർത്തി, ഉറച്ച ബോധ്യത്തോടെ കർത്താവിൽ ശരണമർപ്പിക്കുവാനും, ദൈവത്തിന്റെ സ്വന്തമായ നമ്മെ അവൻ ഒരിക്കലും കൈവിടില്ലെന്ന ബോധ്യത്തിൽ ജീവിക്കുവാനും നമുക്ക് സാധിക്കണം. തന്റെ അവകാശമായി നമ്മെ കരുതുന്ന, സ്വന്തം അജഗണമായി കരുതി നന്മയുടെ പാതയിൽ നമ്മെ നയിക്കുന്ന ദൈവത്തിന്റെ സ്വന്തം ജനമാണ് നാമെന്ന ബോധ്യത്തിൽ വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ജീവിതവും പ്രാർത്ഥനകളും സ്തോത്രങ്ങളും കൊണ്ട് നമ്മുടെ ജീവിതത്തിന്റെ ഓരോ ദിനങ്ങളെയും അനുഗ്രഹീതമാക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 June 2023, 16:57