തിരയുക

സങ്കീർത്തനചിന്തകൾ - 26 സങ്കീർത്തനചിന്തകൾ - 26 

ദൈവത്തിൽ ആശ്രയം കണ്ടെത്തുന്ന നിഷ്കളങ്കൻ

വചനവീഥി: ഇരുപത്തിയാറാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ഇരുപത്തിയാറാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദൈവസന്നിധിയിൽ ആശ്രയം കണ്ടെത്തുന്ന നിഷ്‌കളങ്കനായ ഒരുവന്റെ പ്രാർത്ഥനയാണ് ഇരുപത്തിയാറാം സങ്കീർത്തനം. ഇസ്രായേൽ ജനത്തിന്റെ മതാത്മകതയും ദൈവത്തിലുള്ള പ്രത്യാശയും എന്നാൽ അതോടൊപ്പം അവരുടെ വേദനകളും ഈ സങ്കീർത്തനത്തിൽ പ്രതിഫലിക്കുന്നുണ്ട്. നിയമത്തിന്റെ പാലനത്തിനുമപ്പുറം, ദൈവത്തിലുള്ള ആശ്രയവും സമർപ്പണബോധവും ദൈവജനത്തിന്റെ ജീവിതശൈലിയുടെ പ്രത്യേകതയാണ്. ദുഷ്ടരിൽനിന്ന് വ്യത്യസ്തനായി നീതിമാനായ ഭക്തൻ, താൻ എല്ലാത്തിനും ദൈവത്തോട് കടപ്പെട്ടിരിക്കുന്നു എന്ന ബോധ്യമുള്ളവനാണ്. ദൈവസന്നിധിയിലേക്കെത്തുന്ന ഒരു പുരോഹിതനെപ്പോലെ, നിഷ്കളങ്കതയിൽ തന്റെ കൈകൾ കഴുകിയാണ് സങ്കീർത്തകനായ ദാവീദ് ദേവാലയത്തിൽ പ്രവേശിച്ച്, ബലിപീഠത്തിന് പ്രദക്ഷിണം വയ്ക്കുന്നതും ദൈവത്തിന് കൃതജ്ഞത ആലപിക്കുന്നതും. തിന്മയിൽനിന്ന് അകന്ന്, നിഷ്കളങ്കതയിലും ദൈവാശ്രയബോധത്തിലും ജീവിക്കുന്ന ദൈവവിശ്വാസിയുടേത് ദൈവത്താൽ സംരക്ഷിക്കപ്പെടുന്ന അനുഗ്രഹീതമായ ജീവിതമാണ്. വീഴ്ചയ്ക്കിടയാകാത്ത നിരപ്പായ ഭൂമിയിലാണ് അവൻ തന്റെ കാലുകൾ ഉറപ്പിച്ചിരിക്കുന്നത്.

സങ്കീർത്തകന്റെ നിഷ്കളങ്കത

സങ്കീർത്തനത്തിന്റെ ആദ്യ പകുതിയിൽ ദാവീദ് തന്റെ നിഷ്കളങ്കത ദൈവത്തിന് മുന്നിൽ ഏറ്റുപറയുന്നു. ന്യായത്തിനായുള്ള ഒരു അപേക്ഷയും, അതിനുള്ള കാരണങ്ങളുമാണ് അവൻ ദൈവത്തിന് മുന്നിൽ നിരത്തുന്നത്. സങ്കീർത്തനത്തിന്റെ ആദ്യ മൂന്ന് വാക്യങ്ങളിൽ ഇത് വ്യക്തമാണ്: "കർത്താവേ എനിക്ക് ന്യായം സ്ഥാപിച്ചു തരണമേ! എന്തെന്നാൽ ഞാൻ നിഷ്കളങ്കനായി ജീവിച്ചു; ചാഞ്ചല്യമില്ലാതെ ഞാൻ കർത്താവിൽ ആശ്രയിച്ചു. കർത്താവേ, എന്നെ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്യുക: എന്റെ ഹൃദയവും മനസ്സും ഉരച്ചുനോക്കുക. അങ്ങയുടെ കാരുണ്യം എന്റെ കൺമുൻപിലുണ്ട്; അങ്ങയുടെ സത്യത്തിൽ ഞാൻ വ്യാപാരിച്ചു" (സങ്കീ. 26, 1-3). മനസ്സുകളെയും ഹൃദയങ്ങളെയും പരിശോധിക്കുകയും, ദുഷ്ടരുടെ തിന്മയ്ക്ക് അറുതി വരുത്തുകയും നീതിമാന്മാർക്ക് പ്രതിഫലം നല്കുകയും ചെയ്യുന്നവനാണ് കർത്താവെന്ന് ഏഴാം സങ്കീർത്തനം ഒൻപതാം വാക്യത്തിലും ദാവീദ് എഴുതിവയ്ക്കുന്നുണ്ട്. തനിക്കെതിരെ വരുന്ന ശത്രുക്കളോട് പ്രതികാരം ചെയ്യാൻ, ന്യായം സ്ഥാപിച്ചുനൽകാനാണ് സങ്കീർത്തകൻ അപേക്ഷിക്കുന്നത്. പതിനേഴാം സങ്കീർത്തനം മൂന്നാം വാക്യത്തിലെന്നപോലെ, ദൈവത്തിന് മുന്നിൽ നിഷ്കളങ്കതയും തിന്മയിൽനിന്ന് അകന്ന ഒരു ജീവിതവുമാണ് ദാവീദ് അവകാശപ്പെടുന്നത്. എൺപത്തിയാറാം സങ്കീർത്തനം പതിനൊന്നാം വാക്യം പോലെ, സത്യത്തിന്റെ മാർഗ്ഗത്തിൽ സഞ്ചരിക്കുക എന്നത് ദാവീദിലെ വിശ്വാസിയുടെ ഹൃദയാഭിലാഷവും പ്രാർത്ഥനയും കൂടിയാണ്. ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കുകയും, ചാഞ്ചല്യമില്ലാതെ, വിശ്വാസത്തോടെ സമഗ്രതയുടെ ഒരു ജീവിതം നയിക്കുകയും ചെയ്യുന്നതിനാലാണ് ദൈവത്തിൽ അഭയം തേടാൻ അവനു സാധിക്കുന്നത്. സത്യത്തിന്റെ പാതയിൽ, ദൈവാശ്രയബോധത്തോടെ സഞ്ചരിക്കുന്നവർക്ക്, ഹൃദയവും മനസ്സും ദൈവത്തിലർപ്പിച്ച് ജീവിക്കുന്നവർക്കാണ്, ഈയൊരു ആത്മവിശ്വാസം സ്വന്തമാക്കാൻ സാധിക്കുക.

ദാവീദിന്റെ സമഗ്രത

നാലുമുതൽ എട്ടുവരെയുള്ള വാക്യങ്ങളിൽ ദാവീദ് തന്റെ ജീവിതത്തിന്റെ സമഗ്രതയും നിഷ്കളങ്കതയുമാണ് ദൈവത്തിന് മുന്നിൽ അവകാശപ്പെടുന്നത്. ഇതിൽ നാലും അഞ്ചും വാക്യങ്ങളിൽ, തിന്മയിൽനിന്നും, അവ പ്രവർത്തിക്കുന്നവരിൽനിന്നും അകന്നുനിൽക്കാൻ താൻ കാണിച്ച ശ്രദ്ധയും വിവേകവുമാണ് ദാവീദ് ദൈവത്തിന് മുന്നിൽ ഏറ്റുപറയുന്നത്:: "കപടഹൃദയരോട് ഞാൻ സഹവസിച്ചിട്ടില്ല; വഞ്ചകരോട് ഞാൻ കൂട്ടുകൂടിയിട്ടില്ല. ദുഷ്കർമ്മികളുടെ സമ്പർക്കം ഞാൻ വെറുക്കുന്നു; നീചന്മാരോടുകൂടെ ഞാൻ ഇരിക്കുകയില്ല" (സങ്കീ. 26, 4-5). ദൈവത്തോടുള്ള വിശ്വസ്‌തത ഏറ്റുപറഞ്ഞ ദാവീദ്, തന്റെ വിശ്വാസം ജീവിക്കാനായി താൻ ഒഴിവാക്കിയ തിന്മകളാണ് ഇവിടെ വിവരിക്കുക. ദുഷ്ടരിൽനിന്നും ദുഷ്ടതയിൽനിന്നും അകന്നു ജീവിക്കുക വഴി തിന്മയിലേക്കുള്ള സാധ്യതയാണ് വിശ്വാസി ഒഴിവാക്കുക. ബന്ധങ്ങളിലും, സഹവാസത്തിലും സ്വന്തം ഹിതത്തെക്കാളും, സുഖത്തെക്കാളും, ദൈവത്തിന്റെ ഹിതത്തിന് പ്രാധാന്യം നല്കുന്നതിനാലാണ് സങ്കീർത്തകൻ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ദൈവത്തിന് സ്വീകാര്യമല്ലാത്തവയെ ഒഴിവാക്കുന്നവൻ, തന്റെ തന്നെ ജീവനെ ദൈവത്തിന് സ്വീകാര്യമായ ഇടത്തിലാണ് നിറുത്തുന്നത്..

തിന്മയിൽനിന്ന് അകന്നു എന്നത് മാത്രമല്ല ദൈവത്തിന് മുന്നിൽ വിശ്വാസത്തോടെ നിൽക്കാൻ ദാവീദിന് കരുത്തേകുന്നത്. തന്റെ ജീവിതത്തിൽ പാലിക്കാൻ ശ്രമിച്ച പുണ്യങ്ങളെ ദൈവത്തിന് മുന്നിൽ നിരത്തിയാണ് അവൻ ദൈവത്തിന്റെ ആശ്രയം തേടുന്നത്. ആറും ഏഴും വാക്യങ്ങളിൽ തന്റെ നിഷ്കളങ്കതയെക്കുറിച്ചുള്ള ദാവീദിന്റെ അവകാശവാദമാണ് നാം കാണുക: "കർത്താവെ, നിഷ്കളങ്കതയിൽ ഞാൻ എന്റെ കൈ കഴുകുന്നു; ഞാൻ അങ്ങയുടെ ബലിപീഠത്തിനു പ്രദക്ഷിണം വയ്ക്കുന്നു. ഞാൻ ഉച്ചത്തിൽ കൃതജ്ഞതാസ്തോത്രം ആലപിക്കുന്നു; അവിടുത്തെ അത്ഭുതകരമായ സകല പ്രവൃത്തികളെയും ഞാൻ പ്രഘോഷിക്കുന്നു" (സങ്കീ. 26, 6-7). തന്റെ ഹൃദയത്തെ നിർമ്മലമായി സൂക്ഷിച്ചുവെന്നും, തന്റെ കൈകളെ നിഷ്കളങ്കതയിൽ കഴുകിയെന്നും എഴുപത്തിമൂന്നാം സങ്കീർത്തനത്തിലും ദാവീദ് അവകാശപ്പെടുന്നുണ്ട്. അൾത്താരയെ സമീപിക്കുന്ന ഒരു പുരോഹിതൻ ആരാധനാക്രമത്തിന്റെ ഭാഗമായി തന്റെ കരങ്ങൾ കഴുകുന്നതിനെയാണ്, നിഷ്കളങ്കതയിൽ തന്റെ കൈകൾ കഴുകി എന്ന ദാവീദിന്റെ വാക്കുകൾ അനുസ്മരിപ്പിക്കുന്നത്. സമാഗമകൂടാരത്തിൽ പ്രവേശിച്ച് ശുശ്രൂഷയ്ക്കായി ബലിപീഠത്തെ സമീപിക്കുന്ന അഹറോനും പുത്രന്മാരും കൈകാലുകൾ കഴുകണമെന്നും, അല്ലെങ്കിൽ അവർ മരിക്കുമെന്നും ദൈവം മോശയോട് പറയുന്നത് പുറപ്പാട് പുസ്തകത്തിന്റെ മുപ്പതാം അധ്യായത്തിൽ നാം വായിക്കുന്നുണ്ട് (പുറ. 30, 17-21). ദൈവസന്നിധിയിൽ ഒരു വിശ്വസിക്കുണ്ടായിരിക്കേണ്ട ആന്തരികവും ബാഹ്യവുമായ വിശുദ്ധിയുടെ പ്രാധാന്യമാണ് ഈ സങ്കീർത്തനവാക്യങ്ങൾ വിളിച്ചോതുന്നത്. തന്റെ അയോഗ്യതയുടെ തിരിച്ചറിവ് കൂടിയാകാം ദാവീദ് സങ്കീർത്തനവരികളിൽ കുറിച്ചിടുന്നത്. എട്ടാം വാക്യത്തിൽ സീനായ് മലയുടെയും ദൈവത്തിന്റെ ആവാസസ്ഥലമായ ദേവാലയത്തിന്റെയും പ്രാധാന്യവും ആ ഇടത്തോടുള്ള തന്റെ സ്നേഹവുമാണ് ദാവീദ് ആവർത്തിക്കുന്നത്: “കർത്താവെ, അങ്ങ് വസിക്കുന്ന അലയവും അങ്ങയുടെ മഹത്വത്തിന്റെ ഇരിപ്പിടവും എനിക്ക് പ്രിയങ്കരമാണ്” (സങ്കീ. 26, 8).

ദാവീദിന്റെ പ്രാർത്ഥന

സങ്കീർത്തനത്തിന്റെ ഒൻപതു മുതലുള്ള വാക്യങ്ങളിൽ, സംരക്ഷണത്തിനും കാരുണ്യത്തിനും, സുസ്ഥിരമായ ഒരു ജീവിതത്തിനും വേണ്ടി ദാവീദ് ദൈവത്തോട് നടത്തുന്ന അപേക്ഷയാണ് നാം കാണുക: "പാപികളോടുകൂടെ എന്റെ ജീവനെ തൂത്തെറിയരുതേ! രക്തദാഹികളോടുകൂടെ എന്റെ പ്രാണനെയും. അവരുടെ കൈകളിൽ കുതന്ത്രങ്ങളാണ്; അവരുടെ വലതുകൈ കോഴകൊണ്ട് നിറഞ്ഞിരിക്കുന്നു. ഞാനോ നിഷ്കളങ്കതയിൽ വ്യാപാരിക്കുന്നു; എന്നെ രക്ഷിക്കുകയും എന്നോട് കരുണ കാണിക്കുകയും ചെയ്യണമേ!" (സങ്കീ. 26, 9-11). തിന്മ പ്രവർത്തിക്കുന്ന, അനീതിയെ ഇഷ്ടപ്പെടുന്ന പാപികളോടും നീചരോടുംകൂടി തന്നെ ശിക്ഷിക്കരുതേയെന്ന പ്രാർത്ഥന ഇരുപത്തിയെട്ടാം സങ്കീർത്തനത്തിലും ദാവീദ് ആവർത്തിക്കുന്നുണ്ട് (സങ്കീ 28, 3). തിന്മയോടും തിന്മ പ്രവർത്തിക്കുന്നവരോടും അകലം പാലിക്കാൻ ആഗ്രഹിക്കുന്ന ഒരു വിശ്വാസിയെയാണ് ഈ സങ്കീർത്തനവരികൾ എഴുതുന്ന ദാവീദിൽ നമുക്ക് കാണാനാകുക. അനീതി പ്രവർത്തിക്കുകയും മറ്റുള്ളവർക്കെതിരെ ദുഷ്ടതയോടെ പദ്ധതികൾ തയ്യാറാക്കുകയും ചെയ്യുന്ന കോഴ നിറഞ്ഞ കരങ്ങളെ സങ്കീർത്തകൻ വെറുക്കുന്നു. ദൈവത്തിന്റെ കരുണയാണ് ദാവീദ് ആഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും. ദൈവത്തിലുള്ള ശരണവും, വിശ്വാസവും നൽകുന്ന ഉറപ്പിൽ, ആത്മവിശ്വാസത്തിന്റെ വാക്കുകൾ കുറിച്ചുകൊണ്ടാണ് ദാവീദ് ഇരുപത്തിയാറാം സങ്കീർത്തനം അവസാനിപ്പിക്കുന്നത്:   "നിരപ്പായ ഭൂമിയിൽ ഞാൻ നിലയുറപ്പിച്ചിരിക്കുന്നു; മഹാസഭയിൽ ഞാൻ കർത്താവിനെ വാഴ്ത്തും" (സങ്കീ. 26, 12). ഉടമ്പടിയുടെ ദൈവം നൽകുന്ന ഉറപ്പും, നിത്യതയോളം നിലനിൽക്കുന്ന അവന്റെ വാഗ്ദാനങ്ങളും, മാറ്റമില്ലാത്ത അവന്റെ പ്രതിജ്ഞയുമാണ് വിശ്വാസിയുടെ ജീവിതത്തിൽ നിരപ്പായ, ഉറപ്പുള്ള ഭൂമി. ഭയവും, വിഷമതകളും നിറഞ്ഞ ഒരു ജീവിതത്തിലും ദൈവത്തിൽ കുറവില്ലാതെ ആശ്രയിച്ചാൽ, അവന്റെ സ്തുതികൾ ലോകത്തിന് മുന്നിൽ ആലപിക്കുവാൻ തക്കവിധത്തിലുള്ള സംരക്ഷണവും അനുഗ്രഹങ്ങളുമാണ് ദൈവം തന്റെ വിശ്വാസികളിൽ ചൊരിയുക.

സങ്കീർത്തനം ജീവിതത്തിൽ

സഹനങ്ങളുടെ മുന്നിൽ, ദൈവത്തിൽ ശരണം തേടി, തിന്മയെയും അവ പ്രവർത്തിക്കുന്നവരെയും തന്നിൽനിന്ന് അകറ്റി നിറുത്തി, നിഷ്കളങ്കതയിൽ ജീവിക്കാനും, ദൈവാശ്രയബോധത്തോടെ അവന്റെ അലയത്തിൽ ആയിരിക്കാനും പരിശ്രമിക്കുന്ന ദാവീദിന്റെ ജീവിതമാണ് ഇരുപത്തിയാറാം സങ്കീർത്തനവരികളിൽ നാം വായിച്ചറിഞ്ഞത്. കുറവുകളും വീഴ്ചകളും പാപങ്ങളും തിന്മകളും നിറഞ്ഞ ഒരു ജീവിതമാണ് നമ്മുടേതെങ്കിലും, ദൈവത്തിന്റെ കരുണയിൽ ആശ്രയം വയ്ക്കാനും, മനസ്സും ശരീരവും ദൈവസാന്നിധ്യത്തിന്റെ ജലത്തിൽ കഴുകി നിർമ്മലരായിത്തീരാനും, അവന്റെ സ്തുതികൾ ലോകത്തിന് മുന്നിൽ ആലപിക്കാനും ദാവീദിന്റെ വാക്കുകൾ നമ്മെയും ആഹ്വാനം ചെയ്യുന്നുണ്ട്. അചഞ്ചലമായ വിശ്വാസവും, ദൈവത്തിന് സ്വീകാര്യമായ ഒരു ജീവിതവും സ്വന്തമാക്കാൻ നമുക്കും പരിശ്രമിക്കാം. കർത്താവിന്റെ സാന്നിധ്യമുള്ള സീയോൻമലയും, അവന്റെ ഭവനമായ ദേവാലയവും നമുക്കും പ്രിയങ്കരമാകട്ടെ. അവന്റെ കാരുണ്യത്തിന്റെ ജലധാരയിൽ നമ്മുടെ പാപങ്ങൾ കഴുകക്കളഞ്ഞ്, നിർമ്മലമായ മനസാക്ഷിയോടെ നിത്യം ദൈവത്തിന്റെ സ്തുതികൾ നമുക്കും ആലപിക്കാം. ദൈവത്തിന്റെ അചഞ്ചലമായ സ്നേഹവും അവന്റെ നിരന്തരസാന്നിധ്യവും നമ്മോടൊത്തുണ്ടാകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 June 2023, 16:50