തിരയുക

സങ്കീർത്തനചിന്തകൾ - 29 സങ്കീർത്തനചിന്തകൾ - 29 

മഹത്വപൂർണ്ണനായ ദൈവത്തെ ആരാധിക്കുക

വചനവീഥി: ഇരുപത്തിയൊൻപതാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ഇരുപത്തിയൊൻപതാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മഹത്വപൂർണ്ണനും പ്രപഞ്ചത്തിന്റെ മുഴുവൻ അധിപനുമായ ദൈവത്തിന് സ്തോത്രമാലപിക്കുവാൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന ഇരുപത്തിയൊൻപതാം സങ്കീർത്തനത്തിലൂടെ  പ്രപഞ്ചസൃഷ്ടിയിലും, അതിലെ ശക്തികളിലും വെളിവാകുന്ന ദൈവത്തിന്റെ ഔന്ന്യത്യമാണ് ദാവീദ് വർണ്ണിക്കുന്നത്. കടലിന് മീതെ വീശിയടിക്കുന്ന കൊടുങ്കാറ്റും, മുഴങ്ങുന്ന മേഘഗർജ്ജനവുമൊക്കെ ദൈവത്തിന്റെ സ്വരവും സാന്നിദ്ധ്യവുമായി ചിത്രീകരിക്കപ്പെടുന്നു. ദൈവമഹത്വവും അവിടുത്തെ ശക്തമായ പ്രവൃത്തികളും വർണ്ണിക്കുന്ന ഈ സങ്കീർത്തനം ദൈവസ്‌തുതി ആലപിക്കുക എന്ന ഒരു പ്രവൃത്തിയിലേക്കാണ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. തന്റെ ജനത്തിന് ശക്തി പകരുന്ന കർത്താവിന്റെ സമാധാനം ഏവർക്കും ലഭ്യമാകട്ടെയെന്ന, രക്ഷയുടെ ദിനങ്ങളുമായി ബന്ധപ്പെട്ട, ആശംസയോടെയാണ് ദാവീദ് ഈ സങ്കീർത്തനം അവസാനിപ്പിക്കുന്നത്. ദൈവികചിന്തയും ദൈവസ്തോത്രവും കേന്ദ്രബിന്ദുവാകുന്ന ഒരു വിശ്വാസശൈലിയുടെ പ്രാധാന്യം കൂടിയാണ് ഈ സങ്കീർത്തനം വെളിവാക്കുന്നത്.

ദൈവത്തെ ആരാധിക്കുവാൻ ആഹ്വാനം

പ്രപഞ്ചനാഥനും മഹത്വപൂർണ്ണനുമായ ദൈവത്തെ സ്തുതിക്കാൻ സ്വർഗ്ഗവാസികളെ ആഹ്വാനം ചെയ്യുന്ന രണ്ടു വാക്യങ്ങളോടെയാണ് ദാവീദ് തന്റെ സങ്കീർത്തനം ആരംഭിക്കുന്നത്: "സ്വർഗ്ഗവാസികളെ, കർത്താവിനെ സ്തുതിക്കുവിൻ: മഹത്വവും ശക്തിയും അവിടുത്തെതെന്നു പ്രഘോഷിക്കുവിൻ. കർത്താവിന്റെ മഹത്വപൂർണമായ നാമത്തെ സ്തുതിക്കുവിൻ; വിശുദ്ധ വസ്ത്രങ്ങളണിഞ്ഞ് അവിടുത്തെ ആരാധിക്കുവിൻ" (സങ്കീ. 29, 1-2). "ദൈവമക്കളെ കർത്താവിനെ സ്തുതിക്കുവിൻ" എന്നാണ് ലത്തീൻ വുൾഗാത്ത ബൈബിളിലും മറ്റു ചില പരിഭാഷകളിലും നാം കാണുക. സ്വർഗ്ഗവാസികളാകട്ടെ മുഴുവൻ ദൈവജനവുമാകട്ടെ, ദൈവത്തിന് സ്തോത്രഗീതം ആലപിക്കുവാൻ ഏവരും വിളിക്കപ്പെട്ടിരിക്കുന്നു. കർത്താവിന്റെ ആലയത്തിൽ ജനം മുഴുവനും അവന് മഹത്വം പ്രഘോഷിക്കണമെന്ന ആഹ്വാനം ഒൻപതാം വാക്യത്തിന്റെ രണ്ടാം ഭാഗത്തും നാം കാണുന്നുണ്ട്: "അവിടുത്തെ ആലയത്തിൽ മഹത്വം എന്ന് എല്ലാവരും പ്രഘോഷിക്കുന്നു" (സങ്കീ. 29, 9b). നാം എത്രമാത്രം ഉന്നതരും ശക്തരുമായിക്കൊള്ളട്ടെ, എല്ലാം സർവ്വശക്തനായ ദൈവത്തിന്റെ ദാനമെന്ന് തിരിച്ചറിയുകയും അവനു സ്തോത്രഗീതമാലപിക്കുകയും വേണമെന്ന് ദാവീദ് ഈ വരികളിലൂടെ ഓർമ്മിപ്പിക്കുന്നു.

പ്രകൃതിയിൽ ദൃശ്യമാകുന്ന ദൈവികസാന്നിദ്ധ്യവും ശക്തിയും

സങ്കീർത്തനത്തിന്റെ മൂന്ന് മുതൽ ഒൻപതാം വാക്യത്തിന്റെ ആദ്യപകുതി വരെയുള്ള വാക്യങ്ങളിലൂടെ പ്രകൃതിയിലെ ഓരോ അസ്തിത്വങ്ങളിലും, കാറ്റിലും ഇടിമുഴക്കത്തിലും വെളിവാക്കപ്പെടുന്ന ദൈവത്തിന്റെ സാന്നിദ്ധ്യവും ശക്തിയുമാണ് ദാവീദ് അനുസ്മരിപ്പിക്കുന്നത്. പ്രതാപമുറ്റതും ശക്തവുമായ ദൈവസ്വരം ജലാശയങ്ങൾക്കുമീതെ മുഴങ്ങുന്നുവെന്ന ഏറ്റുപറച്ചിലാണ് മൂന്നും നാലും വാക്യങ്ങളിൽ നാം കാണുക: "കർത്താവിന്റെ സ്വരം ജലരാശിക്ക്‌ മീതേ മുഴങ്ങുന്നു; ജലസഞ്ചയങ്ങൾക്കുമീതെ മഹത്വത്തിന്റെ ദൈവം ഇടിനാദം മുഴക്കുന്നു. കർത്താവിന്റെ സ്വരം ശക്തി നിറഞ്ഞതാണ്; അവിടുത്തെ ശബ്ദം പ്രതാപമുറ്റതാണ്" (സങ്കീ. 29, 3-4). പ്രപഞ്ചസൃഷ്ടിയുമായി ബന്ധപ്പെട്ട്, ഉൽപ്പത്തിപുസ്തകത്തിൽ നാം കാണുന്ന ചില പ്രതീകങ്ങളിലേക്കും (ഉൽപത്തി 1), ഇടിമുഴക്കത്തിലൂടെ വെളിവാക്കപ്പെടുന്ന ദൈവികസാന്നിദ്ധ്യം എന്ന രീതിയിൽ, പുറപ്പാട് പുസ്തകത്തിൽ (പുറപ്പാട് 9, 28; 19, 16) കാണപ്പെടുന്ന ചില ചിന്തകളിലേക്കും, രാജ്യങ്ങൾ പ്രകമ്പനം കൊള്ളുകയും ഭൂമി ഉരുകുകയും ചെയ്യുന്നത്ര ശക്തമായ ദൈവികസാന്നിദ്ധ്യത്തെക്കുറിച്ച് ചില സങ്കീർത്തനങ്ങളിൽ (സങ്കീ. 46; 77) കാണുന്ന പരാമർശങ്ങളിലേക്കും   കൂടിയാണ് ഈ വാക്യങ്ങൾ നമ്മുടെ ശ്രദ്ധ ക്ഷണിക്കുക.

പ്രകൃതിയും ദൈവസ്വരവും

സങ്കീർത്തനത്തിന്റെ അഞ്ചുമുതൽ ഒൻപതാം വാക്യത്തിന്റെ ആദ്യപകുതി വരെയുള്ള വാക്യങ്ങളിൽ ഇടിമുഴക്കത്തിലും, കൊടുങ്കാറ്റിലും ഒക്കെ നാടകീയമായ രീതിയിൽ വിവരിക്കപ്പെടുന്ന, സൃഷ്ടപ്രപഞ്ചത്തിനും പ്രകൃതിക്കും മേൽ ദൈവസ്വരത്തിന്റെ ശക്തമായ സ്വാധീനമാണ് സങ്കീർത്തകൻ വിവരിക്കുക: "കർത്താവിന്റെ സ്വരം ദേവദാരുക്കളെ തകർക്കുന്നു; കർത്താവു ലബനോനിലെ ദേവദാരുക്കളെ ഒടിച്ചു തകർക്കുന്നു. അവിടുന്ന് ലബനോനെ കാളക്കുട്ടിയേപ്പോലെ തുള്ളിക്കുന്നു; സിറിയോനെ കാട്ടുപോത്തിനെപ്പോലെയും. കർത്താവിന്റെ സ്വരം അഗ്നിജ്വാലകൾ പുറപ്പെടുവിക്കുന്നു. കർത്താവിന്റെ സ്വരം മരുഭൂമിയെ വിറകൊള്ളിക്കുന്നു; കർത്താവ് കാദേഷ് മരുഭൂമിയെ നടുക്കുന്നു. കർത്താവിന്റെ സ്വരം ഓക്കുമരങ്ങളെ ചുഴറ്റുന്നു; അത് വനങ്ങളെ വൃക്ഷരഹിതമാക്കുന്നു" (സങ്കീ. 29, 5-9a). ലെബനോനിലെ ദേവദാരുക്കൾ ഏറെ പ്രസിദ്ധമാണ്. എന്നാൽ കരുത്തുറ്റ അവയെ ഒടിച്ചുതകർക്കുവാൻ തക്ക കരുത്തുള്ളതാണ് ദൈവത്തിന്റെ സ്വരം. ലെബനോനെയും സിറിയോൻ എന്ന ഹെർമോൻ മലയെയും ഒരു കാളക്കുട്ടിയെയും കാട്ടുപോത്തിനേയും പോലെ തുള്ളിച്ചാടിക്കാൻ തക്ക വിധം ശക്തമേറിയതാണ് ദൈവസ്വരം. ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്ന ഇടിമുഴക്കം പോലെയും, വൃക്ഷങ്ങളെ ഇല്ലാതാക്കുന്ന മിന്നൽപ്പിണറുകൾ പോലെയും ഉള്ള ശക്തമായ പ്രതിഭാസങ്ങൾക്ക് തുല്യമാണ് ദൈവത്തിന്റെ ശക്തി എന്ന ഒരു ചിന്തയാണ് ദാവീദ് ഇവിടെ കൊണ്ടുവരിക. മാനുഷിക ചിന്തയ്ക്ക് അപ്രാപ്യമായ, മനുഷ്യകരങ്ങളുടെ ശക്തിക്ക് അതീതമായ ശക്തിയുറ്റ ദൈവമായാണ് യഹോവയെ സങ്കീർത്തകൻ അവതരിപ്പിക്കുന്നത്.

രാജാവും നായകനുമായ ദൈവം

സങ്കീർത്തനത്തിന്റെ അവസാന രണ്ടു വാക്യങ്ങളിലേക്ക് കടന്നുവരുമ്പോൾ സിംഹാസനത്തിൽ ആസനസ്ഥനായ രാജാവായും, തന്റെ ജനത്തിന് ശക്തിയും സമാധാനവും നൽകുന്ന നായകനായുമാണ് സങ്കീർത്തകൻ കർത്താവിനെ അവതരിപ്പിക്കുന്നത്: "കർത്താവു ജലസഞ്ചയത്തിനുമേൽ സിംഹാസനസ്ഥനായിരിക്കുന്നു. അവിടുന്ന് എന്നേക്കും രാജാവായി സിംഹാസനത്തിൽ വാഴുന്നു. കർത്താവു തന്റെ ജനത്തിനു ശക്തി പ്രദാനം ചെയ്യട്ടെ! അവിടുന്ന് തന്റെ ജനത്തെ സമാധാനം നൽകി അനുഗ്രഹിക്കട്ടെ!" (സങ്കീ. 29, 10-11). "ഇളകിമറിയുന്ന കടലിനെ ഭരിക്കുകയും, ഉയരുന്ന തിരമാലകളെ ശാന്തമാക്കുകയും ചെയ്യുന്ന" കർത്താവിനെക്കുറിച്ച് 89-ആം സങ്കീർത്തനം ഒൻപതാം വാക്യത്തിലും, "സമുദ്രങ്ങളുടെ ഗർജ്ജനങ്ങളെയും, ഉയരുന്ന തിരമാലകളെയും കാൾ ശക്തനായ കർത്താവിനെക്കുറിച്ച്" 93-ആം സങ്കീർത്തനം നാലാം വാക്യത്തിലും ദാവീദ് എഴുതുന്നുണ്ട്. "കർത്താവ് തന്റെ ജനത്തിന് ശക്തിയും അധികാരവും പ്രദാനം ചെയ്യുന്നുവെന്ന്" 68-ആം സങ്കീർത്തനം മുപ്പത്തിയഞ്ചാം വാക്യത്തിൽ ദാവീദ് ആവർത്തിക്കുന്നുണ്ട്. ഉത്പത്തിപുസ്തകത്തിലും പ്രപഞ്ചസൃഷ്ടിയുമായി ബന്ധപ്പെട്ട വാക്യങ്ങളിൽ ഭൂമിയിലും വാനിലുമുള്ള ജലത്തെ വേർതിരിക്കുകയും, കടലിലെ ജലത്തെ ഒരുമിച്ച് കൂട്ടുകയും, അങ്ങനെ കരയെ മാറ്റിനിറുത്തുകയും ചെയ്യുന്ന ദൈവത്തെക്കുറിച്ച് നാം വായിക്കുന്നുണ്ട്. എല്ലാം തകർക്കാനും ഇല്ലാതാക്കാനും കഴിവുള്ള ദൈവം പക്ഷെ, പ്രപഞ്ചത്തെ നിയന്ത്രിക്കുകയും പരിപാലിക്കുകയും തന്റെ ജനത്തെ അനുഗ്രഹിക്കുകയും അവർക്ക് സമാധാനം നൽകുകയും ചെയ്യുന്നവനാണ്.

സങ്കീർത്തനം ജീവിതത്തിൽ

ഇരുപത്തിയൊൻപതാം സങ്കീർത്തനവിചാരങ്ങൾ ചുരുക്കുമ്പോൾ, പ്രപഞ്ചസൃഷ്ടവും നിയന്താവും പരിപാലകനും, തന്റെ ജനത്തിന്റെ സംരക്ഷകനും, അനുഗ്രഹദായകനുമായ ഇസ്രയേലിന്റെ നാഥനോട് ചേർന്ന് നിൽക്കുവാനും, അവൻ തന്റെ ജനത്തിന്റെ മേൽ വർഷിക്കുന്ന സമാധാനവും ശാന്തിയും സ്വന്തമാക്കുവാനും നമ്മെയും ദാവീദിന്റെ ഈ സങ്കീർത്തനം ആഹ്വാനം ചെയ്യുന്നുണ്ട്. എല്ലാത്തിന്റെയും അധിപനാണ് കർത്താവെന്ന ബോധ്യത്തിൽ വളർന്ന്, അവന്റെ മഹത്വവും ശക്തിയും തിരിച്ചറിഞ്ഞ്, അനുഗ്രഹീതമായ ദൈവജനത്തിന്റെ ഭാഗമായി നമുക്കും സങ്കീർത്തകനൊപ്പം ദൈവത്തിന് സ്തോത്രമാലപിക്കാം. എല്ലാ വിപത്തുകളിലും നിന്ന് അവന്റെ കരങ്ങൾ നമുക്കും സംരക്ഷണമേകട്ടെ, നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ കരുണയും സമാധാനവും നിറയട്ടെ. തന്റെ സ്തുതികൾ ആലപിക്കുവാൻ നമ്മുടെ നാവുകളെയും ദൈവം ശക്തമാക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 June 2023, 17:01