ലെബനനിൽ പട്ടിണി അതിരൂക്ഷം
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
ഐക്യരാഷ്ട്ര സഭയുടെ യൂണിസെഫിന്റെ കണക്കുകൾ പ്രകാരം സാമ്പത്തിക മാന്ദ്യം രൂക്ഷമായ ലെബനനിൽ ജനജീവിതം കൂടുതൽ ബുദ്ധിമുട്ടുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.10 ൽ 9 കുടുംബങ്ങൾക്കും അടിസ്ഥാനവസ്തുക്കൾ വാങ്ങാൻ പോലുമുള്ള സാമ്പത്തികസ്രോതസുകൾ ഇല്ല എന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സംഘടന പുറത്തുവിട്ടിരിക്കുന്നത്.
രാജ്യത്തെ ബാധിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനുള്ള തീവ്രശ്രമത്തിൽ ജോലി ചെയ്യാൻ ആറുവയസ്സുള്ള തങ്ങളുടെ കുട്ടികളെ അയയ്‌ക്കാൻ പോലും മാതാപിതാക്കൾ നിർബന്ധിതരാകുന്ന ഒരു സ്ഥിതി വിശേഷവും രാജ്യത്തുണ്ട്.
വിദ്യാഭ്യാസത്തിനും, ആരോഗ്യസംരക്ഷണത്തിനുമുള്ള ചിലവുകൾ ഗണ്യമായി വെട്ടിക്കുറച്ചതോടൊപ്പം 5-ൽ 2 കുടുംബങ്ങളും അവരുടെ കുടുംബ സ്വത്തുക്കൾ വിൽക്കാൻ നിർബന്ധിതരാകുകയും,ബാലവേലയ്ക്കായി കുട്ടികളെ അയയ്ക്കാനുള്ള കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുകയും ചെയ്തു. തത്ഫലമായി മെച്ചപ്പെട്ട ഭാവിയെക്കുറിച്ചുള്ള കുട്ടികളുടെ സ്വപ്നങ്ങളും,പ്രതീക്ഷകളും തച്ചുടക്കപ്പെട്ടുകൊണ്ട്,തീവ്രമായ മാനസിക പ്രശ്നങ്ങളിലേക്ക് അവർ കടക്കുന്നുവെന്ന അപകടവും യൂണിസെഫ് ചൂണ്ടിക്കാണിക്കുന്നു.
നിലവിലുള്ള സാഹചര്യങ്ങൾക്ക് ആരോഗ്യപരമായ പരിഹാരമാർഗങ്ങൾ യൂണിസെഫ് മറ്റ് സന്നദ്ധ സംഘടനകളുമായി കൂടിയാലോചിച്ചു നടപ്പിലാക്കുന്നുവെന്ന ശുഭസൂചനകളും പുറത്തുവരുന്നുണ്ട്. ലെബനൻ രാജ്യത്തിന്റെ അപകടം നിറഞ്ഞ ഈ സാഹചര്യങ്ങളിൽ കത്തോലിക്കാ സഭയുടെ ഉപവിപ്രവർത്തന വിഭാഗവും ധാരാളം സഹായം നൽകുകയും, പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: