തിരയുക

റഷ്യൻ പ്രതിരോധ മന്ത്രി ഷോയിഗു ഓംസ്ക് മേഖലയിലെ ആയുധപ്പുരകളും സംഭരണ കേന്ദ്രങ്ങളും സന്ദർശിക്കുന്നു. റഷ്യൻ പ്രതിരോധ മന്ത്രി ഷോയിഗു ഓംസ്ക് മേഖലയിലെ ആയുധപ്പുരകളും സംഭരണ കേന്ദ്രങ്ങളും സന്ദർശിക്കുന്നു.  (ANSA)

ലുകാഷെങ്കോയുടെ മധ്യസ്ഥതയിൽ റഷ്യയിലെ കലാപം അവസാനിച്ചു

റഷ്യയിലെ സായുധ കലാപം ഒരു അട്ടിമറിയിലേക്കും ആഭ്യന്തരയുദ്ധത്തിലേക്കും നീങ്ങുമെന്ന ഭീഷണിയിലായിരുന്നു. അധികാരത്തിൽ വന്നതിന് രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ അധികാരത്തിന് നേരെയുള്ള ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയായാണ് ഇതിനെ കാണുന്നത്.

സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

റഷ്യയിലെ വാഗ്നർ കൂലിപ്പട്ടാള സംഘത്തിലെ പോരാളികൾ തെക്കൻനഗരമായ റോസ്തോവ്-ഓൺ-ഡോണിൽ നിന്ന് വിട്ടുപോയപ്പോൾ പ്രദേശവാസികൾ ആഹ്ലാദിച്ചു. ക്രെംലിനുമായി ബെലാറസ് പ്രസിഡണ്ട് ലുകാഷെങ്കോയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്ക് ശേഷമുണ്ടായ കരാറിനെത്തുടർന്നാണ് അവരുടെ കലാപം അവസാനിപ്പിച്ചത്.

കരാർ പ്രകാരം, വാഗ്നർ പോരാളികൾക്ക് അവരുടെ താവളത്തിലേക്ക് മടങ്ങാൻ കഴിയും. അവരെ പ്രോസിക്യൂട്ട് ചെയ്യില്ല. എന്നാൽ അവരുടെ നേതാവ് യെവ്ജെനി പ്രിഗോജിൻ റഷ്യ വിട്ട് അയൽരാജ്യമായ ബെലാറസിലേക്ക് പോകേണ്ടി വരും. ഈ സുപ്രധാന റഷ്യൻ നഗരത്തിലെ സൈനിക  കേന്ദ്രങ്ങളുടെ നിയന്ത്രണം വാഗ്നർ കൂലി പട്ടാളം എളുപ്പത്തിൽ പിടിച്ചെടുത്തതോടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിന്റെ സ്ഥാനം ദുർബലമായതായി വിമർശകർ പറയുന്നു. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ എന്നു പറഞ്ഞ് വാഗ്നർ സൈന്യം അവരുടെ മുന്നേറ്റം നിർത്തുന്നതിന് മുമ്പ്  വടക്ക് മോസ്കോയിലേക്ക് നീങ്ങുകയായിരുന്നു.

പുടിന്റെ എതിരാളി

റഷ്യയുടെ സൈനിക നേതൃത്വത്തെ അട്ടിമറിക്കാൻ സായുധ കലാപത്തിന് ശ്രമിച്ചു എന്ന ആരോപണങ്ങൾ കരാർ പ്രകാരം ഒഴിവാക്കിയതിനാൽ കലാപത്തിന് പിന്നിലെ വ്യക്തിയായ പ്രിഗോഷിൻ സ്വതന്ത്രനാണ്. സമീപഭാവിയിൽ പുടിന്റെ എതിരാളിയാകാൻ സാധ്യതയുള്ള വ്യക്തിയായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. കലാപം ഇപ്പോൾ അവസാനിച്ചെങ്കിലും, ശനിയാഴ്ച ഒരു ടെലിവിഷൻ പ്രസംഗത്തിൽ പ്രിഗോഷിന്റെ നടപടികളെ "രാജ്യദ്രോഹം" എന്ന് വിമർശിച്ച പുടിന് സമീപകാല സംഭവ വികാസങ്ങൾ അപമാനകരമായ തിരിച്ചടിയാണെന്ന് നിരീക്ഷകർ വിശേഷിപ്പിച്ചു.

തന്റെ സേനയെ റഷ്യൻ സൈന്യം ആക്രമിച്ചതിന് ശേഷമാണ് താൻ പ്രതികരിച്ചതെന്നു പ്രതിരോധ മന്ത്രിയുമായും മറ്റുള്ളവരുമായും താൻ ചർച്ചകൾ ആവശ്യപ്പെട്ടെന്നും പ്രിഗോഷിൻ പറഞ്ഞു. മതിയായ വെടി കോപ്പുകൾ നൽകാതെ യുക്രെയ്നിൽ യുദ്ധം ചെയ്യുന്ന വാഗ്നർ കൂലിപ്പടയാളികളെ എല്ലാ അർത്ഥത്തിലും കയ്യൊഴിഞ്ഞതിന് റഷ്യൻ സൈനിക നേതൃത്വത്തെ അദ്ദേഹം നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ പ്രിഗോഷിനും റഷ്യയുടെ അടുത്ത സഖ്യകക്ഷിയായ ബെലാറസ് നേതാവ് അലക്സാണ്ടർ ലുകാഷെങ്കോയും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം സ്ഥിതിഗതികൾ അയയുകയായിരുന്നു.

മോസ്കോ പിരിമുറുക്കം

എന്നിട്ടും ക്രെംലിനിന്റെയും റഷ്യയുടെ നിയമസഭയുടെ ആസ്ഥാനവുമായ മോസ്കോയിൽ പിരിമുറുക്കം നിലനിൽക്കുകയാണ്, യാത്രകൾ ഒഴിവാക്കണമെന്ന് മേയർ നിവാസികളോടു പറഞ്ഞു. ജൂലൈ 1 വരെ റഷ്യയുടെ തലസ്ഥാനത്തെ  എല്ലാ ബഹുജന ഔട്ട്‌ഡോർ പരിപാടികളും റദ്ദാക്കി.  ഇത് റഷ്യയുടെ നേതൃത്വത്തിന് നിലനിൽക്കുന്ന സുരക്ഷാ വെല്ലുവിളികൾക്ക് അടിവരയിടുന്നു. കീഴടങ്ങാനോ രാജ്യം വിടാനോ റഷ്യൻ സേനയെ പ്രോത്സാഹിപ്പിക്കുമെന്ന് യുക്രെയ്ൻ പ്രതീക്ഷിക്കുന്ന റഷ്യൻ സൈന്യത്തിന്റെ നേതൃത്വ ശൃംഖലയെക്കുറിച്ചും  കലാപം ചോദ്യങ്ങൾ ഉയർത്തുന്നു. വാഗ്നർ കൂലി പട്ടാളക്കാരുടെ പിന്തുണയോടെ റഷ്യൻ സൈന്യം കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് അയൽ രാജ്യമായ യുക്രെയിനിൽ അധിനിവേശം നടത്തിയത്. എന്നാൽ ലക്ഷക്കണക്കിന് ആളുകളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്ന ഒരു യുദ്ധത്തിൽ രാജ്യം മുഴുവൻ പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ മോസ്കോ ഇതുവരെ പരാജയപ്പെടുകയാണുണ്ടായത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 June 2023, 13:10