തിരയുക

തുർക്കിയിൽനിന്നുള്ള ഒരു ചിത്രം തുർക്കിയിൽനിന്നുള്ള ഒരു ചിത്രം   (ANSA)

തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പം: കുട്ടികൾ സഹായം തേടുന്നു

തുർക്കിയിലും സിറിയയിലും നിരവധി പേരുടെ മരണത്തിനും, വലിയ നാശനഷ്ടങ്ങൾക്കും കാരണമായ ഭൂകമ്പത്തിനു ശേഷം നൂറു ദിനങ്ങൾ പിന്നിടുമ്പോൾ ഇപ്പോഴും സാധാരണജനത്തിന്റെ സ്ഥിതിഗതികൾ പരുങ്ങലിലെന്ന് യൂണിസെഫ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

തുർക്കിയിലും സിറിയയിലുമായി ഏതാണ്ട് അറുപത് ലക്ഷത്തിലധികം കുട്ടികൾക്ക് മാനവികസഹായത്തിന്റെ ആവശ്യമേറെയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. നിരവധി കുടുംബങ്ങൾ ഇപ്പോഴും പരിതാപകരമായ അവസ്ഥയിലാണ് ജീവിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട് യൂണിസെഫ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.

തുർക്കിയുടെയും സിറിയയുടെയും സമീപചരിത്രത്തിലെ ഏറ്റവും മാരകമായ ഭൂമികുലുക്കം നടന്നിട്ട് നൂറു ദിനങ്ങൾ പിന്നിടുമ്പോഴും, ഈ ദുരന്തത്തിന്റെ വീഴ്ചയിൽനിന്ന് ഇരുരാജ്യങ്ങളും ഇനിയും കരകയറിയിട്ടില്ലെന്നും, തുർക്കിയിൽ ഇരുപത്തിയഞ്ചും സിറിയയിൽ മുപ്പത്തിയേഴും ലക്ഷം കുട്ടികൾക്ക് ഇപ്പോഴും മാനവികസഹായത്തിന്റെ ആവശ്യമുണ്ടെന്നും യൂണിസെഫ് അറിയിച്ചു.

ഭൂകമ്പത്തിന് മുൻപുതന്നെ തുർക്കിയിലെ നാൽപതു ശതമാനം കുടുംബങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. ഇവിടെയുണ്ടായ പ്രകൃതിദുരന്തത്തിന് ശേഷം കൂടുതൽ കുട്ടികൾ, പീഡനങ്ങൾക്കും, നിർബന്ധിത വിവാഹങ്ങൾക്കും ബാലവേലയ്ക്കും നിർബന്ധിതരാകുന്നുവെന്നും, നാൽപതു ലക്ഷത്തോളം കുട്ടികൾക്ക് വിദ്യാഭ്യാസസാധ്യതകൾ തടസപ്പെട്ടുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കി.

സിറിയയിൽ അറുപത്തിയഞ്ച് ലക്ഷത്തോളം ആളുകൾ ശുദ്ധജലത്തിന്റെ അഭാവം മൂലം കോളറ പോലെയുള്ള രോഗങ്ങളുടെ ഭീഷണിയിലാണ്. ഇവിടെ ഏതാണ്ട് അൻപതിനായിരത്തിലധികം കുട്ടികളും, എഴുപത്തിയാറായിരത്തോളം ഗർഭിണികളും പോഷകാഹാരക്കുറവുമൂലം ബുദ്ധിമുട്ടുന്നുണ്ട്.

കഴിഞ്ഞ ഫെബ്രുവരി ആറിന് ഉണ്ടായ പ്രധാന ഭൂകമ്പവും, അതിനു ശേഷം ഉണ്ടായ തുടർചലനങ്ങളും ചേർന്ന് ലക്ഷക്കണക്കിന് കുടുംബങ്ങളെയും കുട്ടികളെയുമാണ് ഭവനരഹിതരാക്കിയത്. ഭൂചലനങ്ങൾ മൂലമുണ്ടായ ദുരന്തങ്ങളിൽപ്പെട്ട് ഇരുരാജ്യങ്ങളിലെയും കുട്ടികൾ വലിയ നാശനഷ്ടങ്ങളാണ് അനുഭവിച്ചതെന്നും, പലർക്കും പ്രിയപ്പെട്ടവരെയും കുടുംബങ്ങളും നഷ്ടമായെന്നും യൂണിസെഫ് യുനിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പറഞ്ഞു.

സിറിയയിലെ ആവശ്യങ്ങൾക്കായി ഏതാണ്ട് പതിനേഴ് കോടിയിലധികം ഡോളറിന്റെയും തുർക്കിയിൽ പത്തൊൻപത് കോടിയിലധികം ഡോളറിന്റെയും സാമ്പത്തികസഹായമാണ് യൂണിസെഫ് തേടുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 May 2023, 15:54