ഗാസ മുനമ്പിൽ തുടരുന്ന ആക്രമണങ്ങൾ കുട്ടികളുടെ ജീവന് ഭീഷണി: സേവ് ദി ചിൽഡ്രൻ സംഘടന
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഗാസ മുനമ്പിൽ വഷളായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളിൽപ്പെട്ട് നിരവധി കുട്ടികൾ ഭീതിയിലാണ് കഴിയുന്നതെന്ന്, കിഴക്കൻ ജെറുസലേം, ഗാസ മുനമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന പത്രക്കുറിപ്പിറക്കി. സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികളോട്, അടിസ്ഥാനസൗകര്യങ്ങൾ സംരക്ഷിക്കാനും, പൊതുജീവിതം തകരാറിലാക്കുന്ന നിലവിലെ പിരിമുറുക്കങ്ങൾക്ക് അയവുവരുത്താനും സംഘടനാനേതൃത്വം ആവശ്യപ്പെട്ടു. നിലവിലെ അവസ്ഥയിൽ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഈ പ്രദേശങ്ങളിലെ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്.
ഇസ്രായേൽ ചൊവ്വാഴ്‌ച ഈ പ്രദേശങ്ങളിൽ വ്യോമാക്രമണം ആരംഭിച്ചുവെന്ന വാർത്തകളെത്തുടർന്ന് ഇവിടെയെത്തിയ സേവ് ദി ചിൽഡ്രൻ ദേശീയാധ്യക്ഷൻ ജേസൺ ലീ, കുട്ടികളെ കൊല്ലുന്നതും അംഗഭംഗം വരുത്തുന്നതും ഗുരുതരമായ കുറ്റമാണെന്നും, ഇതിനുത്തരവാദികളായവർ തങ്ങളുടെ പ്രവൃത്തികൾക്ക് ഉത്തരം നൽകണമെന്നും ആവശ്യപ്പെട്ടു.
നിലവിലെ ആക്രമണങ്ങൾ രണ്ടു വർഷങ്ങൾക്ക് മുൻപ് മെയ് മാസത്തിൽ പതിനൊന്ന് ദിവസങ്ങൾകൊണ്ട് അറുപത്തിയേഴ് കുട്ടികളുൾപ്പെടെ 261 പലസ്തീനക്കാരുടെ ജീവനെടുത്ത സംഭവത്തിലേക്കാണ് കുട്ടികളുടെ മനസ്സിനെ കൊണ്ടുപോവുകയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഗാസ പ്രദേശത്ത് സുരക്ഷിതമായ ഇടങ്ങൾ ഇല്ലെന്നും, നിലവിലെ ആക്രമണങ്ങൾ പലസ്തീനക്കാരും ഇസ്രയേലികളുമായ കുട്ടികളുടെ ജീവന് ഭീഷണിയെന്നനും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ഗാസ, കിഴക്കൻ ജെറുസലേം തുടങ്ങിയ ഇടങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം, സംരക്ഷണം, മാനസിക, സാമൂഹിക ആരോഗ്യമേഖലകളിലുമാണ് സേവ് ദി ചിൽഡ്രൻ സംഘടന പ്രവർത്തിച്ചുവരുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: