തിരയുക

നവംബർ ഒന്നിന് ഒരു കുട്ടിയുടെ മരണത്തിന് ഇടയായ ആക്രമണം നടന്നയിടം നവംബർ ഒന്നിന് ഒരു കുട്ടിയുടെ മരണത്തിന് ഇടയായ ആക്രമണം നടന്നയിടം  (ANSA)

ഉക്രൈന് നേരെയുളള രാത്രികാല ആക്രമണങ്ങൾ കുട്ടികളുടെ ജീവന് ഭീഷണി: സേവ് ദി ചിൽഡ്രൻ

ഉക്രനെതിരെ റഷ്യ തുടരുന്ന യുദ്ധത്തിന്റെ ഭാഗമായി നടത്തുന്ന രാത്രി ആക്രമണങ്ങൾ കുട്ടികളുടെ ജീവന് പുതിയ ഭീഷണിയുയർത്തുന്നുവെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്ര സംഘടന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഉക്രൈനെതിരെ ഒരു വർഷത്തിലേറെയായി റഷ്യ നടത്തിവരുന്ന യുദ്ധത്തിൽ, അടുത്തിടെ രാത്രികാല ആക്രമണങ്ങൾ വർദ്ധിപ്പിച്ചത്, ഉക്രൈനിലെ കുട്ടികളുടെ ജീവന് പുതിയ ഒരു ഭീഷണിയാണ് ഉയർത്തുന്നതെന്നും, ഏപ്രിൽ മാസത്തേതിനേക്കാൾ 28 ശതമാനം കൂടുതൽ രാത്രികാല ആക്രമണങ്ങൾ റഷ്യ അഴിച്ചുവിട്ടിട്ടുണ്ടെന്നും, കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി ലോകമെമ്പാടും പ്രവർത്തിക്കുന്ന സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന മെയ് 26-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

സാധാരണ ജനജീവിതത്തിന് ഗുരുതര ഭീഷണി ഉയർത്തി തുടരുന്ന ഈ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളോടും, അന്താരാഷ്ട്ര മാനവിക നിയമങ്ങളും, എല്ലാ മനുഷ്യാവകാശങ്ങളും ഉറപ്പു നൽകുന്ന, പൊതുജനജീവിതം, ഭവനങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയവ ആക്രമണത്തിന് ഇരയാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ ആവശ്യപ്പെട്ടു.

ഉക്രൈന് നേരെ മെയ് മാസത്തിൽ മാത്രം 107 മിസൈൽ ആക്രമണങ്ങളും നൂറോളം ഡ്രോൺ ആകമാനങ്ങളും ഉണ്ടായെന്ന് ഉക്രൈൻ വ്യോമയാനമേധാവി അറിയിച്ചു. ഇതുവരെ റഷ്യൻ യുദ്ധവിമാനആക്രമണങ്ങൾ മൂലം 1120 തവണ അപകടസൈറൺ മുഴക്കേണ്ടിവന്നിട്ടുണ്ടെന്നും അതിൽ പകുതിയും രാത്രിസമയത്താണ് ഉണ്ടായിട്ടുള്ളതെന്നും ഉക്രൈൻ അറിയിച്ചതായി സേവ് ദി ചിൽഡ്രൻ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

തുടർച്ചയായ അക്രമങ്ങളും, നിരന്തരം ഉയരുന്ന സൈറണുകളും കുട്ടികളിലും കുടുംബങ്ങളിലും വലിയ ഭീതിയാണുണർത്തുന്നത്. കഴിഞ്ഞ പത്ത് ദിവസങ്ങളിൽ ഒൻപതു ദിവസവും കിയെവ് നഗരത്തിൽ രാത്രികാല മിസൈൽ ആക്രമണങ്ങൾ ഉണ്ടായി. മെയ് 16-ന് കനത്ത വ്യോമാക്രമണമാണ് റഷ്യ ഉക്രൈന് നേരെ അഴിച്ചുവിട്ടത്. അന്ന് മാത്രം ഉക്രൈൻ പ്രതിരോധസേന 18 മിസ്സൈലുകളാണ് തകർത്തത്.

ഉക്രൈനിലെ കുട്ടികൾ ഇപ്പോൾ നടക്കുന്ന കിരാതയുദ്ധത്തിന്റെ വില തങ്ങളുടെ ജീവിതം കൊണ്ട് നൽകുകയാണെന്നും, തന്റെ ഭവനത്തിന് പോലും ആക്രമണങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായെന്നും, സേവ് ദി ചിൽഡ്രൻ ഉക്രൈൻ ഡയറക്ടർ സോണിയ ഖുഷ് പ്രസ്താവിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 May 2023, 17:21