തിരയുക

സങ്കീർത്തനചിന്തകൾ - 22 സങ്കീർത്തനചിന്തകൾ - 22 

ആഴമേറിയ നിരാശയിൽനിന്ന് ഉന്നതമായ പ്രത്യാശയിലേക്ക്

വചനവീഥി: ഇരുപത്തിരണ്ടാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ഇരുപത്തിരണ്ടാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഏറ്റവും കൂടുതൽ പ്രത്യാശയർപ്പിച്ച ഇടങ്ങളിൽ നേരിടേണ്ടിവരുന്ന അപഹാസവും തള്ളിക്കളയലുകളും തകർന്ന ഒരുവന്റെ ഹൃദയത്തിലേൽപ്പിക്കുന്ന വേദന ഏറെ വലുതാണ്. ഏറെ ശക്തമായ വികാരങ്ങളുണർത്തുന്ന ഒരു വിലാപഗാനമാണ് ഇരുപത്തിരണ്ടാം സങ്കീർത്തനം. ദൈവം തന്റെ പിതാക്കന്മാരോടു കാണിച്ച സ്നേഹവും കരുണയും അനുസ്മരിക്കുന്ന സങ്കീർത്തകൻ, അവയുടെ മുന്നിൽ താൻ ഇപ്പോൾ അനുഭവിക്കുന്ന വേദനകളുടെയും തീവ്രമായ ദുഖത്തിന്റെയും അവസ്ഥയെ ദൈവത്തിന് മുന്നിൽ ഇനിയും അവസാനിക്കാത്ത പ്രത്യാശയോടെ അവതരിപ്പിക്കുന്നു. ഉപേക്ഷയുടെ വേദനയുയർത്തുന്ന ജീവിതപ്രതിസന്ധികളിൽ തനിക്ക് ചുറ്റും കൂടാരമടിച്ചിരിക്കുന്ന വൈരികളുടെ സാന്നിദ്ധ്യം ദാവീദ് തിരിച്ചറിയുന്നുണ്ട്. തളർന്ന അവന്റെ ഹൃദയവും ശരീരരവും മനസ്സും പക്ഷെ ഇനിയും പ്രതീക്ഷ കൈവെടിയാതെ ദൈവസ്‌തുതികൾ ഉയർത്തുന്നു. വിസ്മരിക്കപ്പെട്ടതെന്ന് ലോകം കരുതുന്ന ജീവിതങ്ങൾ, ദൈവത്താൽ രക്ഷിക്കപ്പെട്ട്, അവന് സ്തുതിയുയർത്തുന്നത് നന്മയുള്ള മനസ്സുകൾക്ക് ആനന്ദമേകുന്നുണ്ട്. തകർച്ചയുടെയും വേദനകളുടെയും ആഴങ്ങളിലായിരിക്കുന്ന മനുഷ്യർക്ക് പ്രത്യാശയുടെ സ്വരമാകുവാൻ ഇരുപത്തിരണ്ടാം സങ്കീർത്തനത്തിന് കഴിയുന്നുണ്ട്.

വേദനയിൽ സ്മരിക്കപ്പെടുന്ന ദൈവകരുണ

സങ്കീർത്തനത്തിന്റെ ഒന്നുമുതൽ പതിനൊന്ന് വരെയുള്ള വാക്യങ്ങൾ ദുരിതങ്ങളിലൂടെയും വേദനകളിലൂടെയും കടന്നുപോകുന്ന പരിത്യക്തന്റെ വിലാപസ്വരമാണ്. അനന്തമായ കാരുണ്യത്തോടെ തന്റെ പിതാക്കന്മാർക്ക് അനുഗ്രഹമായി നിന്നിരുന്ന ഇസ്രയേലിന്റെ നാഥനെയാണ് അവൻ തന്റെ വേദനകളിൽ അനുസ്മരിക്കുന്നത്. ദൈവത്തിൽ ശരണം വെച്ചവർ നിരാശരായിട്ടില്ലെന്ന്, അവരുടെ അടിമത്തങ്ങളിൽനിന്ന് ദൈവം അവരെ മോചിപ്പിച്ചുവെന്ന് ദാവീദ് അനുസ്മരിക്കുന്നു. മാതാവിന്റെ ഉദരത്തിൽ തനിക്ക് ജന്മമേകിയ, അവളുടെ മാറിടത്തിൽ സ്നേഹത്തിന്റെ സുരക്ഷിതത്വം നൽകിയ ദൈവം, അമ്മയുടെ ഉദരം മുതലേ തനിക്ക് സഹായകമായ ദൈവമായിരുന്നു (സങ്കീ. 22, 9-10). ആ കർത്താവിന്റെ മുൻപിലാണ് സങ്കീർത്തകൻ സഹായമപേക്ഷിക്കുന്നത്. അവന്റെ വേദനയുടെ കാരണത്തെയും പാരമ്യത്തെയും ഒന്നാം വാക്യം വ്യക്തമാക്കുന്നുണ്ട്. "എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു! എന്നെ സഹായിക്കാതെയും എന്റെ രോദനം കേൾക്കാതെയും അകന്നു നിൽക്കുന്നതെന്തുകൊണ്ട്?" (സങ്കീ. 22, 1). എല്ലാ ശരണവും അർപ്പിച്ച, രക്ഷിക്കുമെന്നും കൂടെയുണ്ടാകുമെന്നും പ്രതീക്ഷിച്ച ഇടങ്ങളിൽ ഉപേക്ഷിക്കപ്പെട്ടുവെന്നും, തന്റെ ജീവിതം മറ്റുള്ളവർക്ക് പരിഹാസവിഷയമായെന്നും തോന്നലുളവാകുമ്പോൾ, ദുരിതങ്ങളിൽ തനിക്ക് സഹായത്തിനാരുമില്ലെന്നും, ദൈവം പോലും തന്നെ കൈവിട്ടുവെന്നും ഹൃദയം വേദനിക്കുമ്പോൾ ഏതൊരു മനുഷ്യന്റെയും ഉള്ളിലുയരുന്ന ചിന്തകളാണ് സങ്കീർത്തനത്തിലൂടെ ദാവീദ് എഴുതിവയ്ക്കുക. കർത്താവിൽ അഭയം തേടിയവർ ഭഗ്നാശരാകില്ലെന്ന്, അവന്റെ കരുണ അനന്തമാണെന്ന് ജീവിതത്തിൽ ഉറച്ചുവിശ്വസിക്കാൻ കഴിയുന്ന മനുഷ്യർക്ക് എത്ര വലിയ തകർച്ചകളും ദൈവത്തിന്റെ ഹൃദയത്തോട് ചേർന്നുനിന്ന് അതിജീവിക്കാനാകും.

ദുരിതങ്ങളുടെ ആഴക്കയങ്ങൾ

സഹനത്തിന്റെ പാതയിൽ ആയിരിക്കുന്ന ദാവീദിന്റെ ജീവിതത്തെയാണ് സങ്കീർത്തനത്തിന്റെ പന്ത്രണ്ടു മുതൽ ഇരുപത്തിയൊന്ന് വരെയുള്ള വാക്യങ്ങൾ വിവരിക്കുന്നത്. വീണുപോയവന്റെ അരികിൽ വേദനയേറ്റിക്കൊണ്ടും അപഹാസത്തിന്റെ മുനയോടെയും ബാഷനിലെ കാളക്കൂറ്റന്മാരെപ്പോലെയും അലറിയടുക്കുന്ന സിംഹത്തെപ്പോലെയും ശത്രു പാഞ്ഞടുക്കുന്നത്‌ സങ്കീർത്തകൻ വിവരിക്കുമ്പോൾ, ഒറ്റപ്പെടലിന്റെയും നിസ്സഹായതയുടെയും വ്യക്തമായ ഒരു ചിത്രമാണ് നമുക്ക് കാണാനാകുക. ഒഴിച്ചുകളഞ്ഞ വെള്ളം, ഉലഞ്ഞ സന്ധിബന്ധങ്ങൾ, മെഴുകുപോലെ ഉരുകിയ ഹൃദയം, ഉണങ്ങിവരണ്ട നാവ് ഇങ്ങനെ സഹനത്തിന്റെയും നിരാശയുടെയും അതിതീവ്രമായ ഒരു ജീവിതാവസ്ഥയിലൂടെ കടന്നുപോകുന്ന ഒരുവന്റെ ജീവിതം ദൈവം പോലും ഉപേക്ഷിച്ച ഒരുവന്റെ ജീവിതമെന്ന തോന്നലാണ് ഉളവാക്കുന്നത്.  മരണത്തിന്റെ താഴ്വാരങ്ങളിലാണ് താൻ ജീവിക്കുന്നതെന്ന്, തനിക്ക് ചുറ്റും അധർമ്മികളായ മനുഷ്യർ നായ്ക്കളെപ്പോലെ തന്നെ വേട്ടയാടുന്നുവെന്ന്, തന്റെ കൈകാലുകൾ അവർ കുത്തിത്തുളയ്ക്കുന്നുവെന്ന്, തന്റേതായതെല്ലാം അവർ പങ്കിട്ടെടുക്കുന്നുവെന്ന് സങ്കീർത്തകൻ വിലപിക്കുന്നു.

അതിശക്തമായ തിന്മയുടെ വേദനകളിലൂടെ കടന്നുപോകുമ്പോഴും ഇനിയും അവസാനിക്കാത്ത, ഒരു ദുരിതത്തിനും തകർക്കാനാകാത്ത വിശ്വാസത്തിനുടമയാണ് സങ്കീർത്തകൻ. അതുകൊണ്ടാണ് "കർത്താവെ, അങ്ങ് അകന്നിരിക്കുകരുതേ! എനിക്ക് തുണയായവനെ, എന്റെ സഹായത്തിനു വേഗം വരണമേ! എന്റെ ജീവനെ വാളിൽനിന്നും രക്ഷിക്കണമേ! എന്നെ നായുടെ പിടിയിൽനിന്നു മോചിപ്പിക്കണമേ!" (സങ്കീ. 22, 19-21) എന്ന് അവൻ എല്ലാം അവസാനിച്ചുവെന്ന് ലോകം കരുതുന്ന നിമിഷങ്ങളിലും ദൈവത്തോട് നിലവിളിച്ചപേക്ഷിക്കുന്നത്. അസാധ്യതകളുടെ ഇടങ്ങളിലും എല്ലാം സാധ്യമാക്കുന്നവനാണ് ദൈവം.

പീഡിതന് തുണയാകുന്ന ദൈവം

സങ്കീർത്തനത്തിന്റെ ഇരുപത്തിരണ്ടു മുതലുള്ള വാക്യങ്ങൾ പുതിയൊരു തലത്തിലേക്കാണ് നമ്മുടെ ഹൃദയങ്ങളെ നയിക്കുന്നത്. തീവ്രമായ വേദനകളുടെയും അതിശക്തമായ നിരാശയുടെയും ലോകത്ത് ദൈവം പോലും തന്നെ ഉപേക്ഷിച്ചുവോ എന്ന ചിന്തയിൽ വിലപിച്ച, ചുറ്റും കൂടിയിരിക്കുന്ന ശത്രുക്കളുടെയും ജീവിതത്തിലെ പ്രതിസന്ധികളുടെയും മുന്നിൽ തളർന്നുപോയതെന്ന് കരുതിയ സങ്കീർത്തകൻ, ഇനിയും അവസാനിക്കാത്ത വിശ്വാസത്തോടെ, തകരാത്ത വിശ്വസ്തതയോടെ, ദൈവം തന്നെ അവഗണിക്കുകയോ, പുച്ഛിക്കുകയോ ചെയ്തിട്ടില്ലെന്ന ബോധ്യം വീണ്ടെടുത്ത്, ദൈവത്തെ സ്തുതിക്കുകയും, ഏവരെയും തന്റെ സ്തുതിയുടെ ആലാപനത്തിൽ പങ്കുചേരാൻ ക്ഷണിക്കുകയും ചെയ്യുന്നു: "കർത്താവിന്റെ ഭക്തരേ, അവിടുത്തെ സ്തുതിക്കുവിൻ, യാക്കോബിന്റെ സന്തതികളെ, അവിടുത്തെ മഹത്വപ്പെടുത്തുവിൻ, ഇസ്രായേൽ മക്കളേ അവിടുത്തെ സന്നിധിയിൽ ഭയത്തോടെ നിൽക്കുവിൻ. എന്തെന്നാൽ പീഡിതന്റെ കഷ്ടതകൾ അവിടുന്ന് അവഗണിക്കുകയോ പുച്ഛിക്കുകയോ ചെയ്തില്ല; തന്റെ മുഖം അവനിൽനിന്ന് മറച്ചുമില്ല; അവൻ വിളിച്ചപേക്ഷിച്ചപ്പോൾ അവിടുന്ന് കേട്ടു" (സങ്കീ. 22, 23-24). കർത്താവിനെ അന്വേഷിക്കുന്നവർ, അവന്റെ സഹായം തേടുന്നവർ നിരാശരാകില്ലെന്ന്, എത്രയധികം സഹനങ്ങളിലൂടെ കടന്നുപോകേണ്ടിവന്നാലും ദൈവം തന്റെ കരുണയുടെ മുഖവുമായി അവർക്കൊപ്പമുണ്ടാകുമെന്ന്, സഹായത്തിനായി വിളിച്ചപേക്ഷിക്കുമ്പോൾ ശ്രവിച്ച് ഉത്തരമരുളുമെന്ന് സങ്കീർത്തകൻ ഉറപ്പുതരുന്നു.

ഭൂമിയുടെ അതിർത്തികൾവരെയും ഏവരും കർത്താവിന്റെ നാമം തേടുമെന്ന്, സകല ജനതകളും അവിടുത്തെ സന്നിധിയിൽ ആരാധനായർപ്പിക്കുമെന്ന് ദാവീദ് പ്രവാചകസ്വരത്തിൽ പറയുന്നത് നമുക്ക് സങ്കീർത്തനത്തിന്റെ അവസാനവാക്യങ്ങളിൽ കാണാനാകും. ഏവർക്കും അഭയമേകുന്ന, സഹനങ്ങളിൽ തുണയാകുന്ന, വേദനകളിൽ ആശ്വാസമാകുന്ന, തന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത ദൈവമാണ് ഇസ്രയേലിന്റെ കർത്താവ്. സകലരും അവനു മുൻപിൽ പ്രണമിക്കുന്ന, അവനെ സേവിക്കുന്ന, ഇസ്രയേലിന്റെ നാഥനെ സ്തുതിക്കുന്ന ഒരു ദിനമാണ് സങ്കീർത്തകൻ മുൻപേ കാണുന്നത്. കർത്താവായ ദൈവമാണ് ഏകവിമോചകനെന്ന് തലമുറകളോട് തലമുറകൾ വിളിച്ചുപറയുന്ന പ്രത്യാശയുടെയും ആശ്വാസത്തിന്റെയും ദിനങ്ങൾ ലോകത്തിന് പ്രതീക്ഷയും ആനന്ദവുമേകും.

സങ്കീർത്തനം ജീവിതത്തിൽ

ഇരുപത്തിരണ്ടാം സങ്കീർത്തനവരികളിലൂടെ കടന്നുപോകുമ്പോൾ ഒരുപാട് സാധാരണ മനുഷ്യരുടെ ജീവിതസാഹചര്യങ്ങളിലൂടെയാണ് സങ്കീർത്തകൻ നമ്മെ നയിക്കുന്നത്. എത്രയധികം ദുരിതങ്ങൾ നേരിടേണ്ടിവന്നാലും പ്രത്യാശ കൈവെടിയാതിരിക്കാൻ, എത്രയധികം ഒറ്റപ്പെടലുകളിലൂടെ കടന്നുപോകേണ്ടിവന്നാലും ദൈവത്തിൽ ഉപേക്ഷിക്കാത്ത ആശ്രയം കണ്ടെത്താൻ, ശത്രുക്കൾ എത്രയധികം ഭീഷണിയുയർത്തിയാലും, വേദനകൾ നമ്മുടെ ജീവിതത്തെ ഭാരപ്പെടുത്തിയാലും, ഇസ്രയേലിന്റെ നാഥനിൽ കൈവിടാത്ത അഭയവും ഒരമ്മയുടെ മാറിടത്തിന്റെ സുരക്ഷിതത്വവും കണ്ടെത്താൻ ഈ സങ്കീർത്തനവരികൾ നമ്മെ ക്ഷണിക്കുന്നുണ്ട്. ദൈവകരങ്ങളിലേക്കാണ് നാം പിറന്നുവീണതെന്ന ബോധ്യം നമുക്ക് കൈവെടിയാതിരിക്കാം. ഒരമ്മയെക്കാൾ സ്നേഹത്തോടെ നമ്മെ കരുതുന്ന ദൈവത്തെ ലോകത്തിന്റെ അതിരുകളോളം അറിയിക്കാനും, ജനതകൾക്കൊപ്പം അവന് ആരാധനയർപ്പിക്കാനും അവന്റെ സ്തുതികൾ ആലപിക്കാനും സങ്കീർത്തകനൊപ്പം നമുക്കും പരിശ്രമിക്കാം. തന്റെ അനന്തമായ കരുണയും ആശ്വാസദായകമായ വരപ്രസാദങ്ങളും സർവ്വപ്രപഞ്ചത്തിന്റെയും നാഥനായ ദൈവം നമ്മിൽ ചൊരിയട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 May 2023, 13:39