മോഖ ചുഴലിക്കാറ്റ് കുട്ടികളുടെ സ്ഥിതി അതിദയനീയമാക്കുന്നു
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
മെയ് മാസം പതിനാലാം തീയതി ബംഗ്ലാദേശിന്റെയും മ്യാൻമറിന്റെയും ചില ഭാഗങ്ങളിൽ ആഞ്ഞടിച്ച മോഖ ചുഴലിക്കാറ്റ് ദശലക്ഷക്കണക്കിന് കുട്ടികളെ ഭവനരഹിതരാക്കുകയും, സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.ആഭ്യന്തര യുദ്ധം മൂലം കുടിയിറക്കപ്പെട്ട റോഹിൻഗ്യൻ അഭയാർത്ഥികളുടെ സ്ഥിതിയാണ് അതിദയനീയമായി തുടരുന്നത്. കോക്‌സ് ബസാറിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി കേന്ദ്രത്തിലെ കുട്ടികൾ ജലജന്യരോഗങ്ങളുടെയും, സാംക്രമികരോഗങ്ങളുടെയും പിടിയിലാണെന്നത് സ്ഥിതി സങ്കീർണമാക്കുന്നു.
കൊടുങ്കാറ്റ് ദുർബലമായെങ്കിലും , വീടുകൾ , ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ, സ്കൂളുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ നാശം വളരെയധികമാണ്. ദുരിതബാധിതരായ ലക്ഷക്കണക്കിന് ആളുകളിൽ പലരും അഭയാർത്ഥികളോ, കുടിയിറക്കപ്പെട്ടവരോ ആണെന്നതും സാധാരണമായ ജീവിതത്തിലേക്കുള്ള മടക്കയാത്ര ദുരിതപൂർണ്ണമാക്കുന്നു.
2019ലെ ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ഫാനിക്കൊപ്പം വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് മോഖ ചുഴലിക്കാറ്റ്.സമീപ വർഷങ്ങളിൽ ദുരന്ത നിവാരണ ശ്രമങ്ങൾ ചുഴലിക്കാറ്റുകളിൽ മരിക്കുന്നവരുടെ എണ്ണം കുറച്ചെങ്കിലും കാലാവസ്ഥാ വ്യതിയാനം ആ പുരോഗതിയെ തടസപ്പെടുത്തുന്നുവെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: