തിരയുക

കാരുണ്യവധം കാരുണ്യവധം 

ജീവൻറെ കാര്യത്തിൽ ശാസ്ത്രത്തിനും സാങ്കേതിക വിദ്യയ്ക്കും പരിമിതികളുണ്ട്!

ഇസ്രായേലിലെ യഹൂദ പരമാധികാരസമിതിയായ “ചീഫ് റബിനേറ്റി” ൻറെയും യഹൂദമതവുമായുള്ള മതപരമായ ബന്ധങ്ങൾക്കായുള്ള വത്തിക്കാൻസംഘത്തിൻറെയും ഉഭയകഷിസമിതിയുടെ പതിനേഴാമത് സമ്മേളനത്തിൻറെ സംയുക്ത പ്രസ്താവന.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മനുഷ്യ ജീവൻറെമേൽ മനുഷ്യൻറെ ഉടമസ്ഥത, മനുഷ്യജീവൻറെ മൂല്യം കൂട്ടാനോ കുറയ്ക്കാനോ ഏതൊരു മാനവ വിഭാഗത്തിനും അവകാശം ഉണ്ട് എന്നീ ആശയങ്ങളെ  യഹൂദ കത്തോലിക്കാ ഉഭയക്ഷി സമിതി തള്ളിക്കളയുന്നു.

ജീവൻ, ആദരിക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതും ആയ ഒരു ദൈവിക ദാനമാണ് എന്നതാണ് ഈ നിലപാടിന് കാരണമെന്ന് ഈ സമിതി വ്യക്തമാക്കുകയും ചെയ്യുന്നു.

ഇസ്രായേലിലെ യഹൂദ പരമാധികാരസമിതിയായ “ചീഫ് റബിനേറ്റി” ൻറെയും യഹൂദമതവുമായുള്ള മതപരമായ ബന്ധങ്ങൾക്കായുള്ള വത്തിക്കാൻസംഘത്തിൻറെയും ഉഭയകഷിസമിതിയുടെ പതിനേഴാമത് സമ്മേളനത്തിൻറെ സംയുക്ത പ്രസ്താവനയിലാണ് ഈ നിരാകരണം ഉള്ളത്.

ജെറുസലേമിൽ മെയ് 2-4 വരെയും ഇയാറിൽ 11-13 വരെയും, രണ്ടുഘട്ടമായി നടന്ന ഈ സമ്മേളനത്തിൻറെ വിചിന്തന പ്രമേയം “മരണാസന്ന രോഗിയോടുള്ള യഹൂദ, കത്തോലിക്കാ സമീപനങ്ങൾ: നിരോധിതവും അനുവദനീയവും നിർബന്ധിതവും” എന്നതായിരുന്നു.

ദയാവധം, വൈദ്യൻറെ സഹായത്തോടെയുള്ള ആത്മഹത്യ തുടങ്ങിയ നടപടികളെയും ഈ യഹൂദ കത്തോലിക്കാസമിതി എതിർക്കുന്നു. കാരണം ഈ നടപടികൾ, ഒരു വ്യക്തിയുടെ മരണ സമയം നിർണ്ണയിക്കാനുള്ള സവിശേഷ ദൈവിക അധികാരത്തിന്മേലുള്ള മനുഷ്യൻറെ അന്യായമായ കടന്നുകയറ്റമാണ് എന്ന് ഈ സംയുക്ത സമിതി കുറ്റപ്പെടുത്തുന്നു.

സാങ്കേതികമായി സാധ്യമായതെല്ലാം ധാർമ്മികമായിരിക്കണമെന്നില്ല എന്ന വസ്തുത അംഗീകരിച്ചുകൊണ്ട് ശാസ്ത്രവും സാങ്കേതികവിദ്യയും പ്രായോഗികമാക്കുന്നതിൽ ചില പരിധികൾ കല്പിക്കേണ്ടതുണ്ട് എന്ന് ഈ സമിതി വ്യക്തമാക്കുന്നു.  സഹാനുഭൂതിയോടുകൂടിയ സാന്ത്വനചികിത്സയ്ക്കും വേദനയും സഹനവും പരമാവധി കുറയ്ക്കുന്നതിനും ഈ സമിതി പ്രത്യേക ഊന്നൽ നല്കുന്നു.

ജീവിതാന്ത്യത്തെ സംബന്ധിച്ച കാര്യത്തിൽ നൈതികവും  മതപരവുമായ സങ്കീർണ്ണതകൾ നിലനില്ക്കുന്നതിനാൽ ഓരോ അവസ്ഥയും അതതിൻറെ പ്രത്യേക സാഹചര്യങ്ങളും ആവശ്യങ്ങളും കണക്കിലെടുത്ത് കൈകാര്യം ചെയ്യേണ്ടതിൻറെ ആവശ്യകത കത്തോലിക്കാ-യഹൂദ പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 May 2023, 17:29